X

വിശ്രമമില്ലാതെ… ചിട്ടയൊത്ത ജീവിതം…

ശരീഫ് കരിപ്പൊടി
കാസര്‍ക്കോട്

രാഷ്ട്രീയ രംഗത്ത് അടുക്കുംചിട്ടയുമുള്ള ജീവിതം സാധ്യമല്ലെന്നത് നേര്. ചിട്ടപ്പെടുത്തിയ ജീവിതമെന്നത് ആലങ്കാരിമായ വിശേഷണമാണെങ്കിലും ചെര്‍ക്കളം അബ്ദുള്ളയെ സംബന്ധിച്ചിടത്തോളം അത് അലങ്കാരത്തിനപ്പുറമാണ്. മന്ത്രിയെന്ന ഉന്നതമായ പദവിയിലിരിക്കുമ്പോഴും താഴേത്തട്ടില്‍ വിവിധ മേഖലകളില്‍ നേതൃപദവിയിലിരിക്കുമ്പോഴും ചെര്‍ക്കളത്തിന് മാറ്റമില്ല.

ഏതുകാര്യവും നിഷ്ഠയോടെയും കൃത്യതയോടെയും ചെയ്ത് തീര്‍ക്കുകയെന്നതാണ് അദ്ദേഹം ഊന്നുന്ന മര്‍മം. ദൈനംദിന പ്രവര്‍ത്തനങ്ങളിലും കൃത്യനിഷ്ഠ പ്രകടമാണ്. ഓഫീസിലെത്തുന്ന ഓരോ ഫയലും അതിന്റെ ഇരിപ്പുവശവും അദ്ദേഹത്തിനറിയാം. അതുകൊണ്ട് അവ നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടാകുന്നില്ല. അസുഖ ബാധിതനായി വിശ്രമത്തിലിരിക്കുമ്പോഴും ഓഫീസ് കാര്യങ്ങളില്‍ അതീവ ശ്രദ്ധാലുവായിരുന്നു.

വേണ്ടാത്തിടത്ത് വിട്ടുവീഴ്ചയ്ക്ക് നില്‍ക്കാത്ത പ്രകൃതക്കാരനായിരുന്നു ചെര്‍ക്കളം. എന്തെങ്കിലുമൊന്ന് തീരുമാനിച്ചാല്‍ ലക്ഷ്യം കൈവരിക്കുന്നത് വരെ അതിന്റെ പിന്നാലെയുണ്ടാകും. ഒരു യോഗം വിളിക്കണമെന്ന് തീരുമാനിച്ചാല്‍ നിശ്ചിത സമയം അത് വിളിച്ചിരിക്കും. നിര്‍ദേശിച്ചാല്‍ നിര്‍ദേശം പാലിക്കണം. അല്ലെങ്കില്‍ ഏത്രവലിയ സൗഹൃദക്കാരനാണെങ്കിലും ദേഷ്യപ്പെടും. ഒരിക്കല്‍ ജില്ലയിലെ ഒരു ഡെപ്യൂട്ടി കലക്ടര്‍ സാന്ദര്‍ഭികമായി പറഞ്ഞുവത്രെ. ചെര്‍ക്കളം കൊടുത്തയക്കുന്ന ഫയലുകള്‍ ഞങ്ങള്‍ അധികം വെച്ച് താമസിപ്പിക്കാറില്ല. കാരണം മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തമായി അയാള്‍ ഫയലുകള്‍ ഫോളോ അപ്പ് ചെയ്യും.

വസ്ത്രധാരണയിലും ചിട്ടയും നിഷ്ഠയും പാലിക്കുകയും അത് മുറതെറ്റാതെ കൊണ്ടുനടക്കുകയും ചെയ്യുകയെന്നത് അദ്ദേഹത്തിന്റെ സവിശേഷതയായിരുന്നു.
ചെര്‍ക്കളം ഏറ്റ പരിപാടികളില്‍ എത്താത്ത ചരിത്രമില്ല. പരിപാടികളില്‍ നേരത്തെ എത്തും. സമയത്ത് തുടങ്ങാത്ത എത്രയോ പരിപാടികളില്‍ നിന്നും ഇറങ്ങിപ്പോയ സംഭവവും മുതിര്‍ന്നവരുടെ ഓര്‍മയിലുണ്ട്.

വിശ്രമമറിയാത്തതായിരുന്നു ചെര്‍ക്കളത്തിന്റെ രാഷ്ട്രീയ ജീവിതം. നേതൃത്വ പദവി മുതല്‍ മന്ത്രി പദവി വരെ ഒരു നിമിഷം പോലും വെറുതെ കളയില്ല. എന്നും ഏതുനേരവും എന്തെങ്കിലുമൊക്കെ ചെയ്യാന്‍ താല്‍പര്യം കാണിച്ചിരുന്ന അദ്ദേഹം ജനസേവനം ജീവിത ചര്യയാക്കി മാറ്റുകയായിരുന്നു. ചെര്‍ക്കളം നാടിന്റെയും നാട്ടുകാരുടെയും വാക്കുംനോക്കുമായിരുന്നു. ജനങ്ങളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതില്‍ അഭിമാനം കൊള്ളുകയായിരുന്നു അദ്ദേഹം ഇന്നലെ വരെ.

ചന്ദ്രിക പ്രചാരണത്തിന് കാസര്‍കോട് ജില്ലയില്‍ ശ്രമംതുടങ്ങിയപ്പോള്‍ അന്നത്തെ ചന്ദ്രിക ഡയറക്ടര്‍ പരേതനായ കെഎസ് അബ്ദുല്ലയുമൊത്ത് ജില്ലയിലുടനീളം സഞ്ചരിക്കുകയും അതിനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്തു. ചന്ദ്രികയുടെ കാര്യത്തില്‍ ഏറെ താല്‍പര്യം കാണിച്ചു. കാസര്‍കോട് ജില്ലയില്‍ നിരന്തരം പ്രവര്‍ത്തിക്കാന്‍ സമയം കണ്ടെത്തി. കെഎസ് അബ്ദുല്ലയും ചെര്‍ക്കളവും ചേര്‍ന്ന് പ്രചാരണ രംഗത്തിറങ്ങുമ്പോള്‍ അതേറെ ഫലം ചെയ്തിട്ടുണ്ട്.

നാടിന്റെ വികസനം ത്വരിതപ്പെടുത്തുന്നതിനുള്ള പരാതിക്കെട്ടുകളുമായി തന്റെ ആരോഗ്യസ്ഥിതി പോലും വകവെക്കാതെ മാസത്തില്‍ ശരാശരി ആറുതവണ തിരുവനന്തപുരത്തേക്ക് യാത്ര ചെയ്യുന്ന ചെര്‍ക്കളം ഒട്ടുമിക്ക യാത്രയും ട്രെയിനിലെ സ്ലീപ്പര്‍ കോച്ചിലായിരിക്കും. ട്രെയിന്‍ വൈകുകയാണെങ്കില്‍ ട്രെയിനില്‍ വെച്ച് കുളിയും മറ്റും കഴിച്ച് അസംബ്ലിയിലെത്തിയ ഒട്ടേറെ അനുഭവങ്ങളും ചെര്‍ക്കളത്തിന്റെ പൊതുജീവിതത്തിലുണ്ട്.

chandrika: