തിരുവനന്തപുരം: മോദി സര്‍ക്കാര്‍ പിന്തുടരുന്ന ഫാസിസവും അസഹിഷ്ണുതയുമാണ് പിണറായി സര്‍ക്കാരും പിന്തുടരുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇതിന്റെ വ്യക്തമായ സൂചനയാണ് ഡി.ജി.പി യെ വിമര്‍ശിച്ചതിന്റെ പേരില്‍ കെ.പി.സി.സി പ്രസിഡന്റിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കിയതിലൂടെ വ്യക്തമാകുന്നതെന്ന് ചെന്നിത്തല പറഞ്ഞു. പാലാ ഉപതെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടു വില കുറഞ്ഞ രാഷ്ട്രീയ വേട്ടയാടലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയ വിമര്‍ശനം നടത്തിയതിന്റെ പേരില്‍ എതിരാളികളെ പ്രോസിക്യൂട്ട് ചെയ്ത് ജയിലില്‍ അടയ്ക്കാനുള്ള ശ്രമം സ്വതന്ത്ര കേരളത്തില്‍ മുമ്പ് ഒരു ഭരണാധികാരിയും നടത്തിയിട്ടില്ല. ജനാധിപത്യത്തിലെ കറുത്ത അധ്യായമാണ് ഈ സംഭവം. അഭിപ്രായ സ്വാതന്ത്ര്യത്തെക്കുറിച്ചും രാഷ്ട്രീയ പ്രവര്‍ത്തന സ്വാതന്ത്ര്യത്തെ ക്കുറിച്ചും വാതോരാതെ പ്രസംഗിച്ചുനടക്കുന്നവരാണ് രാഷ്ട്രീയ വിമര്‍ശനം നടത്തുന്നവരെ കല്‍തുറുങ്കില്‍ അടക്കാന്‍ ശ്രമിക്കുന്നത്. ഈ നടപടി അവരുടെ കാപട്യമാണ് തുറന്നു കാട്ടുന്നത്.
പിണറായി വിജയന്‍ എങ്ങനെ ഒക്കെ അടിച്ചമര്‍ത്താന്‍ ശ്രമിച്ചാലും ജനവികാരം ആളിക്കത്തും. എതിരാളികളെ വേട്ടയാടി പിടിക്കുന്ന നരേന്ദ്ര മോദിയുടെ അതേ ശൈലിയാണ് പിണറായിയും പിന്തുടരുന്നത്. ഇതു കൊണ്ടൊന്നും പാലായില്‍ ഇടതുമുന്നണി രക്ഷപ്പെടില്ല. ജനങ്ങള്‍ സര്‍ക്കാരിനെതിരെ ശക്തമായി പ്രതികരിക്കും. കെ.പി.സി.സി പ്രസിഡന്റിനെതിരായ നടപടിയെ നിയമപരമായും രാഷ്ട്രീയമായും കോണ്‍ഗ്രസ് നേരിടുമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.