കോഴിക്കോട്: കായല്‍ കൈയേറ്റം വ്യക്തമായിട്ടും മന്ത്രി തോമസ് ചാണ്ടിയെ സംരക്ഷിക്കുന്ന എന്‍.സി.പി നിലപാട് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കലക്ടറുടെ റിപ്പോര്‍ട്ട് പുറത്ത് വന്നതോടെ പ്രതിപക്ഷം ഉന്നയിച്ച കാര്യങ്ങള്‍ ശരിയായെന്ന് തെളിഞ്ഞു. മന്ത്രിയുടെ രാജി ആവശ്യപ്പെടാത്തത് സി.പി.എമ്മിന് തിരിച്ചടിയാകുമെന്നും കോഴിക്കോട് വാര്‍ത്താസമ്മേളനത്തില്‍ ചെന്നിത്തല പറഞ്ഞു.
തീരുമാനമെടുക്കാന്‍ എന്‍.സി.പിയോട് ആവശ്യപ്പെട്ടത് മുഖ്യമന്ത്രി പിണറായി വിജയന്റെയും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെയും തന്ത്രമാണ്. തോമസ് ചാണ്ടിയെ സംരക്ഷിക്കാനുള്ള ശ്രമങ്ങളില്‍ അവസാനത്തേതാണ് ഇതെന്ന് അദ്ദേഹം പറഞ്ഞു. എല്ലാവര്‍ക്കും തുല്യനീതിയുണ്ടാകണം. തോമസ് ചാണ്ടിക്ക് സര്‍ക്കാറില്‍ നിന്ന് സംരക്ഷണം ലഭിക്കുന്നു.
സോളാര്‍ റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ ഇടപെടലുണ്ടായെന്ന ആരോപണത്തില്‍ ഉറച്ച് നില്‍ക്കുകയാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് എന്തിനാണ് ജസ്റ്റിസ് ശിവരാജനെ വിളിച്ചതെന്നും ഒരു ഉദ്യോഗസ്ഥന്‍ അദ്ദേഹത്തെ സന്ദര്‍ശിച്ചത് എന്തിനാണെന്നും വ്യക്തമാക്കണമെന്ന് പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു. ബ്ലാക്ക്‌മെയില്‍ചെയ്യാന്‍ ശ്രമിച്ചത് ആരാണെന്ന് ഉമ്മന്‍ ചാണ്ടി തന്നെ വ്യക്തമാക്കട്ടെയെന്ന് അദ്ദേഹം കൂട്ടിചേര്‍ത്തു.
വാസ്തവ വിരുദ്ധമായ കാര്യങ്ങളാണ് സോളാര്‍ റിപ്പോര്‍ട്ടിലുള്ളത്. വാര്‍ത്താസമ്മേളനം നടത്തിയപ്പോള്‍ ഉണ്ടായിരുന്ന തിടുക്കം മുഖ്യമന്ത്രിക്ക് പിന്നീടില്ലാതിരുന്നത് തെളിവുകള്‍ ഇല്ലാത്തതുകൊണ്ടാണ്. എ.ജിയെയും ഡി.ജി.പിയെയും ഉപയോഗപ്പെടുത്തി രാഷ്ട്രീയ ഗൂഢലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ ഇടപെടുന്നത്. നിയമോപദേശത്തില്‍ കേസെടുക്കാനൊന്നുമില്ലാത്തതു കൊണ്ടാണ് അന്വേഷണം നടത്തുന്നത്. അന്വേഷണത്തെ ഭയപ്പെടുന്നില്ല. ജനങ്ങളെ അണിനിരത്തി യു.ഡി.എഫ് ഇതിനെ നേരിടുമെന്ന് അദ്ദേഹം പറഞ്ഞു.