X

ബി.ജെ.പി പരാജയ ഭീതിയില്‍ മോദിയും തല്‍പരകക്ഷികളും ശബരിമല വിഷയം ആളിക്കത്തിക്കുന്നു: ചെന്നിത്തല

മുക്കം: കേരളത്തില്‍ ബി.ജെ.പി പൂര്‍ണമായും നിലംപതിക്കുമെന്ന് വ്യക്തമായതോടെ പ്രധാന മന്ത്രി നരേന്ദ്ര മോദിയും ബി.ജെ.പിയും സംഘപരിവാര്‍ ശക്തികളും ശബരിമല വിഷയം ആളിക്കത്തിക്കാന്‍ ശ്രമിക്കുകയാണന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുക്കത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശബരിമലയെ സംഘര്‍ഷ ഭൂമിയാക്കുന്നതില്‍ സി.പി.എമ്മും ബി.ജെ.പിയും ഒരു പോലെ കുറ്റക്കാരാണന്നും ചെന്നിത്തല പറഞ്ഞു. ആചാരങ്ങളും വിശ്വാസങ്ങളും സംരക്ഷിക്കാന്‍ ഭരണഘടനാ പരമായ ഉറപ്പ് നല്‍കുമെന്ന നരേന്ദ്ര മോദിയുടെ പ്രസ്താവന ഭക്തരെ കബളിപ്പിക്കുന്നതിനാണ്. ശബരിമലയില്‍ യുവതീ പ്രവേശനവിഷയത്തില്‍ സുപ്രീംകോടതി വിധി ഉണ്ടായപ്പോള്‍ കേന്ദ്രത്തിലെ ബി.ജെ.പി സര്‍ക്കാരിന് നിയമ നിര്‍മ്മാണം നടത്താമായിരുന്നു. അന്ന് അത് ചെയ്തില്ല. പകരം ഇത് സുവര്‍ണ്ണാവസരമെന്ന് പറഞ്ഞ് അക്രമം അഴിച്ചു വിടുകയും ശബരിമലയെ സംഘര്‍ഷ ഭൂമിയാക്കുകയുമാണ് ചെയ്തതെന്നും ചെന്നിത്തല പറഞ്ഞു. ശബരിമല വിഷയത്തില്‍ നിയമനിര്‍മ്മാണം വേണമെന്ന് യു.ഡി.എഫ് ആവശ്യപ്പെട്ടിരുന്നതാണ്. അന്ന് കേന്ദ്രത്തിന് അതിന് കഴിയില്ലെന്ന് പറഞ്ഞ് തര്‍ക്കിക്കുകയാണ് ശ്രീധരന്‍ പിള്ള ചെയ്തത്. എന്നിട്ട് ഇപ്പോള്‍ തിരഞ്ഞെടുപ്പ് എത്തിയപ്പോള്‍ ഭരണഘടനാപരമായ സംരക്ഷണം നല്‍കുമെന്ന് പ്രധാന മന്ത്രി പറയുന്നത് കബളിപ്പിക്കലാണെന്നു വ്യക്തം.
ശബരിമല വിഷയം അവധാനതയോടെ കൈകാര്യം ചെയ്യാതെ രാഷ്ട്രീയ ലക്ഷ്യം വച്ച് പ്രശ്നം ആവുന്നത്ര വഷളാക്കാനാണ് സി.പി.എമ്മും സംസ്ഥാനസര്‍ക്കാരും ചെയ്തത്. ഇത് മുതലെടുത്താണ് ബി.ജെ.പി സംഘര്‍ഷം വര്‍ധിപ്പിച്ചത്.
നമ്മുടെ സംസ്ഥാനത്തെയും വരും തലമുറയെയും കടക്കെണിയിലാക്കുന്ന മസാലാ ബോണ്ടിന്റെ കാര്യത്തില്‍ സത്യം തുറന്നു പറയാന്‍ തയ്യാറാവാതെ കള്ളക്കഥകള്‍ പ്രചരിപ്പിക്കാനാണ് ധനമന്ത്രി തോമസ് ഐസക്കും സി.പി.എമ്മും ശ്രമിക്കുന്നത്. കൊച്ചി മെട്രോ എടുത്ത വായ്പയുടെ പേരില്‍ കള്ളത്തരം പറഞ്ഞ് രക്ഷപ്പടാനാണ് ഇപ്പോള്‍ ശ്രമിക്കുന്നത്. കൊച്ചി മെട്രോക്ക് ഫ്രഞ്ച് കമ്പനിയായ എ.ഡി.എഫില്‍ നിന്ന് വായ്പ എടുത്ത്ത 1.35% മാത്രം പലിശയ്ക്കാണന്നും പണി പെട്ടന്ന് പൂര്‍ത്തായാക്കാന്‍ വേണ്ടിയാണ് കാനാറാ ബാങ്കില്‍ നിന്ന് 3500 കോടി രൂപ ലോണ്‍ എടുത്തതന്നും അദ്ദേഹം പറഞ്ഞു.
കിഫ്ബി ബോണ്ടില്‍ 12 കൊല്ലം കൊണ്ട് 2500 കോടി രൂപയ്ക്ക് 5410 കോടി തിരിച്ചടയ്ക്കേണ്ടി വരുമ്പോള്‍ കൊച്ചി മെട്രോ എടുത്ത വായ്പ 12 വര്‍ഷം കൊണ്ട് 4694 കോടി തിരിച്ചടച്ചാല്‍ മതി. അതായത് മസാലാ ബോണ്ട് ഒഴിവാക്കി മെട്രോ മോഡലില്‍ ധനസമാഹരണം നടത്തിയിരുന്നെങ്കില്‍ 24 ഫ്ളൈ ഓവറുകള്‍ സ്ഥാപിക്കാനുള്ള പണം ലാഭിക്കാമായിരുന്നു എന്നും ചെന്നിത്തല പറഞ്ഞു.

web desk 1: