തിരുവനന്തപുരം: തീവ്ര ഹൈന്ദവ വര്‍ഗീയ നിലപാടിലൂടെ മാത്രമെ ആര്‍.എസ്.എസിനേയും ബി.ജെ.പിയേയും നേരിടാനാകൂവെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ആപത്കരമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വനിതാ മതില്‍ സംബന്ധിച്ച് താന്‍ ചോദിച്ച പത്ത് ചോദ്യങ്ങള്‍ക്ക് കൃത്യമാായ മറുപടി നല്‍കാതെ മുഖ്യമന്ത്രി ഉരുണ്ടു കളിക്കുകയാണെന്നും ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. വനിതാ മതില്‍ നിര്‍മ്മാണത്തിന്റെ യോഗത്തിന് ഹൈന്ദവ സംഘടനകളെയെ വിളിച്ചുള്ളൂവെന്ന് മുഖ്യമന്ത്രി സമ്മതിച്ചിരിക്കുകയാണ്. ന്യൂനപക്ഷ സംഘടനകളെ വിളിച്ചാല്‍ ആര്‍.എസ്.എസും ബി.ജെ.പിയും ആയുധമാക്കും എന്നതിനാലാണ് ന്യൂനപക്ഷ സംഘടനകളെ വിളിക്കാതിരുന്നതെന്നാണ് മുഖ്യമന്ത്രിയുടെ വാദം. തീവ്ര ഹൈന്ദവ വര്‍ഗീയതയെ നേരിടാന്‍ അതിലും തീവ്രമായ ഹൈന്ദവ വര്‍ഗീയതയാണ് മുഖ്യമന്ത്രി ഉപയോഗിക്കുന്നത്. സമൂഹത്തെ ഹിന്ദുവെന്നും മുസ്ിീം എന്നും ക്രിസ്ത്യാനിയെന്നും മുഖ്യമന്ത്രി വേര്‍തിരിക്കുന്നത് ആപത്താണ്. ഇത് സാമുദായിക ദ്രുവീകരണത്തിന് കാരണമാകുമെന്നും ചെന്നിത്തല പറഞ്ഞു.
കമ്മ്യൂണിസ്റ്റുകാരന്‍ എന്നു പറയുന്ന പിണറായി തന്റെ പാര്‍ട്ടി പരിപാടിയേയും സിദ്ധാത്തേയും തള്ളിക്കളയുകയാണന്ന് ചെന്നിത്തല പറഞ്ഞു. വനിതാമതില്‍ എന്തിനെന്ന് എന്റെ ചോദ്യത്തിന് എനിക്കത് അറിയില്ലേ എന്ന മറു ചോദ്യമാണ് മുഖ്യമന്ത്രി ഉന്നയിച്ചത്. ഈ ചോദ്യം മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവായ വി.എസ് അച്യുതാനന്ദന് മനസ്സിലാക്കി കൊടുക്കുകയാണ് പിണറായി ചെയ്യേണ്ടത്. ജാതി സംഘടനകളെ കൂട്ടുപിടിച്ചുള്ള സമരം വര്‍ഗ സമരത്തിന്റെ വഴിയല്ലന്നാണ് വി.എസ് പറഞ്ഞത്. അതിന്റെ അര്‍ത്ഥം പിണറായിക്ക് മനസ്സിലായിട്ടുണ്ടോ എന്ന് സംശയമാണ്. മതിലുകെട്ടാന്‍ മുന്നില്‍ നില്‍ക്കുന്ന സംഘടനകള്‍ക്കും ദേവസ്വം മന്ത്രിക്കും എന്തിനാണ് മതില്‍കെട്ടുന്നതെന്ന് അറിയാത്ത അവസ്ഥയാണ്. അവര്‍ക്കും പിണറായി മനസ്സിലാക്കി കൊടുക്കണം. ശബരിമല യുവതീ പ്രവേശനവുമായി വനിതാ മതിലിന് ബന്ധമുണ്ടോ എന്ന് തന്റെ ചോദ്യത്തിന് സുപ്രീം കോടതി വിധിയാണ് വനിതാ മതിലിന് നിമിത്തമായതെന്ന മുഖ്യമന്ത്രിയുടെ മറുപടിയില്‍ അദ്ദേഹത്തിന്റെ മുഖം മൂടി അഴിഞ്ഞു വീഴുന്നുവെന്ന് ചെന്നിത്തല പറഞ്ഞു.
സ്ത്രീകള്‍ക്ക് നേരെ അതിക്രമങ്ങള്‍ തടയാനാണ് മതില്‍കെട്ടുന്നതെന്നാണ് സര്‍ക്കാരിന്റെ വാദം. കഴിഞ്ഞ രണ്ടര വര്‍ഷത്തെ ഇടതു മുന്നണി ‘ഭരണത്തിനിടയിലാണ് സ്ത്രീകള്‍ക്ക്് നേരെ ഏറ്റവും അധികം അതിക്രമങ്ങള്‍ നടന്നത്. സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ തടയാന്‍ സര്‍ക്കാരിനായാല്‍ പിന്നെ വനിതാ മതില്‍കെട്ടാനുള്ള ആവശ്യമില്ല. സെക്രട്ടറിയേറ്റ് പടിക്കല്‍ സത്യാഗ്രഹമിരിക്കുന്ന സനലിന്റെ ‘ഭാര്യ വിജിക്ക് നല്‍കിയ വാക്ക് പാലിക്കാന്‍ ഒരിക്കലെങ്കിലും ചര്‍ച്ച നടത്തിയിട്ട് മതിയായിരുന്നോ മതില്‍ നിര്‍മ്മാണം. ഒരു വശത്ത് സ്ത്രീത്വത്തെ ചവിട്ടിമെതിക്കുകയും മറുവശത്ത് അതിന്റെ പേരില്‍ മതില്‍കെട്ടുകയും ചെയ്യുന്ന കാപട്യമാണ് സര്‍ക്കാരിനുള്ളതെന്നും ചെന്നിത്തല പറഞ്ഞു.