X

രാഷട്രീയ മാറ്റത്തിന്റെ സൂചന നല്‍കി ചെറിയാന്‍ ഫിലിപ്പ്; പ്രതികരണങ്ങള്‍ക്കായി യുട്യൂബ് ചാനല്‍

രാഷട്രീയ മാറ്റത്തിന്റെ സൂചന നല്‍കി ചെറിയാന്‍ ഫിലിപ്പ്.ചെറിയാന്‍ ഫിലിപ്പ് പ്രതികരിക്കുന്നു എന്ന യുട്യൂബ് ചാനല്‍ ജനുവരി 1 ന് ആരംഭിക്കുമെന്ന് അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.ചാനല്‍ നയം തികച്ചും സ്വതന്ത്രം.രാഷ്ട്രീയ നിലപാട് പ്രശ്‌നാധിഷ്ടിതമായിരിക്കും. ഏതു വിഷയത്തിലും വസ്തുതകള്‍ നേരോടെ തുറന്നുകാട്ടും. അഴിമതി, വര്‍ഗ്ഗീയത, ഏകാധിപത്യം എന്നിവക്കെതിരെ നിര്‍ഭയം പോരാടും. ജനകീയ പ്രശ്‌നങ്ങളില്‍ നിരന്തരം ഇടപെടും. ഒരിക്കലും ഒറ്റക്കണ്ണനാവില്ല. രണ്ടു കണ്ണുകളും തുറക്കും. കണ്ണടയുന്നതു വരെ പ്രതികരിച്ചു കൊണ്ടിരിക്കും അദ്ദേഹം പ്രതികരിച്ചു.

കോവിഡ് അനുഭവത്തിന്റെ പശ്ചാത്തലത്തില്‍ സ്വാശ്രയ കേരളത്തിനായി യത്‌നിക്കും. ഉല്പാദന കേന്ദ്രിത വികസന സംസ്‌കാരത്തിനായി ശബ്ദിക്കും. കാര്‍ഷിക നവോത്ഥാനം, വ്യവസായ നവീകരണം, നൈപുണ്യ വിദ്യാഭ്യാസം, ആരോഗ്യ ജീവനം, പരിസ്ഥിതി സംരക്ഷണം, മാലിന്യ നിര്‍മ്മാര്‍ജ്ജനം, സ്ത്രീ സുരക്ഷ, ലിംഗസമത്വം, സാമൂഹ്യനീതി തുടങ്ങിയവ പ്രചരണ വിഷയമാക്കും. സാമൂഹ്യ പ്രതിബദ്ധതയും പൗരബോധവുമായിരിക്കും മുഖമുദ്ര അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

എന്നാല്‍ ഇന്നലെയോടെ ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ സ്ഥാനത്തേക്ക് ചെറിയാന്‍ ഫിലിപ്പിനെ നിയമിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കി. പദവി വേണ്ടെന്ന് ചെറിയാന്‍ ഫിലിപ്പ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ ചെറിയാന്‍ ഫിലിപ്പിനെ അനുനയിപ്പിക്കാന്‍ ഇടത് കേന്ദ്രങ്ങള്‍ ശ്രമം നടത്തിയിരുന്നു. ഇതിനിടെ കഴിഞ്ഞ ദിവസം ദുരന്തനിവാരണത്തിലെ വീഴ്ചയില്‍ മുഖ്യമന്ത്രിയെ വിമര്‍ശിച്ചതാണ് നിയമനം റദ്ദാക്കിയുള്ള ഉത്തരവിന് പിന്നിലെന്നാണ് സൂചന.

രാജ്യസഭാ സീറ്റ് നിഷേധിച്ചതുമുതല്‍ സി.പി.എം നേതൃത്വവുമായി ഇടഞ്ഞു നില്‍ക്കുന്ന ചെറിയാന്‍ ഫിലിപ്പ്, പിന്നാലെ കഴിഞ്ഞ ദിവസം സര്‍ക്കാരിന്റെ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളില്‍ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. ദുരന്തം വന്നതിനു ശേഷം ദുരിതാശ്വാസ ക്യാമ്പില്‍ കണ്ണീര്‍ പൊഴിക്കുകയും വിലാപകാവ്യം രചിക്കുകയും ചെയ്യുന്നത് ജനവഞ്ചനയാണെന്നായിരുന്നു ചെറിയാന്‍ ഫിലിപ്പിന്റെ കുറ്റപ്പെടുത്തല്‍.

Test User: