തിരുവനന്തപുരം: ജിഷ്ണുവിന്റെ കുടുംബം എന്തിനാണ് സമരം ചെയ്തതെന്ന് കേരളത്തില്‍ എല്ലാ പേര്‍ക്കും മനസിലായിട്ടും മുഖ്യമന്ത്രിക്ക് മനസിലാവാത്തത് തന്നെയാണ് യഥാര്‍ത്ഥ പ്രശ്നമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളത്തിലെ ജനങ്ങള്‍ക്കും വി.എസ് അച്യുതാനന്ദനും എം.എ ബേബിക്കും സീതാറാം യെച്ചൂരിക്കും സി.പി.ഐക്കും മനസിലായി. പക്ഷേ മുഖ്യമന്ത്രിക്ക് മാത്രം മനസിലാവുന്നില്ല. അത് തന്നെയാണ് യഥാര്‍ത്ഥ പ്രശ്നം- ചെന്നിത്തല പറഞ്ഞു.
അഞ്ചു ദിവസം ആഹാരമോ വെള്ളമോ കുടിക്കാതെ ജിണ്ഷുവിന്റെ അമ്മയും കുടുംബവും നടത്തിയ സഹന സമരത്തെ അപഹസിക്കുന്നതാണ് മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം. ആസ്പത്രിയില്‍ ചെന്ന് ജിഷ്ണുവിന്റെ അമ്മയുമായി സര്‍ക്കാര്‍ പ്രതിനിധികള്‍ ചര്‍ച്ച നടത്തി സമരം ഒത്തു തീര്‍പ്പാക്കിയ ശേഷം മുഖ്യമന്ത്രി സമരത്തെ തള്ളിപ്പറയുന്നതും കരാറില്‍ നിന്ന് പിന്നാക്കം പോവുന്നതും വഞ്ചനയാണ്. ജിഷ്ണുവിന്റെ കുടുംബത്തെ മാത്രമല്ല, ആ സമരത്തോടൊപ്പം നിന്ന കേരളത്തിലെ ജനങ്ങളെയാണ് മുഖ്യമന്ത്രി അപമാനിച്ചിരിക്കുന്നത്.
ജിഷ്ണുകേസ് അട്ടിമറിക്കുന്നതിനും തേയ്ച്ച് മായ്ച്ച് കളയുന്നതിനും സര്‍ക്കാര്‍ കഴിയാവുന്നതെല്ലാം ചെയ്തു. ആത്മഹത്യയെന്ന് പറഞ്ഞ് കേസ് എഴുതി തള്ളാനാണ് പൊലീസ് ആദ്യം മുതല്‍ ശ്രമിച്ചത്. തെളിവുകളെല്ലാം നശിപ്പിക്കാന്‍ കൂട്ടു നിന്നു. ഇടിമുറിയിലെയും കുളിമുറിയിലേയും രക്തപ്പാടുകള്‍ കണ്ടില്ലെന്ന് നടിച്ചു. ജിഷ്ണുവിന്റെ ശരീരത്തിലെ മര്‍ദ്ദനമേറ്റ പാടുകള്‍ എഫ്.ഐ.ആറിലും ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടിലും രേഖപ്പെടുത്തിയില്ല. ഒന്നര മാസത്തോളം കഴിഞ്ഞാണ് എഫ്.ഐ.ആര്‍ ഇട്ടത്. ദുര്‍ബലമായ വകുപ്പുകളാണ് ആദ്യം ചേര്‍ത്തത്. പ്രതികളെ രക്ഷിക്കാന്‍ പഴുതിട്ടാണ് കേസ് ഫ്രെയിം ചെയ്തത്. അത് കൊണ്ടാണ് കോടതിയുടെ നിശിത വിമര്‍ശനം ഉണ്ടായത്. പ്രതികള്‍ കണ്‍വെട്ടത്ത് തന്നെ ഉണ്ടായിട്ടും അറസ്റ്റ് ചെയ്തില്ല. മകന്‍ നഷ്ടപ്പെട്ടതില്‍ മനസ് നീറി നീതി തേടി വരുന്ന ഒരമ്മയെ പൊലീസിനെ ഉപയോഗിച്ച് റോഡിലൂടെ വലിച്ചിഴച്ചത് ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത കാര്യമാണ്. സമരത്തിന് സഹായിക്കാന്‍ വന്നവരെ പിടികൂടി കല്‍തുറുങ്കിലടച്ചതും നടക്കാന്‍ പാടില്ലാത്ത കാര്യമാണ്. മുഖ്യമന്ത്രി ഒരാള്‍ വിചാരിച്ചാല്‍ തീരുന്ന പ്രശ്നമായിരുന്നു ജിഷ്ണുവിന്റെ കുടുംബം നടത്തിയ സമരം. മുഖ്യമന്ത്രിയുടെ ഒരു ഫോണ്‍ കോള്‍ ചെന്നപ്പോള്‍ ആ കുടുംബത്തിനുണ്ടായ മനംമാറ്റം എല്ലാവരും കണ്ടതാണ്. അധികാരികള്‍ക്ക് വേണ്ട വലിയ ഗുണം കാരുണ്യമാണ്. അതിനു പകരം പിടിവാശിയും ദുരഭിമാനവും മാത്രമായിരുന്നു മുഖ്യമന്ത്രിക്ക്.
ഷാജഹാനെതിരെ നടപടിയെടുത്തത് അവിടെ ചെന്ന് ബഹളമുണ്ടാക്കിയിട്ടാണെന്ന് മുഖ്യമന്ത്രി പറയുന്നു.
അന്ന് അവിടെ നടന്ന സംഭവങ്ങളുടെ ദൃശ്യങ്ങളിലൊന്നും ഷാജഹാനെ കാണാനില്ല. ബഹളത്തില്‍ നിന്ന് മാറി സംസാരിച്ച് നിന്ന ഷാജഹാനെയാണ് പിടികൂടിയത്. തനിക്ക് വ്യക്തിപരമായി വിരോധമുണ്ടായിരുന്നെങ്കില്‍ ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ഉടന്‍ തന്നെ നടപടി ഉണ്ടാവുമായിരുന്നല്ലോ എന്ന് മുഖ്യമന്ത്രി പറയുന്നു. വിചിത്രമായ വാദഗതിയാണിത്. വ്യക്തിവൈരാഗ്യം തീര്‍ക്കാന്‍ വെറുതെ ആരെയെങ്കിലും പിടിച്ച് അകത്തിടാനാവുമോ? ഒരു സന്ദര്‍ഭം ഒത്തു വന്നു. സര്‍ക്കാര്‍ അത് പ്രയോജനപ്പെടുത്തി. അതാണ് ഷാജഹാന്റെ കാര്യത്തില്‍ സംഭവിച്ചത്. സമരത്തിന് സഹായിക്കുന്നവരെ പിടികൂടി ജയിലിലാക്കുന്നത് ഏകാധിപതികളുടെ സ്വഭാവമാണ്.കേരളം ഇത് അംഗീകരിക്കില്ല. സെല്‍ഭരണത്തിന്റെ തുടക്കമാണ് ഇവിടെ കാണുന്നത്. അതിനെ ചെറുക്കും.