തൃശ്ശൂര്‍: സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതിപക്ഷ നേതാവായ തനിക്കെതിരെ ഗൂഢാലോചന നടത്തുന്നുവെന്ന് രമേശ് ചെന്നിത്തല. കള്ളക്കേസില്‍ കുടുക്കാനാണ് ശ്രമം. എംഎല്‍എമാരുടെ പേരില്‍ കേസെടുത്ത് നിശബ്ദമാക്കാമെന്ന് കരുതേണ്ട. സര്‍ക്കാരിനെതിരെ ശക്തമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു.
യുഡിഎഫ് സംസ്ഥാനത്ത് മികച്ച വിജയം നേടും. യുഡിഎഫിന് അനുകൂലമായ കാലാവസ്ഥ രൂപപ്പെട്ടിരിക്കുന്നു. സംസ്ഥാന സര്‍ക്കാരിനെതിരെ ശക്തമായ ജനവികാരം ഉണ്ടാകും. സിപിഎമ്മും സംസ്ഥാന സര്‍ക്കാരും ചരിത്രത്തിലെ ഏറ്റവും വലിയ അപചയം നേരിടുന്നു. ഒന്നും മറയ്ക്കാനില്ലെങ്കില്‍ മുഖ്യമന്ത്രി എന്തിനാണ് അന്വേഷണത്തെ ഭയക്കുന്നത്? തുടക്കം മുതലേ മുഖ്യമന്ത്രി പറയുന്നത് പച്ചക്കള്ളമാണ്. സ്വര്‍ണക്കടത്ത് അന്വേഷണം തന്നിലേക്ക് വരുന്നുവെന്ന് മുഖ്യമന്ത്രിക്ക് ഭയമാണ്. അതുകൊണ്ടാണ് അന്വേഷണ ഏജന്‍സികള്‍ക്കെതിരെ സമരം പ്രഖ്യാപിച്ചതെന്നും ചെന്നിത്തല പറഞ്ഞു.
ഏത് അന്വേഷണത്തേയും നേരിടാന്‍ തയ്യാറാണ്. പ്രതിപക്ഷത്തെ നിശബ്ദമാക്കാന്‍ സിപിഎമ്മിനോ സര്‍ക്കാരിനോ കഴിയില്ല. സര്‍ക്കാരിന് എതിരായ പോരാട്ടത്തില്‍ മുന്നോട്ട് പോകും. ചെമ്പൂച്ചിറ സംഭവത്തില്‍ വകുപ്പുതല അന്വേഷണം മാത്രം പോര. വിജിലന്‍സ് അന്വേഷണം വേണം. കെഎസ്എഫ്ഇ വിജിലന്‍സ് അന്വേഷണവുമാായി ബന്ധപ്പെട്ട്, അഴിമതി കണ്ടെത്തിയതിന് മന്ത്രി തോമസ് ഐസക് എന്തിനാണ് രോഷം കൊളളുന്നത്? ഒരന്വേഷണവും വേണ്ടെന്നാണ് തോമസ് ഐസക്കിന്റെ നിലപാട്. അഴിമതിക്കാരെ മൊത്തമായി സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം ഐസക്ക് ഏറ്റെടുത്തിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ബാര്‍ കോഴ കേസിനെ നിയമപരമായി നേരിടും. സോളാര്‍ കേസില്‍ സത്യം പുറത്തു വരട്ടെ. ആളുകളെ അപമാനിക്കാന്‍ ഉദ്ദേശിച്ചുള്ളതാണ് പ്രതിപക്ഷ നേതാവിനെതിരായ കേസ്. ഇതിനെ നിയമപരമായി നേരിടും. അപകീര്‍ത്തിപ്പെടുത്തിയതിന് കേസ് കൊടുക്കും. തൃശൂര്‍ കോണ്‍ഗ്രസില്‍ എംപി വിന്‍സന്റ് ഡിസിസി പ്രസിഡന്റായ ശേഷം മികച്ച പ്രവര്‍ത്തനമാണ് നടക്കുന്നത്. സ്ഥാനാര്‍ത്ഥി നിര്‍ണയ തര്‍ക്കത്തില്‍ കെ.പി വിശ്വനാഥന്റെ ആരോപണം സംബന്ധിച്ച് അദ്ദേഹവുമായി സംസാരിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.