X

ബജറ്റ് പ്രഖ്യാപനങ്ങള്‍ നടപ്പിലായില്ല എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കഴിവുകേടെന്ന് ചെന്നിത്തല

തിരുവനന്തപുരം: സാമ്പത്തിക വര്‍ഷം അവസാനിക്കുമ്പോള്‍ ബജറ്റില്‍ പ്രഖ്യാപിച്ച പകുതിയോളം പദ്ധതികളും നടപ്പാവുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എല്‍.ഡി.എഫ് സര്‍ക്കാര്‍ കഴിവ് കെട്ടതും പ്രവര്‍ത്തിക്കാത്തതുമാണെന്നതിന് തെളിവാണിതെന്നും കേസരി സ്മാരക ജേര്‍ണലിസ്റ്റ് ട്രസ്റ്റ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ അദ്ദേഹം പറഞ്ഞു.
2018-19 ലേക്ക് സമ്പൂര്‍ണ്ണ ബജറ്റാണ് അവതരിപ്പിച്ചിരുന്നത്. അതായത് ബജറ്റ് പാസാക്കല്‍ ജൂണിലേക്ക് മാറ്റാതെ മാര്‍ച്ചില്‍ തന്നെ നടത്തി. ഇതുകാരണം ഇത്തവണ നൂറു ശതമാനം പദ്ധതി നിര്‍വഹണമുണ്ടാവുമെന്നും റെക്കോര്‍ഡ് സൃഷ്ടിക്കുമെന്നുമാണ് ധനമന്ത്രി തോമസ് ഐസക്ക് പ്രഖ്യാപിച്ചിരുന്നത്. അതാണ് വെറും 60 ശതമാനത്തിലേക്ക് താണത്. അടുത്ത കാലത്തൊന്നും പദ്ധതി നിര്‍വഹണം ഇത്രയും താണിട്ടില്ല. യു.ഡി.എഫ് കാലഘട്ടത്തില്‍ 85 മുതല്‍ 90 ശതമാനം വരെയായരുന്നു പദ്ധതി ചിലവ്.
സാമ്പത്തിക വര്‍ഷത്തെ അവസാന ദിവസങ്ങളിലാണ് ട്രഷറികളില്‍ ഏറ്റവും കൂടുതല്‍ ബില്ലുകള്‍ മാറാറുള്ളത്. മാര്‍ച്ച് 31 ന് അര്‍ദ്ധരാത്രി വരെ ട്രഷറികള്‍ തുറന്നുവെക്കാറുണ്ട്. എന്നാല്‍ ഇത്തവണ സാമ്പത്തിക വര്‍ഷം അവസാനിക്കുമ്പോള്‍ ട്രഷറികള്‍ പൂട്ടിക്കിടക്കുകയാണ്. ട്രഷറികളില്‍ ബില്ലുകളൊന്നും മാറുന്നില്ല. പണമില്ലാത്തു കാരണം ഇടപാടുകളെല്ലാം മരവിപ്പിച്ചു വച്ചിരിക്കുകയാണ്. സോഫ്ട്‌വെയറുകളെല്ലാം ബ്ലോക്ക് ചെയ്തിരിക്കുന്നു. സെക്രട്ടേറിയറ്റില്‍ കമ്പ്യൂട്ടറുകള്‍ക്ക് മുന്നില്‍ ധനകാര്യ ഉദ്യോഗസ്ഥര്‍ വെറുതെ ഇരിക്കുകയാണ്.
ഇങ്ങനെ ഇതിന് മുന്‍പ് സംഭവിച്ചിട്ടില്ല. കേന്ദ്രത്തില്‍ നിന്ന് ജി.എസ്.ടി വിഹിതമായി 1500 കോടി കിട്ടുമെന്ന് പ്രതീക്ഷിച്ചെങ്കിലും വെള്ളിയാഴ്ച കിട്ടിയത് 1000 കോടി മാത്രമാണ്. ഇത് ഒന്നിനും തികയുകയില്ല. വെയ്‌സ് ആന്റ് മീല്‍സ് ക്ലീയറിംഗിനായി കാത്തു കെട്ടിക്കിടക്കുന്നത് മാത്രം 6000 കോടി രൂപയുടെ ബില്ലുകളാണ്. കരാറുകാര്‍ക്ക് കൊടുക്കാനുള്ള കുടിശ്ശിക 600 കോടിയോളം വരും. ഇത്തവണ ശമ്പളം മുടങ്ങാനുള്ള സാധ്യതകളാണ് കാണുന്നത്. പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനത്തിനുള്ള ബില്ലുകളും മാറുന്നില്ല. ചികിത്സാ സഹായത്തിനുള്ള ബില്ലുകളും മുടങ്ങിക്കിടക്കുന്നു.
ട്രഷറികളില്‍ ഒരു ബില്ലുകളും എടുക്കേണ്ട എന്ന വാക്കാലുള്ള നിര്‍ദ്ദേശം ധനകാര്യവകുപ്പില്‍ നിന്ന് ബന്ധപ്പെട്ട കേന്ദ്രങ്ങളിലേക്ക് നല്‍കിയിരിക്കുകയാണ്. അഥവാ എടുക്കുന്ന ബില്ലുകള്‍ ട്രഷറി ക്യൂവിലേക്ക് മാറ്റാന്‍ നിര്‍ദ്ദേശിച്ചിരിക്കുകയാണ്. സംസ്ഥാനത്ത് കടുത്ത സാമ്പത്തിക നിയന്ത്രണം ഏര്‍പ്പെടുത്തിയതിന് പിന്നാലെ പദ്ധതി നിര്‍വഹണത്തിലും വന്‍ വീഴ്ച സംഭവിച്ചിരിക്കുന്നു.
ധനകാര്യ വര്‍ഷം അവസാനിക്കുമ്പോള്‍ 29 വരെ സംസ്ഥാന പദ്ധതി ചിലവ് 60.40 ശതമാനം മാത്രമാണ്. കേന്ദ്രാവിഷ്‌കൃത പദ്ധതികളും കൂടി ചേരുമ്പോള്‍ പദ്ധതി നിര്‍വഹണം 66.79 ശതമാനമാകും.
2018-19ല്‍ വന്‍കിട അടിസ്ഥാന വികസന പദ്ധതികള്‍ക്കായി 1638.31 കോടി രൂപയാണ് 13 പദ്ധതികള്‍ക്കായി നീക്കിവച്ചിട്ടുള്ളത്. ഇതുവരെ 172.29 കോടി രൂപ മാത്രമേ ചെലവഴിച്ചിട്ടുള്ളു. 1466.02 കോടി രൂപ ചിലവഴിക്കാത്തത് ഇടതുമുന്നണി സര്‍ക്കാരിന്റെ പിടിപ്പുകേടാണെന്നും ചെന്നിത്തല ആരോപിച്ചു.

web desk 1: