പത്തനംതിട്ട: പിഎസ് സി നിയമനങ്ങളുടെ കാര്യത്തില്‍ കള്ളക്കണക്കുകള്‍ നിരത്തി ഉദ്യോഗാര്‍ത്ഥികളുടെ സമരം പൊളിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സെക്രട്ടേറിയറ്റിനു മുന്നില്‍ ഉദ്യോഗാര്‍ഥികള്‍ നടത്തുന്ന സഹന സമരത്തിലെ കാഴ്ചകള്‍ മുഖ്യമന്ത്രിയെ അലോസരപ്പെടുത്തുന്നില്ല. മുഖ്യമന്ത്രി പറഞ്ഞ കണക്കുകള്‍ എവിടെ നിന്ന് കിട്ടിയതാണെന്ന് പറയണം. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് 12,185 പൊലീസ് നിയമങ്ങള്‍ നടന്നു. 4791 അല്ല. ഉദ്യോഗാര്‍ഥികള്‍ നീതിക്കു വേണ്ടിയാണ് സമരം നടത്തുന്നത്. അതിനെ കള്ളക്കണക്ക് കൊണ്ട് സര്‍ക്കാര്‍ നേരിടുകയാണ്.
1,57,909 നിയമന ശുപാര്‍ശ നടത്തിയെന്ന് എല്‍ഡിഎഫ് പറയുമ്പോള്‍, 1,58,680 പേരെ യുഡിഎഫ് സര്‍ക്കാര്‍ നിയമിച്ചുവെന്ന് അഭിമാനത്തോടെ പറയാം. 5000 അധ്യാപകര്‍ക്ക് നിയമന ശുപാര്‍ശ നല്‍കിയിട്ടും ജോലി നല്‍കിയില്ല. 2000 സിവില്‍ പൊലീസ് ഓഫിസര്‍മാരുടെ ഒഴിവുകള്‍ ഇപ്പോഴുമുണ്ട്. യൂണിവേഴ്‌സിറ്റി കോളജിലെ കുത്തു കേസ് പ്രതികള്‍ ലിസ്റ്റില്‍ വന്നതിന്റെ പേരിലാണ് സിപിഒ ലിസ്റ്റ് മരവിപ്പിച്ചത്. ആ ലിസ്റ്റ് 6 മാസം നീട്ടിയിരുന്നെങ്കില്‍ പ്രശ്‌നം പരിഹരിക്കാമായിരുന്നു. ഐടി വകുപ്പിലെ അനധികൃത നിയമനങ്ങളെക്കുറിച്ചുള്ള ധനകാര്യ വകുപ്പിന്റെ അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവിടണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
സ്വര്‍ണക്കടത്തിന്റെ ഉത്തരവാദിത്തം കൂടി ചിലപ്പോള്‍ പിണറായി, ഉമ്മന്‍ ചാണ്ടിയുടെ തലയില്‍ കെട്ടി വയ്ക്കുമെന്നാണ് ഇപ്പോള്‍ തോന്നുന്നത്. സമരക്കാരുമായി ചര്‍ച്ചയില്ലെന്നു പറയുന്ന പിണറായി വിജയനു മോദിയുടെ സ്വരമാണ്. യുവജനങ്ങള്‍ക്കു വേണ്ടി മിണ്ടാത്ത ഡിവൈഎഫ്‌ഐ സര്‍ക്കാരിനെ സ്തുതിക്കുകയാണ്. 3 ലക്ഷത്തോളം താല്‍ക്കാലികക്കാരെ നിയമിച്ചുവെന്ന് പ്രതിപക്ഷം ആരോപിക്കുന്നത് വസ്തുതകളുടെ ബലത്തിലാണ്. സ്പാര്‍ക്ക് വഴി ശമ്പളം നല്‍കുന്ന താല്‍ക്കാലിക ജീവനക്കാരുടെ കണക്ക് പുറത്തു വിടാന്‍ ചെന്നിത്തല ആവശ്യപ്പെട്ടു.
ഐടി മിഷനില്‍ നിന്ന് ശിവശങ്കര്‍ പോയിട്ടും അഴിമതിക്കു കുറവില്ല. അനധികൃത നിയമനം തകൃതിയായി നടക്കുന്നു. യുഡിഎഫിലേക്ക് ആരെങ്കിലും കടന്നു വന്നത് എന്തെങ്കിലും സ്ഥാനങ്ങള്‍ മോഹിച്ചോ സീറ്റുകള്‍ മോഹിച്ചോ അല്ലെന്നും ചെന്നിത്തല പറഞ്ഞു. സഭാതര്‍ക്കം ബാവമാരുമായി ചര്‍ച്ച ചെയ്തു രമ്യമായി പരിഹരിക്കണമെന്നും അദ്ദേഹം പറഞ്ഞു.