X

ചെർപുളശ്ശേരി മുനിസിപ്പാലിറ്റിയെ വാർഡ് വിഭജനത്തിൽ നിന്നും ഒഴിവാക്കി

ചെർപുളശ്ശേരി മുനിസിപ്പാലിറ്റിയിൽ വാർഡ് വിഭജന പ്രക്രിയ ഒഴിവാക്കിയതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ ഹൈക്കോടതിയെ അറിയിച്ചു. 2011 ലെ സെൻസസ് പ്രകാരം 2015 ൽ വാർഡ് വിഭജനം നടന്നതും 2024 ലെ അംഗസംഖ്യ നിശ്ചയിക്കൽ വിജ്ഞാപന പ്രകാരം വാർഡുകളുടെ എണ്ണത്തിൽ മാറ്റമില്ലാത്തതുമായ തദ്ദേശസ്ഥാപനങ്ങളിൽ വാർഡ് വിഭജനം നടത്തുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് കാണിച്ച് ഒക്ടോബർ 22നാണ് ചെർപ്പുളശ്ശേരിയിലെ യുഡിഎഫ് നേതാക്കളായ ഷാനവാസ് ബാബു, സുബീഷ് എന്നിവർ അഡ്വ മുഹമ്മദ് ഷാ മുഖാന്തിരമാണ് ഹൈക്കോടതിയെ സമീപിച്ചത്.

2011ലെ സെൻസസ് പ്രകാരം സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളിലെ വാർഡുകളുടെ എണ്ണം നിശ്ചയിച്ചുകൊണ്ട് സംസ്ഥാന സർക്കാർ ഉത്തരവിറക്കിയിരുന്നു. ഇത് പ്രകാരം 8 മുനിസിപ്പാലിറ്റികളിൽ വാർഡുകളുടെ എണ്ണത്തിൽ വർദ്ധനവില്ല. എന്നാൽ ഇത്തരത്തിലുള്ള തദ്ദേശസ്ഥാപനങ്ങളിലും വാർഡുകളുടെ നിലവിലുള്ള അതിരുകൾ പുനർനിർണിക്കണമെന്ന് ഡീലിമിറ്റേഷൻ കമ്മീഷൻ വിഭജനം സംബന്ധിച്ച മാർഗ്ഗരേഖയിൽ വ്യക്തമാക്കിയിരുന്നു. ഇത് പ്രകാരം ഇത്തരത്തിലുള്ള തദ്ദേശസ്ഥാപനങ്ങളും വാർഡ് വിഭജന റിപ്പോർട്ട് തയ്യാറാക്കി ജില്ലാ കലക്ടർക്ക് കഴിഞ്ഞ 25ന് സമർപ്പിച്ചിരുന്നു.

വാർഡുകളുടെ എണ്ണം വർദ്ധിക്കാത്ത തദ്ദേശസ്ഥാപനങ്ങളിൽ മുഴുവൻ വാർഡുകളുടെയും അതിരുകൾ പുനർനിർണയിക്കണമെന്ന് മാർഗരേഖ ചട്ട വിരുദ്ധമാണെന്ന് പരാതിക്കാർ വാദിച്ചു. നേരത്തെ ഹരജി ഫയലിൽ സ്വീകരിച്ച കോടതി സംസ്ഥാന സർക്കാരിനും ഡീലിമിറ്റേഷൻ കമ്മീഷനും നോട്ടീസ് നൽകിയിരുന്നു. കേസ് ഇന്ന് വീണ്ടും പരിഗച്ചപ്പോഴാണ് ചട്ട വിരുദ്ധമായ നീക്കത്തിൽ നിന്ന് പിന്മാറിക്കൊണ്ട് ഉത്തരവിറക്കിയതായി ഡിലിമിറ്റേഷൻ കമ്മീഷൻ്റെ അഭിഭാഷകൻ അറിയിച്ചത്. എന്നാൽ എണ്ണം വർധിക്കാത്ത മറ്റ് തദ്ദേശസ്ഥാപനങ്ങളിലും വാർഡുകളുടെ അതിരുകൾ പുനക്രമീകരിക്കും. ഇവിടങ്ങളിൽ 2011 ലെ സെൻസസ് പ്രകാരം വിഭജനം നടന്നിട്ടില്ല എന്നാണ് ഡീലിമിറ്റേഷൻ കമ്മീഷണൻറെ വാദം .

webdesk14: