X

മസാലാ ബോണ്ട് എല്ലാ വിവരങ്ങളും പുറത്തു വിടണം; മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് പ്രതിപക്ഷ നേതാവ്

കണ്ണൂര്‍: കിഫ്ബിയുടെ മസാലാ ബോണ്ട് സംബന്ധിച്ച മുഴുവന്‍ വിവരങ്ങളും പുറത്തുവിടണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കണ്ണൂര്‍ പ്രസ് ക്ലബ് മീറ്റ് ദിപ്രസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിപക്ഷത്തെയും നിയമസഭയെയും അറിയിക്കാതെയുള്ള മസാലബോണ്ട് ഇടപാട് സംമ്പന്ധിച്ച് നിരവധി ദുരൂഹതകളാണ് ഉയര്‍ന്നുവരുന്നത്. ഇതു സംമ്പന്ധിച്ച് ഇടതു പക്ഷത്തെ പ്രമുഖ ഘടകകക്ഷിയായ സിപിഐക്ക് വിവരമുണ്ടോ എന്നും ചെന്നിത്തല ചോദിച്ചു.

ഞാന്‍ ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ക്ക് മറുപടി പറയേണ്ടത് മുഖ്യമന്ത്രിയും ധനമന്ത്രിയുമാണ്.ഇതിനു പകരം കിഫ്ബിയിലെ കരാര്‍ ജീവനക്കാരനെയാണ് ഈ ദൗത്യം ഏല്‍പ്പിച്ചത്.ഇതിന്റെ ആവശ്യമില്ല. വളരെ രഹസ്യമായിട്ടാണ് കിഫ്ബി മസാലബോണ്ട് ഇടപാട് നടന്നിട്ടുള്ളത്. ഇതു സംബന്ധിച്ചുളള കൂടുതല്‍ തെളിവ് അടുത്ത ദിവസം പുറത്തുവിടും. ലണ്ടന്‍ സ്‌റ്റോക്ക് എക്‌സചേഞ്ചില്‍ ബോണ്ട് ലിസ്റ്റ് ചെയ്യുന്നതിനു മുന്നേ കനേഡിയന്‍ കമ്പനിമാത്രം എങ്ങിനെ വാങ്ങിയെന്ന് വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

മീറ്റ് ദി പ്രസില്‍ അദ്ദേഹം ഉന്നയിച്ച ചോദ്യങ്ങള്‍ ഇവയാണ്:

ബോണ്ടിന്റെ കാലാവധി എത്രയാണ്.2024 മുതല്‍ 25 വര്‍ഷത്തെ തിരച്ചടവാണെന്നാണ് നേരത്തെ സര്‍ക്കാര്‍ തന്നിരുന്ന ധാരണ. പക്ഷേ ലണ്ടന്‍ സ്‌റ്റോക്ക് എക്‌സേഞ്ചിന്റെ വെബ്‌സൈറ്റില്‍ 5 വര്‍ഷക്കാലവധിക്കുള്ളതെന്നാണ്.

അഞ്ച് വര്‍ഷക്കാലാവധിയാണെങ്കില്‍ സംസ്ഥാനത്തിന് വരുത്തി വയ്ക്കുന്ന ബാധ്യത കരുതിയതിലും വളരെ കൂടുതലായിരിക്കും. പദ്ധതികളുടെ പണി പൂര്‍ത്തിയാകുന്നതിന് മുമ്പ് പണം തിരിച്ചു നല്‍കേണ്ടി വരും. ഇത് വലിയ പ്രസിസന്ധിയായിരിക്കും

അഞ്ചു വര്‍ഷമാണെങ്കില്‍ വലിയ നഷ്ടമാണ് ഉണ്ടാവുക. 25 വര്‍ഷമാവുമ്പോള്‍ താരതമ്യേന ചെറിയ തുക ദീര്‍ഘകാലം നല്‍കേണ്ടി വരും.
എല്ലാം രഹസ്യമാക്കി വയ്ക്കാതെ സര്‍ക്കാര്‍ ഇനിയെങ്കിലും സത്യം പുറത്തു പറയണം.

ഇത് സംബന്ധിച്ച എല്ലാ ഫയലുകളും പ്രതിപക്ഷത്തിന് നല്‍കണം. ഇതുമായിബന്ധപ്പെട്ട ഇടപാട് സുതാര്യമാക്കണം.

ഓരോ ലിറ്റര്‍ ഇന്ധനവും വാങ്ങുമ്പോള്‍ കേരളീയര്‍ ഒരു രൂപ കിഫ്ബിക്ക് നല്‍കുകയാണ്. ഈ പൊതു മുതലാണ് കൊള്ള പലിശയ്ക്കുള്ള മസാല ബോണ്ട് വാങ്ങി ധൂര്‍ത്തടിക്കുന്നത്.

