X

ഛത്തീസ്ഗഡ് പോളിങ് മന്ദഗതിയില്‍; മൂന്ന് മണി വരെ 47.18 ശതമാനം പോളിങ്

റായ്പൂര്‍: ഛത്തീസ്ഗഡ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇന്നാരംഭിച്ച ആദ്യഘട്ട വോട്ടെടുപ്പ് മന്ദഗതിയില്‍. മാവോയിസ്റ്റ് ബാധിത മേഖലകളായ എട്ടു ജില്ലകളിലെ 18 മണ്ഡലങ്ങളിലേക്കായി നടന്ന ആദ്യഘട്ട വോട്ടെടുപ്പില്‍ 47.18 ശതമാനം പോളിങ് മാത്രമാണ് ഇതുവരെ രേഖപ്പെടുത്തിയത്. അതീവ പ്രശ്‌ന ബാധിത മേഖലയായ മണ്ഡലങ്ങളിലെ വോട്ടെടുപ്പ് മൂന്ന് മണിയോടെ അവസാനിച്ചു. ശേഷിച്ച മണ്ഡലങ്ങളില്‍ ഇപ്പോഴും പോളിങ് നടക്കുകയാണ്.

തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്താല്‍ ശക്തമായ നടപടി നേരിടേണ്ടി വരുമെന്ന മാവോയിസ്റ്റ് ഭീഷണിയുടെ പശ്ചാതലത്തില്‍ പോളിങ് നടക്കുന്നത്. ഇതാണ് ശതമാനത്തില്‍ കുറവ് വരാന്‍ കാരണം. തെരഞ്ഞെടുപ്പിന് മുന്നോടിയായി മാവോയിസ്റ്റുകള്‍ നിരവധി ആക്രമണങ്ങളാണ് നടത്തിയത്.

അതേസമയം വോട്ടെടുപ്പിനായി ഒരു ലക്ഷം സുരക്ഷാ ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിട്ടുള്ളത്. സമാധാനപരമായ വോട്ടെടുപ്പ് ഉറപ്പുവരുത്തുന്നതിനായി കേന്ദ്ര പാരമിലിറ്ററി സേന ഉള്‍പ്പെടെയുള്ളവരെയാണ് നിയോഗിച്ചിട്ടുള്ളത്. വോട്ടെടുപ്പിന് തൊട്ടുമുന്നേയായി വിവിധ ബൂത്തുകള്‍ക്ക് സമീപത്തുനിന്നും സ്‌ഫോടന വസ്തുകള്‍ കണ്ടെത്തിയിട്ടുണ്ട്. വോട്ടെടുപ്പ് ആരംഭിച്ച ദന്തേവാഡയില്‍ പുലര്‍ച്ചെ 7മണിക്ക് സ്‌ഫോടനം നടന്നു. അപകടത്തില്‍ പരിക്കൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

കഴിഞ്ഞ 10 ദിവസത്തിനിടെ മാവോയിസ്റ്റുകള്‍ സ്‌ഫോടനത്തിനായി സ്ഥാപിച്ച 300 ഐ.ഇ.ഡികളാണ് സുരക്ഷാ സേന കണ്ടെടുത്തത്. 650 കമ്പനി സി.ആര്‍.പി.എഫ്, ബി.എസ്.എഫ്, ഐ.ടി.ബി.പി സൈനികരെയാണ് സുരക്ഷക്കായി ഉപയോഗിച്ചതെന്ന് ചത്തീസ്ഗഡ് ഡി.ജി ഡി.എം അശ്വതി പറഞ്ഞു. ഇതിനു പുറമെ 200 കമ്പനി നക്‌സല്‍ വിരുദ്ധ സേനക്കാരെയും സുരക്ഷക്കായി വിനിയോഗിച്ചിട്ടുണ്ട്. പോളിങ് ബൂത്തുകളിലേക്ക് പോളിങ് സാമഗ്രികള്‍ ഹെലികോപ്റ്റര്‍ വഴിയാണ് എത്തിച്ചത്. സുരക്ഷ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി മധ്യപ്രദേശ്. മഹാരാഷ്ട്ര, തെലങ്കാന, ആന്ധ്ര, ഒഡീഷ അതിര്‍ത്തികളിലും അതീവ ജാഗ്രത പുലര്‍ത്തുന്നുണ്ട്. അതീവ പ്രശ്‌ന ബാധിത മേഖലയായ മൊഹ്്‌ല-മാന്‍പൂര്‍, അനന്തഗഡ്, ഭാനുപ്രതാപ്പൂര്‍, കന്‍കര്‍, കേശ്കല്‍, കൊണ്ടേഗാവ്, നാരായണ്‍പൂര്‍, ദന്തേവാഡ, ബിജാപൂര്‍, കൊണ്ട എന്നീ പത്ത് മണ്ഡലങ്ങളില്‍ രാവിലെ ഏഴു മുതല്‍ വൈകീട്ട് മൂന്നു മണിവരെയാണ് വോട്ടെടുപ്പ്. മറ്റ് എട്ടു മണ്ഡലങ്ങളില്‍ രാവിലെ എട്ടു മുതല്‍ വൈകീട്ട് അഞ്ചുമണി വരെയും വോട്ടെടുപ്പ് നടക്കും. ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്ന 18ല്‍ 12 ഇടത്തും 2013ല്‍ കോണ്‍ഗ്രസാണ് വിജയിച്ചിരുന്നത്.

chandrika: