തിരുവനന്തപുരം: വോട്ടര്‍ പട്ടികയില്‍ മാത്രമല്ല, പോസ്റ്റല്‍ ബാലറ്റിലും ക്രമക്കേടുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് ലഭിച്ച അപ്രതീക്ഷിത വിജയത്തിന്റെ പ്രധാന കാരണം വോട്ടര്‍ പട്ടികയിലെ ക്രമക്കേടും വ്യാജ വോട്ടുകളുമാണെന്നും ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
ഇരട്ട വോട്ട് സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മിഷനും പ്രാഥമിക പരിശോധന നടത്തുകയും താന്‍ ഉന്നയിച്ച കാര്യങ്ങള്‍ക്ക് പ്രസക്തിയുണ്ടെന്നും ഗൗരവമേറിയതാണെന്നും കണ്ടെത്തുകയും ചെയ്തു. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന് താനും എം.പിമാരും പരാതി നല്‍കി. എഐസിസി പ്രതിനിധി സംഘം തെരഞ്ഞെടുപ്പ് കമ്മിഷനെ കണ്ടു. അങ്ങനെയാണ് ഒരു ഒബ്സര്‍വരെ ഇങ്ങോട്ട് വിട്ടതെന്നും ചെന്നിത്തല പറഞ്ഞു. വ്യാപകമായ കള്ളവോട്ട് കേരളത്തില്‍ നടത്താന്‍ സിപിഎം ആസൂത്രിതമായി ചെയ്ത ഒരു പദ്ധതിയുടെ ഭാഗമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
80 വയസ്സു കഴിഞ്ഞവരുടെയും ഭിന്നശേഷിക്കാരുടെയും ബാലറ്റുകള്‍ ഇത്തവണ പോസ്റ്റല്‍ ബാലറ്റായി സ്വീകരിക്കുകയാണെന്നും ഇവിടെയും വന്‍തോതില്‍ കൃത്രിമം നടക്കുന്നുണ്ടെന്നും ചെന്നിത്തല ആരോപിച്ചു. മരിച്ചു പോയവരുടെയും പോസ്റ്റല്‍ വോട്ടില്‍ സമ്മതപത്രം നല്‍കാത്തവരുടെയും പേരുകള്‍ പോലും പോസ്റ്റല്‍ ബാലറ്റിനുള്ള ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുകയാണ്. തിരുവനന്തപുരം സെന്‍ട്രലില്‍ പോസ്റ്റല്‍ വോട്ടിനുള്ള ലിസ്റ്റില്‍ മരിച്ചുപോയ 10 പേരുടെ പേര് കടന്നു കൂടിയിട്ടുണ്ട്. ഇത് സംബന്ധിച്ച് വി.എസ്. ശിവകുമാറിന്റെ ചീഫ് ഇലക്ഷന്‍ ഏജന്റ് തിര. കമ്മിഷന് പരാതി നല്‍കിയിട്ടുണ്ടെന്നും ചെന്നിത്തല പറഞ്ഞു.
പോസ്റ്റല്‍ വോട്ടിന് അപേക്ഷിക്കാത്തവരുടെ പേരും ഇതിലുണ്ട്. വോട്ടര്‍ പട്ടികയില്‍ മാത്രമല്ല ക്രമക്കേട്. പോസ്റ്റല്‍ വോട്ടിന്റെ കാര്യത്തിലും ഇത് തന്നെയാണ് സംഭവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പോസ്റ്റല്‍ വോട്ടുകള്‍ സീല്‍ഡ് ബാലറ്റ് ബോക്സില്‍ അല്ല ശേഖരിക്കുന്നത്. ഇവ കൊണ്ടുവെക്കുന്നത് സ്ട്രോങ് റൂമിലല്ല. ഇവ സൂക്ഷിക്കുന്ന പലയിടത്തും സിസിടിവി ഇല്ലെന്നും ഇടതുപക്ഷ സര്‍വീസ് സംഘടനകള്‍ കൃത്രിമം കാണിക്കുന്നു എന്ന പരാതി എംഎല്‍എമാര്‍ ഉയര്‍ത്തിക്കൊണ്ടിരിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു.
പോലീസ് അസോസിയേഷന്‍ അനധികൃതമായി പോലീസുകാരുടെ വോട്ടിന്റെ കാര്യത്തില്‍ ഇടപെടുന്നതായും പ്രതിപക്ഷ നേതാവ് ആരോപിച്ചു. വോട്ട് ചെയ്ത ശേഷം അത് മൊബൈലില്‍ പകര്‍ത്തി പോലീസ് അസോസിയേഷന്‍ ഭാരവാഹികള്‍ക്ക് അയച്ചു കൊടുക്കണമെന്ന് നിര്‍ദേശമുണ്ട്. ഇത് ശരിയല്ലെന്ന് കഴിഞ്ഞ ദിവസം താന്‍ ഡിജിപിയോട് പറഞ്ഞിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.