X

മുഖ്യമന്ത്രിയുടെ വർഗീയ പദ്ധതി; സി.പി.എം സംസ്ഥാന സെക്രട്ടറി ഏറ്റെടുത്തു- ചെന്നിത്തല

തിരുവനന്തപുരം: ബി.ജെ.പിയെ വളർത്താൻ വേണ്ടി യു.ഡി.എഫിനെ ക്ഷീണിപ്പിച്ച് ബോധപൂർവ്വമായതും അപകടകരവുമായ ശ്രമമാണ് സി.പി.എം നടത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളത്തിൽ അപകടരമായ രാഷ്ട്രീയമാണ് സി.പി.എമ്മും മുഖ്യമന്ത്രിയും കളിക്കുന്നത്. കേരളത്തിന്റെ മതസൗഹാർദത്തെ തകർക്കാൻ ഇവർ ആഞ്ഞുശ്രമിക്കുകയാണ്. മതവിഭാഗങ്ങളെ തമ്മിലടിപ്പിക്കാൻ മുഖ്യമന്ത്രി ബോധപൂർവ്വം ശ്രമം നടത്തുന്നുണ്ട്. ഇത് തീ കൊണ്ട് തല ചൊറിയുന്നതിന് തുല്യമാണെന്നും ചെന്നിത്തല പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയൻ ആരംഭിച്ച വർഗീയ പദ്ധതി ഇപ്പോൾ സിപിഎമ്മിന്റെ ആക്ടിങ് സെക്രട്ടറി ഏറ്റെടുത്തിരിക്കുകയാണ്. തദ്ദേശ തിരഞ്ഞെടുപ്പിൽ ബി.ജെ.പിയുമായി സി.പി.എം രഹസ്യധാരണയുണ്ടാക്കി അവരെ ശാക്തീകരിക്കുന്ന സഹായങ്ങൾ ചെയ്തു. പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ഈ വർഗീയ ധ്രൂവീകരണം വിജയിച്ചുവെന്ന് കണ്ട് നിയമസഭാ തിരഞ്ഞെടുപ്പിൽ വീണ്ടും ഇറങ്ങി തിരിച്ചിരിക്കുന്നത്. അത് കേരള സമൂഹത്തിന് ഉണ്ടാക്കുന്ന മാരകമായ പരിക്ക് എന്തുകൊണ്ടാണ് സി.പി.എം തിരിച്ചറിയാത്തതെന്നും അദ്ദേഹം ചോദിച്ചു. നൂറോളം വാർഡുകളിൽ സി.പി.എമ്മിന് ബി.ജെ.പിയും എസ്.ഡി.പി.ഐയുമായും സഖ്യമുണ്ടാക്കിയിരുന്നുവെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.

തദ്ദേശ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് തകർന്ന് തരിപ്പണമായി എന്ന ഇടതുമുന്നണിയുടെ പ്രചരണം അടിസ്ഥാന രഹിതവും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗവുമാണ്. വോട്ടിങ് ശതമാനം പരിശോധിച്ചാൽ എൽ.ഡി.എഫിനേക്കാൾ യു.ഡി.എഫിന് വോട്ട് ലഭിച്ചു. കെ.പി.സി.സിയുടെ റിസർച്ച് ആൻഡ് ഡവലപ്പ്‌മെന്റ് വിഭാഗം വിശദമായി പഠനം നടത്തി ഇക്കാര്യം കണ്ടെത്തിയിട്ടുണ്ടെന്നും ചെന്നിത്തല പറഞ്ഞു.
യു.ഡി.എഫിന് 35.6 ശതമാനം വോട്ടുകൾ ലഭിച്ചപ്പോൾ എൽ.ഡി.എഫിന് 34.96 വോട്ടാണ് ലഭിച്ചത്. സംസ്ഥാനത്ത് യു.ഡി.എഫ് മികച്ച ശക്തിയായി നിലനിൽക്കുന്നുവെന്നാണ് വാസ്തവം. അത് മറച്ചുവെച്ചുകൊണ്ടാണ് വ്യാജപ്രചാരണം നടത്തുന്നത്.

നഗര മേഖലയിൽ മികച്ച വിജയം നേടാൻ സാധിച്ചു. ഗ്രാമപഞ്ചായത്തുകളിലും മുന്നേറ്റമുണ്ടാക്കി. എന്നാൽ കൂടുതൽ മികച്ച വിജയം ഉണ്ടാകാത്തതിൽ എല്ലാ ഘടകങ്ങളും പരിശോധിച്ചുവരികയാണ്. സർക്കാരിനെതിരായ എല്ലാ ആരോപണങ്ങളും അതേപടി നിലനിൽക്കുകയാണ്. എന്നാൽ അഴിമതിയും കൊള്ളയും നടത്തിയ സർക്കാരിന്റെ പ്രവർത്തനങ്ങളെ പൂർണ്ണമായി ചർച്ചാ വിഷയമാക്കേണ്ടതുണ്ട്. പ്രാദേശിക തിരഞ്ഞെടുപ്പ് ആയതിനാൽ രാഷ്ട്രീയ വിഷയങ്ങൾ കൂടുതൽ ചർച്ചയായില്ലെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.

zamil: