X

നവോത്ഥാനത്തില്‍ ന്യൂനപക്ഷങ്ങള്‍ക്ക് പങ്കില്ലെന്ന സംഘപരിവാര്‍ അജണ്ട പിണറായി ഉറപ്പിക്കുന്നു: രമേശ് ചെന്നിത്തല

നവോത്ഥാനം മുന്‍നിര്‍ത്തി മുഖ്യമന്ത്രി പിണറായി വിജയന്‍ വളിച്ചു ചേര്‍ത്ത യോഗത്തിനെതിരെ രൂക്ഷ വിമര്‍ശവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ക്രിസ്തുമതത്തിലേയും ഇസ്ലാം മതത്തിലേയും നവോത്ഥാന നായകരെയും സംഘടനകളെയും ഒഴിവാക്കി വിളിച്ചു ചേര്‍ത്ത മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടിനെതിരെയാണ് ചെന്നിത്തല രംഗത്തെത്തിയത്.

നവോത്ഥാനം മുന്‍നിര്‍ത്തി വനിതാമതില്‍ രൂപീകരിക്കുന്ന യോഗത്തില്‍ ന്യൂനപക്ഷ സംഘടനകളെ മാറ്റിനിര്‍ത്തിയതിലൂടെ കേരള നവോത്ഥാനത്തില്‍ ന്യൂനപക്ഷങ്ങള്‍ക്ക് ഒരു പങ്കുമില്ലെന്ന സംഘപരിവാര്‍ അജണ്ട അരക്കിട്ട് ഉറപ്പിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ചെയ്യുന്നത്. ഹിന്ദു സംഘടനകളെ മാത്രം യോഗത്തിന് വിളിച്ചത് വഴി ചരിത്രപരമായ കേരള നവോത്ഥാനത്തെ കൂടി തള്ളിപ്പറയുകയാണെന്ന് ചെന്നിത്തല ഫെയ്‌സ് ബുക്കില്‍ കുറിച്ചു.

മുഖ്യമന്ത്രി ഒന്നോര്‍ക്കണം, ക്രിസ്തുമതത്തിലും ഇസ്ലാം മതത്തിലും പെട്ട നവോത്ഥാന നായകരെയും സംഘടനകളെയും ഒഴിവാക്കുന്നത് വഴി ചരിത്രത്തോട് അനീതിയാണ് നിങ്ങള്‍ കാട്ടിയിരിക്കുന്നത്.

കേരളത്തില്‍ പള്ളിക്കൂടം വ്യാപകമായതും ജാതി വ്യത്യാസമില്ലാതെ അറിവിന്റെ വെളിച്ചം എല്ലാ കുഞ്ഞുങ്ങള്‍ക്കും ഇടവരുത്തിയത് ചാവറയച്ചന്റെ ശ്രമഫലമായിട്ടായിരുന്നു. 1864ല്‍ കേരളത്തിലെ സുറിയാനി കത്തോലിക്കരുടെ വികാരി ജനറല്‍ പദവിയിലിരിക്കുമ്പോഴാണ് മാര്‍ കുര്യാക്കോസ് ഏലിയാസ് ചാവറ ഒരു പള്ളിക്ക് ഒരു പള്ളിക്കൂടം എന്ന പേരില്‍ എല്ലാ പള്ളികള്‍ക്കൊപ്പവും വിദ്യാലയങ്ങള്‍ നിര്‍ബന്ധമാക്കിക്കൊണ്ടുള്ള കല്പന പുറപ്പെടുവിച്ചതാണ് നമ്മുടെ നാട്ടില്‍ വിദ്യാഭ്യാസ വിപ്ലവത്തിന് ഇടയാക്കിയതെന്ന് മറക്കരുത്.

പള്ളിക്കൂടത്തില്‍ കുഞ്ഞുങ്ങള്‍ക്ക് ഉച്ചക്കഞ്ഞി വിതരണം ആരംഭിച്ചതും അദ്ദേഹമായിരുന്നു. ഓരോ നേരവും ഭക്ഷണത്തിനുള്ള അരി അളന്ന് പാത്രത്തിലിടുമ്പോള്‍ ഒരു പിടി മറ്റൊരു പാത്രത്തിലിട്ട് സൂക്ഷിച്ചുവയ്ക്കാന്‍ ഇടവകാംഗങ്ങളെ പ്രേരിപ്പിച്ചു. ആഴ്ചയുടെ അവസാനം ഈ അരി ആശ്രമത്തില്‍ എത്തിച്ച് പാവപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് നല്‍കി. 1854 കാലത്ത് തിരുവിതാംകൂര്‍ രാജാവിനെകൊണ്ട് അടിമത്വം അവസാനിപ്പിക്കുന്നത് ക്രിസ്ത്യന്‍ മിഷനറിമാരുടെ നിരന്തര സമ്മര്‍ദ്ദഫലമായിട്ടായിരുന്നു. മലയാള ഭാഷയ്ക്കും സാഹിത്യത്തിനും അര്‍ണോസ് പാതിരി നല്‍കിയ സംഭാവനകള്‍ ഒരിക്കലും മറക്കാനാവില്ല.