പലിശ കുറവാണെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.പക്ഷേ കിഫ്ബിയുടെ റേറ്റിംഗ് കുറവായതിനാല്‍ കൂടുതല്‍ പലിശ കൊടുക്കണ്ടി വന്നു എന്ന് കിഫ്ബി സി.ഇ.ഒയും പറയുന്നു. മുഖ്യമന്ത്രി പലിശ കുറവെന്ന് പറഞ്ഞ് ജനത്തെ പറ്റിക്കുകയാണ്.
കിഫ്ബി മസാല ബോണ്ട് പലശ 9.372 ശതമാനമാണ്. എന്നാല്‍ ലണ്ടന്‍സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്ത പലബോണ്ടിന്റെയും പലിശ ഏഴു ശതമാനത്തില്‍ കുറവാണ്.

മസാല ബോണ്ട് ലോകമെങ്ങുമുള്ള നിക്ഷേപകര്‍ക്ക് വാങ്ങാമെന്നിരിക്കെ കാനഡക്കാര്‍ മാത്രം എങ്ങനെ വാങ്ങി? അതും അതും ലാവ്‌ലിന്റെ സഖ്യകമ്പനി.
ലണ്ടന്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ കിഫ്ബി മസാല ബോണ്ട ലിസ്റ്റ് ചെയ്യാനിരിക്കുന്നതേയുള്ളൂ. അതിന് മുന്‍പ് കാനഡക്കാര്‍ എങ്ങനെ ഇതറിഞ്ഞു. അവരുമായി എങ്ങനെ കച്ചവടമുറപ്പിച്ചു? മുഖ്യമന്ത്രിയുമായുള്ള പഴയ ബന്ധമല്ലേ ഇതിന്റെ പിന്നില്‍?
ഇത്തരം ഇടപാടില്‍ കമ്മീഷനില്ലേ? ഇവിടെ എത്ര ആര്‍ക്കൊക്കെ കിട്ടി? കമ്മീഷന്‍ നല്‍കുന്നതില്‍ കുപ്രസിദ്ധരാണ് ലാവലിന്‍.
ലാവലിന്‍ കമ്പനി ഉദ്യോഗസ്ഥര്‍ പിടികിട്ടാ പുള്ളികളാണ്. ആ നിലയ്ക്ക് അവരുമായി വളഞ്ഞ വഴിക്ക് വീണ്ടും ഇടപാട് നടത്തുന്നത് നാടിന്റെ താത്പര്യം സംരക്ഷിക്കാന്‍ ആണോ. ലാവ്‌ലിന്റെ പഴയവൈസ് പ്രസിഡന്റ് സിഡിപിക്യൂ വിന്റെ വൈസ് പ്രസിഡന്റാണ് ഇപ്പോള്‍.

ഇത്തരം ഇടപാട് നടത്തുന്നതിന് മുന്‍പ് ഇടതു മുന്നണിയില്‍ ചര്‍ച്ച നടത്തിയോ? കുറഞ്ഞ പക്ഷം മന്ത്രിസഭയിലെങ്കിലും ചര്‍ച്ച നടത്തിയോ? ഘടക കക്ഷികളുടെ അഭിപ്രായം എന്താണ്? സിപിഐ നിലപാട് എന്താണ്?

കിഫ്ബിയാണ് ബോണ്ട് ഇറക്കുന്നതെങ്കിലും കടത്തിന്റെ ഭാരം വന്നു ചേരുന്നത് സംസ്ഥാനത്തിനും ഏറ്റവും ഒടുവില്‍ ജനങ്ങള്‍ക്കുമല്ലേ? ആ നിലയ്ക്ക് പൊതുവായ ചര്‍ച്ചയോ അംഗീകാരമോ വേണ്ടതല്ലേ?
9.732 എന്ന ഉയര്‍ന്ന പലിശ നിശ്ചയിച്ചത് ആരാണ്? അതിന് മുന്‍പ് എന്തു പഠനമാണ് നടത്തിയത്?

തിരുവനന്തപുരത്ത് ചര്‍ച്ചയ്ക്ക് വന്ന കനേഡിയന്‍ സംഘം വന്നിരുന്നോ ? ആരുമായൊക്കെ ചര്‍ച്ച നട
ത്തി? അതില്‍ ലാവലിന്‍ ഉദ്യോഗസ്ഥര്‍ ഉണ്ടായിരുന്നോ?

കള്ളം കയ്യോടെ പിടിക്കപ്പെട്ടതിന്റെ രോഷം മാത്രമാണ് ഐസക്കിന്. ഫ്രാങ്കിയുടെ വെബ്‌സൈറ്റില്‍ യു.എസ്.എയ്ഡിന്റെ ലിങ്ക് കണ്ടതു പോലുള്ള ബന്ധമേ ലാവ്‌ലിനും സി.ഡി.പി.ക്യൂവും തമ്മിലുള്ളൂ എന്നാണ് ഐസക്ക് പറയുന്നതെന്നും ചെന്നിത്തല പറഞ്ഞു.

chandrika: