കിഫ്ബി മസാല ബോണ്ടില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ ആരോപണം ശക്തമാക്കി പ്രതിപക്ഷം. കിഫ്ബി മസാല ബോണ്ടില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട നേതാവ് രമേശ് ചെന്നിത്തല, ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. കിഫ്ബിയുടെ ഫയലുകള്‍ പരിശോധിക്കാന്‍ പ്രതിപക്ഷത്തെ അനുവദിക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. വിഷയത്തില്‍ സമഗ്രമായ അന്വേഷണം വേണം. ജുഡീഷ്യല്‍ അന്വേഷണത്തിലൂടെയേ സത്യം പുറത്തുവരൂവെന്നും അദ്ദേഹം പറഞ്ഞു.
നരേന്ദ്ര മോദിയുടെ സാമ്പത്തിക നയമാണ് പിണറായിയും നടപ്പിലാക്കുന്നതെന്ന് കുറ്റപ്പെടുത്തിയ രമേശ് ചെന്നിത്തല സംസ്ഥാനത്തിന്റെ കാവല്‍ക്കാരന്‍ പെരും കള്ളനാണെന്നും ആരോപിച്ചു. മസാല ബോണ്ട് ജനങ്ങളെ കബളിപ്പിക്കാനുള്ള വഴിയാണെന്നും പ്രതിപക്ഷം ഉയര്‍ത്തിയ ആരോപണങ്ങള്‍ക്ക് സര്‍ക്കാര്‍ മറുപടി പറയുന്നില്ലെന്നും ചെന്നിത്തല ആരോപിച്ചു. ജനങ്ങളുടെ നികുതിപ്പണം തങ്ങളുടെ കൂട്ടാളികള്‍ക്ക് തീറെഴുതിക്കൊടുക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്യുന്നത്. ഇക്കാര്യത്തില്‍ ധനമന്ത്രിയും മുഖ്യമന്ത്രിയും ജനങ്ങളെ കബളിപ്പിക്കുകയാണെന്നും രമേശ് ചെന്നിത്തല തൃശൂരില്‍ പറഞ്ഞു.
സംസ്ഥാനത്തിന്റെ സിഡിപിക്യു കമ്പനിക്ക് ലാവലിന്‍ കമ്പനിയുമായി അഭേദ്യബന്ധമുണ്ടെന്നും ഈ കമ്പനിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ വഴിവിട്ട സഹായം ചെയ്തുവെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. മസാല ബോണ്ട് ഇടപാടില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.