തിരുവിതാം കൂറിലെ സാമൂഹ്യ പരിഷ്‌കര്‍ത്താവും അധ്യാപക്‌നും, എഴുത്തുകാരനും മുസ്ലിം പണ്ഢിതനുംമായിരുന്ന വക്കം മൗലവി എന്ന വക്കം അബ്ദുല്‍ ഖാദര്‍ മൗലവിയുടെ സംഭാവനയോടെ കേരള നവോത്ഥാന രംഗത്ത് മാറ്റത്തിന്റെ കാറ്റ് വീശി.1910 ല്‍ തിരുവിതാംകൂര്‍ സര്‍ക്കാര്‍ നിരോധിച്ച്, കണ്ട്‌കെട്ടിയ സ്വദേശാഭിമാനി പത്രം സ്ഥാപിച്ചതും പ്രസിദ്ധീകരിച്ചിരുന്നതും ഇദ്ദേഹമായിരുന്നു.

ബ്രിട്ടീഷ് ഇന്ത്യയിലെ മലബാറിലെ മുസ്ലിം സമുദായത്തിന്റെ നവോത്ഥാന നായകനും പിന്നോക്കക്കാര്‍ക്കിടയില്‍ പാശ്ചാത്യ വിദ്യാഭ്യാസത്തിന്റെ പ്രചാരകനുമായിരുന്നു സനാഹുള്ള മക്തി തങ്ങള്‍.
മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബ് , കെ എം മൗലവി എന്നിവരൊന്നുമില്ലാതെ എങ്ങനെയാണ് കേരളത്തിന്റെ നവോത്ഥാന ചരിത്രംപൂര്‍ണമാകുന്നത് ?വിവിധ മതങ്ങളെയും സമുദായങ്ങളെയും ഏകോപിപ്പിക്കുകയാണ് നവോത്ഥാനം ചെയ്തത്.

മാപ്പിളലഹളയുടെ ചുവര്‍ചിത്രം പോലും സംഘപരിവാര്‍ ശക്തികള്‍ ഒഴിവാക്കുമ്പോള്‍ ചരിത്രം കൂടുതല്‍ ഉച്ചത്തില്‍ പറയേണ്ട സമയത്ത് മുഖ്യമന്ത്രി ഇങ്ങനെ തരം താഴരുത്. അങ്ങേയറ്റം സ്ത്രീവിരുദ്ധരെയും പമ്പയില്‍ സംഘര്‍ഷം ഉണ്ടാക്കുകയും അയോദ്ധ്യയില്‍ കര്‍സേവ നടത്തുകയും ചെയ്ത സിപി സുഗതനെ പോലുള്ളവരെ മേസ്തരിയായി നിയമിച്ചാണ് മതില്‍ പണിയാന്‍ പിണറായി തുടങ്ങുന്നത്. സിപിഎം തള്ളിക്കളഞ്ഞ സ്വത്വബോധത്തിലേക്കുള്ള തിരിഞ്ഞു നടപ്പാണ് ഇവിടെ ആരംഭിക്കുന്നത്. സ്വത്വബോധത്തിന്റെ പ്രചാരകനായിരുന്ന കെ ഇ എന്നിനെ കടന്നല്‍ കുത്തുന്നപോലെയാണ് സിപിഎം കുത്തിയോടിച്ചത് എന്ന് മറന്നുപോകരുത്.

കമ്യൂണിസ്റ്റ് ചരിത്രത്തെയും ആശയത്തെയും കുഴിച്ചുമൂടി ആ ശവപ്പറമ്പിലാണ് മതില്‍ പണിയാന്‍ ഒരുങ്ങുന്നത്. മതമില്ലാത്ത ജീവന്‍ പുറത്തിറക്കിയവര്‍ ഇപ്പോള്‍ മതവും ജാതിയും ഉപജാതിയുമാക്കി മലയാളികളെ ഓരോ കളത്തിലാക്കാന്‍ പരിശ്രമിക്കുകയാണ്. ജാതിയുടേയും മതത്തിന്റെയും പേരില്‍ അല്ലാതെ കേരളീയനായി ഓരോരുത്തരെയും കാണാന്‍ മുഖ്യമന്ത്രി തയാറാകണം.

രാജ്യത്തെ കാര്‍ന്നുതിന്നുന്ന വര്‍ഗീയ ശക്തിയായ ബിജെപിക്കെതിരേ ജനാധിപത്യമതേതര പാര്‍ട്ടികളെ കൂട്ടിയിണക്കാനായുള്ള നിര്‍ദേശം പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി മുന്നോട്ടു വച്ചപ്പോള്‍ ഈ വിഷയം മാസങ്ങള്‍ ചര്‍ച്ച ചെയ്തിട്ടും കേരളത്തില്‍ നിന്നുള്ള നാല് പോളിറ്റ്ബ്യുറോ അംഗങ്ങള്‍ക്കും തീര്‍ന്നിരുന്നില്ല. സംഘ്പരിവാറിനെതിരായ നീക്കത്തെ തുരങ്കം വയ്ക്കാനാണ് പിബി അംഗങ്ങള്‍ കിണഞ്ഞു പരിശ്രമിച്ചത്. എന്നാല്‍ ജാതിസംഘടനകളുടെ യോഗം വിളിച്ചുകൂട്ടാന്‍ ഒരുമിനിറ്റ് പോലും പോളിറ്റ് ബ്യുറോ അംഗം കൂടിയായ പിണറായി വിജയന് ആലോചിക്കേണ്ടിവന്നില്ല. ഇവിടെ പിഎസ് ശ്രീധരന്‍ പിള്ളയും പിണറായി വിജയനും ഒരേ കാര്യപരിപാടി തന്നെയാണ്. കേരളത്തില്‍ ചുവന്ന സംഘ്പരിവാറിനെയാണ് പിണറായി വിജയന്‍സൃഷ്ടിക്കുന്നതെന്നും രമേശ് ചെന്നിത്തല ഫെയ്‌സ് ബുക്കില്‍ കുറിച്ചു.

chandrika: