Categories: main stories

ഇരട്ടവോട്ട്: ആരോപണത്തില്‍ ഉറച്ചുനില്‍ക്കുന്നു:ചെന്നിത്തല

ആലപ്പുഴ : വോട്ടര്‍ പട്ടികയിലെ ഇരട്ടവോട്ട് സംബന്ധിച്ച ആരോപണത്തില്‍ ഉറച്ച് നില്‍ക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. 38,000 ഇരട്ടവോട്ടുകളെ കണ്ടെത്തിയുള്ളൂ എന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ പറയുന്നത് വാസ്തവത്തില്‍ അതിശയിപ്പിക്കുന്നതും ഞെട്ടിപ്പിക്കുന്നതുമാണെന്നും അദ്ദേഹം പറഞ്ഞു.

ഇരട്ടവോട്ടുമായി ബന്ധപ്പെട്ട മുഴുവന്‍ വിവരങ്ങളും നാളെ പുറത്തുവിടും. താന്‍ പറയുന്നതാണോ അതോ തെരഞ്ഞെടുപ്പു കമ്മിഷന്‍ പറയുന്നതാണോ ശരിയെന്ന് പൊതുജനങ്ങള്‍ അറിയണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇരട്ടവോട്ട് ചെറിയ കാര്യമല്ലെന്നും ചെന്നിത്തല പറഞ്ഞു. കേരളത്തിലെ തെരഞ്ഞെടുപ്പിനെ അട്ടിമറിക്കാന്‍ സഹായിക്കുന്ന വിധത്തിലുള്ള ഇരട്ടവോട്ടാണ് ചേര്‍ത്തിരിക്കുന്നത്. ഈ വ്യാജ വോട്ടര്‍മാര്‍ ഒരു കാരണവശാലും വോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ പാടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആഴക്കടല്‍ മത്സ്യക്കൊള്ളയ്ക്കായി സംസ്ഥാന സര്‍ക്കാര്‍ ഇഎംസിസിയുമായി 2020 ഫെബ്രുവരി 28-ന് അസെന്‍ഡില്‍ വെച്ച് ഒപ്പിട്ട ധാരണാപത്രം ഇതുവരെ റദ്ദാക്കിയിട്ടില്ലെന്നും ചെന്നിത്തല ആരോപിച്ചു.

‘റദ്ദാക്കും എന്ന് പറയുന്നതേയുള്ളൂ. ഒരു മാസം കഴിഞ്ഞിട്ടും ധാരണാപത്രം റദ്ദാക്കിയിട്ടില്ലെന്നാണ് തനിക്ക് ലഭിച്ച വിവരം. 400 യന്ത്രവത്കൃത ബോട്ടുകളും യാനങ്ങള്‍ നിര്‍മിക്കാനുള്ള കേരള ഷിപ്പിങ് ആന്‍ഡ് ഇന്‍ലാന്‍ഡ് കോര്‍പറേഷനുമായി ഇഎംസിസി ഒപ്പിട്ട ധാരണാപത്രം മാത്രമാണ് റദ്ദാക്കിയിട്ടുള്ളത്. ഇഎംസിസി സര്‍ക്കാരുമായി ഒപ്പിട്ട ഒറിജിനല്‍ ധാരണാപത്രം ഇപ്പോഴും നിലനില്‍ക്കുകയാണ്. വീണ്ടും അധികാരത്തില്‍ വന്നാല്‍ നടപ്പാക്കാന്‍ വേണ്ടിയാണ് ഒറിജിനല്‍ ധാരണാപത്രം റദ്ദാക്കാത്തത്-ചെന്നിത്തല പറഞ്ഞു.

 

 

ചന്ദ്രിക വെബ് ഡെസ്‌ക്‌:
whatsapp
line