X

പൊലീസിനെ അഭിനന്ദിച്ച് നായനാര്‍; നടപടിയെടുത്തു പിണറായി; ചരിത്രം ഓര്‍മ്മിപ്പിച്ച് ചെന്നിത്തല

തിരുവനന്തപുരം: സി.പി.എം ജില്ലാ ഓഫീസ് റെയ്ഡ് ചെയ്ത ഡി.സി.പി ചൈത്ര തെരേസ ജോണിനെതിരെ പ്രതികാര നടപടി സ്വീകരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന് ഇ.കെ നായനാരുടെ ചരിത്രം ഓര്‍മ്മിപ്പിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നിയമസഭയില്‍ ഇതുമായി ബന്ധപ്പെട്ട സബ്മിഷന്‍ അവതരിപ്പിക്കുന്നനിടെയാണ് 1990ല്‍ സമാനമായ സംഭവത്തില്‍ മുഖ്യമന്ത്രിയായിരുന്ന നായനാര്‍ സ്വീകരിച്ച നടപടി ചെന്നിത്തല ഓര്‍മ്മിപ്പിച്ചത്.
അന്ന് തിരുവനന്തപുരം സി.പി.എം ജില്ലാ ഓഫീസ് റെയ്ഡ് ചെയ്തതു. തിരുവനന്തപുരം കോര്‍പറേഷന്റെ മേയര്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യു.ഡി.എഫിന്റെ രണ്ട് കൗണ്‍സിലര്‍മാരെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ വാഹനം ഓടിച്ച ഡ്രൈവര്‍ ഗോപാലകൃഷ്ണനെ അറസ്റ്റ് ചെയ്യാനാണ് സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസ് റെയ്ഡ് ചെയ്തത്. ഇന്നത്തെ മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവായ രമണ്‍ ശ്രീവാസ്തവയായിരുന്നു പൊലീസ് കമ്മീഷണര്‍. ഹാരീസ് സേവ്യര്‍ ഡി.സി.പി ആയിരുന്നുവെന്നാണ് ഓര്‍മ്മ. ഇവരുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. ഇതിനെ ന്യായീകരിച്ചും റെയ്ഡ് ചെയ്ത പൊലീസ് നടപടിയെ അഭിനന്ദിച്ചും ഇ.കെ. നയനാര്‍ നിയമസഭയില്‍ പ്രസ്താവന നടത്തിയ സംഭവം ചെന്നിത്തല ഓര്‍മിപ്പിച്ചു.
അതേസമയം മുഖ്യമന്ത്രി പിണറായി വിജയന്‍ ഈ നിയമസഭയില്‍ ഒരു ചോദ്യത്തിന് പറഞ്ഞ മറുപടിയില്‍ ആയുധ സംഭരണം, കുറ്റവാളികളെ ഒളിപ്പിക്കല്‍, കുറ്റകരമായ ഗൂഢാലോചന തുടങ്ങിയ സംഭവങ്ങളില്‍ ഏര്‍പ്പെടുന്ന സംഘടനകളുടേയും സ്ഥാപനങ്ങളുടേയും ഓഫീസുകളുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിച്ചുവരികയും നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനാവശ്യമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചുവരികയുമാണ് എന്നുപറയുന്നു.
ഈ മറുപടിക്ക് ആധാരമായിട്ടുള്ള കാര്യമാണ് തെരേസാ ജോണ്‍ ചെയ്തിട്ടുള്ളത്. അവര്‍ ഒരു കുറ്റവും ചെയ്തിട്ടില്ല. പൊലീസ് ഉദ്യോഗസ്ഥരുടെ ആത്മാര്‍ത്ഥതയെ ചോദ്യം ചെയ്യുന്നത് തെറ്റായ സന്ദേശം പൊലീസ് സേനക്ക് നല്‍കുന്ന നടപടിയാണ്. മെഡിക്കല്‍ മെഡിക്കല്‍ കോളജ് പൊലീസ് സ്റ്റേഷന്‍ ആക്രമിച്ച കുറ്റവാളികളെ മുഴുവന്‍ പിടികൂടണമെന്നും ഡി.സി.പിക്ക് നേരെ ഉയര്‍ന്നിട്ടുള്ള തരംതാഴല്‍ നടപടി, വകുപ്പുതല അന്വേഷണം എന്നിവ ഉപേക്ഷിക്കണമെന്നും ചെന്നിത്തല മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.

chandrika: