X

ഹരിസ്വാമിയും കുമ്മനവും തമ്മിലുള്ള ബന്ധം പരിശോധിക്കണമെന്ന് ചെന്നിത്തല

തിരുവനന്തപുരം: ഹരിസ്വാമിക്ക് ബി.ജെ.പിയും കുമ്മനം രാജശേഖരനുമായുള്ള ബന്ധം പരിശോധിക്കേണ്ടതാണെന്ന് പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല. സ്വാമിയുമായി ബി.ജെ.പിക്ക് ബന്ധമുണ്ടെന്നാണ് പൊതുധാരണയെന്നും ചെന്നിത്തല പറഞ്ഞു.

സംസ്ഥാനത്ത് ഭരണത്തുടര്‍ച്ചയുണ്ടാകില്ലെന്ന് മുഖ്യമന്ത്രിതന്നെ സമ്മതിച്ചു. സംസ്ഥാന സര്‍ക്കാരിന് കൂട്ടുത്തരവാദിത്വമില്ല. അധികാരം മുഖ്യമന്ത്രിയില്‍ കേന്ദ്രീകരിച്ചിരിക്കുകയാണ്. സര്‍ക്കാര്‍ ജനങ്ങളില്‍ നിന്നകന്നുവെന്നും ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

2027ല്‍ മാത്രമേ ഇനി ഇടത് സര്‍ക്കാര്‍ അധികാരത്തില്‍ വരൂ. സി.പി.ഐയും സി.പി.എമ്മും തമ്മിലുള്ള തര്‍ക്കം ഭരണത്തെ ബാധിച്ചു. കെ.എം മാണി പോയതുകൊണ്ട് യു.ഡി.എഫിന് കോട്ടമൊന്നും സംഭവിച്ചിട്ടില്ല. മാണി സ്വയംപുറത്തുപോയതാണ്. അദ്ദേഹം ഞങ്ങള്‍ക്ക് അപേക്ഷ തന്നിട്ടില്ല. അതിനാല്‍ തിരിച്ചുവരണമെന്ന് പറയില്ലെന്നും യു.ഡി.എഫ് വിപുലീകരണം അജണ്ടയിലില്ലെന്നും ചെന്നിത്തല പറഞ്ഞു. ഒരു നേട്ടവും ഉണ്ടാക്കാതെയാണ് സര്‍ക്കാര്‍ ഒരു വര്‍ഷം പിന്നിടുന്നത്. എങ്കിലും വാര്‍ഷികം യു.ഡി.എഫ് ബഹിഷ്‌ക്കരിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

chandrika: