X

ചെറായി കൊലപാതകം; പിന്നില്‍ പ്രണയനൈരാശ്യമെന്ന് പോലീസ്:ഒരാള്‍ അറസ്റ്റില്‍

കൊച്ചി: ചെറായി ബീച്ചില്‍ യുവതിയെ പട്ടാപ്പകല്‍ യുവാവ് കുത്തിക്കൊലപ്പെടുത്തിയത് പ്രണയനൈരാശ്യത്തെ തുടര്‍ന്നെന്ന് സൂചന. ഇന്ന് രാവിലെ 10.30 നാണ് ബീച്ചില്‍ വെച്ച് പ്രശാന്ത് യുവതിയെ കുത്തിക്കൊലപ്പെടുത്തിയത്. വാരാപ്പുഴ സ്വദേശിനി ശീതള്‍ (30) ആണ് അതിദാരുണമായി കൊല്ലപ്പെട്ടത്.

യുവതിയും താനും പ്രണയത്തിലായിരുന്നെന്ന് കസ്റ്റഡിയിലായ കോട്ടയം സ്വദേശി പ്രശാന്ത് പൊലീസിനോട് സമ്മതിച്ചു. ഏറെ നാളായി ശീതളിന്റെ വരാപ്പുഴയിലെ വീടിന്റെ മുകള്‍ നിലയിലായിരുന്നു പ്രശാന്ത് താമസിച്ചിരുന്നത്. അടുത്തകാലത്തായി പെണ്‍കുട്ടി തന്നെ അവഗണിക്കുന്നു എന്ന തോന്നലാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പ്രശാന്ത് പറഞ്ഞതായി പോലീസ് പറഞ്ഞു.

അടുത്തിടെയായി തങ്ങള്‍ തമ്മില്‍ ചില പ്രശ്‌നങ്ങള്‍ ഉണ്ടായെന്നും പ്രശാന്ത് പറഞ്ഞു. ഒരു സ്വകാര്യ സ്ഥാപനത്തില്‍ പിഎസ്സി കോച്ചിംഗിന് പോവുകയായിരുന്നു യുവതി. രാവിലെ ഇരുവരും ക്ഷേത്രത്തില്‍ പോയശേഷമാണ് ബീച്ചിലെത്തിയത്. കുത്തേറ്റ ശീതള്‍ ഉടന്‍ തന്നെ തൊട്ടടുത്തുള്ള റിസോര്‍ട്ടിലെത്തി സഹായം അഭ്യര്‍ത്ഥിച്ചു. റിസോര്‍ട്ട് ജീവനക്കാരും നാട്ടുകാരും എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരണം സംഭവിക്കുകയായിരുന്നു. കൈയിലും വയറിലുമായി ആറോളം കുത്താണ് ശീതളിന് ഏറ്റത്. ശീതളിന്റെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പുരോഗമിക്കുകയാണ്

chandrika: