തിരുവനന്തപുരം: മുഖ്യമന്ത്രി ശൈലി മാറ്റരുതെന്ന അഭ്യര്‍ത്ഥനയുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ശൈലി മാറ്റില്ലെന്നും ഇനിയങ്ങോട്ടും ഈ ശൈലിയില്‍ തന്നെ തുടരുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനക്ക് മറുപടിയായാണ് പ്രതിപക്ഷ നേതാവിന്റെ അഭ്യര്‍ത്ഥന.
ഞങ്ങളുടെയും ആഗ്രഹം മുഖ്യമന്ത്രി ശൈലി മാറ്റരുത് എന്നാണ്. ഇതേ ശൈലിയില്‍ തന്നെ മുഖ്യമന്ത്രി മുന്നോട്ട് പോകണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ ജനങ്ങള്‍ നല്‍കിയ ജനവിധി മുഖ്യമന്ത്രി അംഗീകരിക്കുന്നില്ല എന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം വ്യക്തമാക്കുന്നതെന്ന് ചെന്നിത്തല ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രി കണ്ണടച്ച് ഇരുട്ടാക്കാന്‍ ശ്രമിക്കുകയാണ്. ഈ വിധി മോദി സര്‍ക്കാരിനും പിണറായി സര്‍ക്കാരിനും എതിരായിട്ടുള്ള ജനവിധിയാണ്. അത് മറച്ചുവയ്ക്കാന്‍ എത്ര ശ്രമിച്ചാലും നടക്കില്ല. ശബരിമല തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചിരുന്നെങ്കില്‍ ബി.ജെ.പി പത്തനംതിട്ടയില്‍ ജയിക്കുമായിരുന്നില്ലേ എന്നാണ് മുഖ്യമന്ത്രി ചോദിക്കുന്നത്.
ബി.ജെപിയെ ശക്തിപ്പെടുത്തി യു.ഡി.എഫിനെ ദുര്‍ബ്ബലപ്പെടുത്തുക എന്ന അദ്ദേഹത്തിന്റെ തന്ത്രം ഫലിക്കാതെ വന്നപ്പോഴുള്ള വിഷമം കൊണ്ടാണ് അതു പറഞ്ഞത്. ഈ തെരഞ്ഞെടുപ്പില്‍ ശബരിമല ഏറ്റവും പ്രധാനപ്പെട്ട വിഷയം തന്നെയായിരുന്നു. വിശ്വാസികളുടെ വികാരങ്ങളെ ചവിട്ടിമെതിച്ച മുഖ്യമന്ത്രിക്കും ഗവണ്‍മെന്റിനും എതിരായിട്ടുള്ള ജനവികാരം വളരെ ശക്തമായിരുന്നു. അത് മനസ്സിലാക്കാന്‍ ഇടതുപക്ഷത്തിനും മുഖ്യമന്ത്രിക്കും കഴിയാതെ പോകുന്നു എന്നതാണ് സത്യമെന്നും അദ്ദേഹം പറഞ്ഞു.
കര്‍ഷകര്‍ എടുത്ത വായ്പകള്‍ക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചെന്ന് വാചകമടിച്ചതല്ലാതെ യഥാര്‍ത്ഥത്തില്‍ അവരെ സഹായിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവാത്തതാണ് വയനാട്ടില്‍ ഒരു കര്‍ഷകന്‍ കൂടി ആത്മഹത്യ ചെയ്യാന്‍ കാരണമെന്നും ചെന്നിത്തല പറഞ്ഞു.
- 6 years ago
web desk 1