കോഴിക്കോട്: ബി.ജെ.പിയിലേക്ക് ആളെ കൂട്ടുകയാണോ സി.പി.എമ്മിന്റെ ജോലി എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കെ. സുധാകരന്‍ അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ബി.ജെ.പിയിലേക്കു പോകുമെന്ന അടിസ്ഥാന വിരുദ്ധമായ പ്രസ്താവനകള്‍ സി.പി.എം നേതാക്കളില്‍ നിന്നുണ്ടാകുന്നത് ചൂണ്ടിക്കാണിച്ചപ്പോഴാണ് ചെന്നിത്തല സി.പി.എമ്മിനെ രൂക്ഷമായി വമര്‍ശിച്ചത്.
മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ഇപ്പോള്‍ ബി.ജെ.പിയിലേക്ക് ആളെ കൂട്ടുന്ന ജോലി ഏറ്റെടുത്തിട്ടുണ്ടോ? മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ ജോലി അതല്ലല്ലോ. ബി.ജെ.പിയിലേക്ക് ആളെ കൂട്ടുന്ന ജോലിയാണോ അവര്‍ക്കുള്ളത്? അതൊരു ശരിയായ നടപടിയല്ല. ഞങ്ങളുടെ പാര്‍ട്ടിയില്‍ നിന്ന് ആരും ബി.ജെ.പിയിലേക്കു പോകില്ല. കോണ്‍ഗ്രസ് ഒറ്റക്കെട്ടായി ഒരുമിച്ച് മുന്നോട്ടു പോകും…’ – ചെന്നിത്തല പറഞ്ഞു.
മീഡിയ വണ്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ കെ. സുധാകരന്റെ മറുപടി വളച്ചൊടിച്ച് സോഷ്യല്‍ മീഡിയയില്‍ അദ്ദേഹം ബി.ജെ.പിയിലേക്ക് പോകുന്നു എന്ന തരത്തിലുള്ള പ്രചരണങ്ങള്‍ സി.പി.എം സൈബര്‍ അണികള്‍ നടത്തിയിരുന്നു. പി. ജയരാജനും ഇക്കാര്യം ആവര്‍ത്തിച്ചു. എന്നാല്‍ സുധാകരന്‍ ഇത് ശക്തമായി നിഷേധിക്കുകയാണ് ചെയ്തത്.