തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ വട്ടപ്പൂജ്യമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംസ്ഥാനത്ത് രാഷ്ട്രീയകൊലപാതകങ്ങള്‍ തുടരുന്ന സാഹചര്യത്തിലാണ് പിണറായിക്കെതിരെ കടുത്ത വിമര്‍ശവുമായ ചെന്നിത്തല രംഗത്തെത്തിയത്.
ഇപ്പോഴുണ്ടായ രാഷ്ട്രീയ കൊലപാതകങ്ങളോടെ മുഖ്യമന്ത്രി പിണറായി വിജയന്‍ വട്ടപ്പൂജ്യമാണന്ന് തെളിഞ്ഞിരിക്കുന്നു. ഭരിക്കാന്‍ അറിയില്ലെങ്കില്‍ മുഖ്യമന്ത്രി അധികാരം വിട്ടൊഴിയണമെന്നും ചെന്നിത്തല പറഞ്ഞു. പിണറായി സര്‍ക്കാര്‍ അധികാരമേറ്റ ശേഷമുളള 25-ാമത്തെ രാഷ്ട്രീയ കൊലപാതകമാണ് നടക്കുന്നത്. മുഖ്യമന്ത്രിക്ക് പൊലീസിന്റെ നിയന്ത്രണം നഷ്ടപ്പെട്ടു. കാശിന് കൊളളാത്ത ഡിജിപിയാണ് കേരളത്തിലുളളതെന്നും ചെന്നിത്തല പറഞ്ഞു.
കൊലപാതകം പ്രവര്‍ത്തനശൈലിയായി സ്വീകരിച്ച രണ്ടു പാര്‍ട്ടികളാണ് സി.പി.എമ്മും ആര്‍.എസ്.എസ് എന്നും ഇരു പാര്‍ട്ടികളും കേരളത്തിന് അപമാനമാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
മാഹിയില്‍ ഇന്നലെ സി.പി.എം, ബി.ജെ.പി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടത് രാഷ്ട്രീയ കൊലപാതകത്തിലെന്ന് എഫ്.ഐ.ആര്‍. സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗവും മാഹി മുന്‍ കൗണ്‍സിലറുമായ കണ്ണിപ്പൊയില്‍ ബാബുവിനെ വെട്ടിക്കൊന്നിരുന്നു. ബാബുവിന്റെ കൊലക്കു പിന്നില്‍ പത്തംഗസംഘമാണെന്ന് മാഹി എസ്.ഐ. ബി വിബല്‍കുമാര്‍ പറഞ്ഞു. ബാബുവിനെ പതിയിരുന്ന് ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.
ആര്‍.എസ്.എസാണ് കൊലപാതകത്തിന് പിന്നിലെന്നാണ് സി.പി.എം ആരോപണം. മാഹി പള്ളൂരില്‍വെച്ചാണ് ബാബുവിന് വെട്ടേറ്റത്. ബാബുവിന് വെട്ടേറ്റതിന് പിന്നാലെ ആര്‍.എസ്.എസ് പ്രവര്‍ത്തകനായ ഷിമോജും വെട്ടേറ്റ് കൊല്ലപ്പെട്ടിരുന്നു. ഷിമോജിന്റെ കൊലപാതകത്തിന് പിന്നില്‍ എട്ടംഗസംഘമാണെന്നും പൊലീസ് അറിയിച്ചു. അതേസമയം, സംഭവത്തില്‍ ആരും അറസ്റ്റിലായതായി വിവരമില്ല. കൊലപാതകത്തില്‍ പ്രതിഷേധിച്ച് കണ്ണൂരിലും മാഹിയിലും ഇന്ന് ഹര്‍ത്താല്‍ ആചരിക്കുകയാണ്.