X

രാഹുല്‍ഗാന്ധിക്കെതിരെയുള്ള പരാമര്‍ശം; മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് രമേശ് ചെന്നിത്തല

തിരുവനന്തപുരം: രാഹുല്‍ഗാന്ധിയെക്കുറിച്ച് സി.പി.എം. സംസ്ഥാന സെക്രട്ടേറിയേറ്റും മുഖ്യമന്ത്രി പിണറായി വിജയനും നടത്തിയ പരാമര്‍ശങ്ങള്‍ അനുചിതവും തരം താണത്തുമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

സി.പി.എമ്മിന്റെ പുതിയ ബന്ധുക്കളായ ബി.ജെ.പി.യെ സന്തോഷിപ്പിക്കാനാണ് മുഖ്യമന്ത്രി ഈ പരാമര്‍ശങ്ങള്‍ നടത്തിയത്. രാഹുല്‍ഗാന്ധി അദ്ദേഹത്തിന്റെ സ്വന്തം മണ്ഡലമായ വയനാട്ടില്‍ വച്ച് ജനങ്ങളോടു സംവദിക്കുകയും കര്‍ഷക പ്രക്ഷോഭത്തിന് പിന്തുണ നല്‍കി ട്രാക്ടര്‍ ഓടിക്കികയും മത്സ്യത്തൊഴിലാളികളോടൊപ്പം കടലില്‍ പോവുകയും ചെയ്തതാണ് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്.

രാഹുല്‍ ഗാന്ധി ഇന്ത്യയുടെ മനസ്സറിയുന്ന നേതാവാണ്. അദ്ദേഹം സാധാരണ ജനങ്ങളോട് ഇടപഴകും. അല്ലാതെ ദന്തഗോപുരത്തില്‍ അടച്ചിരുന്ന ടെലിവിഷനില്‍ മാത്രം പ്രത്യക്ഷപ്പെടുന്നയാളല്ലെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

ഡല്‍ഹിയിലെ കര്‍ഷകസമരത്തെ പാടെ അവഗണിച്ചാണ് രാഹുല്‍ ഗാന്ധി വയനാട്ടിലെത്തിയതെന്ന് മുഖ്യമന്ത്രി പറയുന്നു. അദ്ദേഹം അത് പറയുന്നതിന് മുമ്പ് സ്വന്തം പാര്‍ട്ടിയുടെ ദേശീയ സെക്രട്ടറി സീതാറാം യെച്ചൂരിയോട് ഒന്ന് ചോദിക്കേണ്ടതായിരുന്നു. കര്‍ഷകസമരത്തില്‍ രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തില്‍ രാഷ്ട്രപതിയെ കണ്ട സംഘത്തില്‍ യെച്ചൂരിയും ഉണ്ടായിരുന്നു. രാഹുല്‍ ഗാന്ധിയുടെ നേതൃത്വം അവിടെ പിണറായിയുടെ നേതാവ് സ്വീകരിക്കുകയാണ് ചെയ്തത്.

മുഖ്യമന്ത്രി പറഞ്ഞ് പറഞ്ഞ് ഡല്‍ഹിയില്‍ ഇപ്പോള്‍ കര്‍ഷകര്‍ പ്രക്ഷോഭം നടത്തുന്നതിന് കാരണം കോണ്‍ഗ്രസ്സാണെന്ന് വരെ പറഞ്ഞു. ഇതില്‍ നിന്ന് വ്യക്തമാക്കുന്നത് പിണറായിയുടെ മോദി ഭക്തിയാണ്. സ്വര്‍ണ്ണക്കടത്ത് അട്ടിമറിച്ചുകൊടുത്തതിന്റെ നന്ദിപ്രകാശനമാണ് പിണറായിയുടെ വാക്കുകളില്‍ തെളിഞ്ഞു കാണുന്നതെന്നും ചെന്നിത്തല പറഞ്ഞു.

കേന്ദ്രഏജന്‍സികളെക്കുറിച്ച് ഇപ്പോള്‍ മുഖ്യമന്ത്രിക്ക് പരാതി ഇല്ല. സ്വര്‍ണ്ണക്കടത്ത് കേസിനെക്കുറിച്ച് ബി.ജെ.പി അദ്ധ്യക്ഷന്‍ സുരന്ദ്രനും ഇപ്പോള്‍ ഒരക്ഷരം മിണ്ടുന്നില്ല. അതാണ് അവരുടെ ഐക്യമെന്നും അദ്ദേഹം വ്യക്തമാക്കി.

Test User: