X

ഡുഡു….ഡും; ഇതാണ് കളി… ഡുഡുവിന്റെ ഹാട്രികിലും ചെന്നൈ പുറത്ത്

Dudu Omagbemi

ചെന്നൈ: ഡുഡു ഒമാഗമിയെന്ന നൈജീരിയക്കാരന്‍ ഒന്നിന് പിറകെ ഒന്നായി മൂന്ന് വട്ടം വല ചലിപ്പിച്ചു-എന്നിട്ടും 3-3 ല്‍ കുരുങ്ങി നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ എഫ്‌സിയുടെ ഐ.എസ്.എല്‍ പ്രതീക്ഷകള്‍ അസ്തമിച്ചു. ഐ.എസ്.എല്‍ മൂന്നാം പതിപ്പിലെ രണ്ടാം ഹാട്രിക് കുറിച്ച ഡുഡു മൂന്ന് തവണ ടീമിന് ലീഡ് സമ്മാനിച്ചു. അര്‍ജന്റീനക്കാരനായ നിക്കോളാസ് വാലസിലുടെ രണ്ട് തവണ തിരിച്ചടിച്ച നോര്‍ത്ത് ഈസ്റ്റുകാര്‍ മല്‍സരത്തില്‍ പരാജയം ഉറപ്പിച്ചിരുന്നു. എന്നാല്‍ ലോംഗ് വിസിലിന് നിമിഷങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ഷൗവിക് ഘോഷിന്റെ ഹെഡ്ഡര്‍ മാര്‍ക്കോ മറ്റരേസിയുടെ സംഘത്തിന്റെ പ്രതീക്ഷകള്‍ അവസാനിപ്പിച്ചു.

ടീം ഉടമകളായ അഭിഷേക് ബച്ചനും മഹേന്ദ്രസിംഗ് ധോണിയുമെല്ലാം ആവേശപ്പോരാട്ടം ആസ്വദിക്കാന്‍ ഗ്യാലറിയിലുണ്ടായിരുന്നു. ഡുഡു എല്ലാവരുടെയും പ്രതീക്ഷകള്‍ക്കൊപ്പം കളം നിറയുകയും ചെയ്തു. പക്ഷേ പ്രതിരോധത്തിന്റെ ജാഗ്രതാകുറവില്‍ അവസാന നിമിഷം പിഴച്ച ചെന്നൈക്കാര്‍ ഇപ്പോള്‍ പോയന്റ് പട്ടികയില്‍ 15 പോയന്റുമായി എട്ടാം സ്ഥാനത്താണ്. ഇനി ഒരു മല്‍സരം മാത്രമാണ് ബാക്കി. അതില്‍ ജയിച്ചിട്ടും കാര്യമില്ല. അതേ സമയം നോര്‍ത്തുകാര്‍ 15 പോയന്റുമായി അഞ്ചാം സ്ഥാനത്തേക്ക് വന്നു. രണ്ട് കളികളും ബാക്കിയുണ്ട്.

ഡു ഡു…. എന്ന ആവേശത്തില്‍ കയറിയ ടീം അവസാനത്തില്‍ ഡും ആയ നിരാശയില്‍ പല താരങ്ങളും സങ്കടക്കടലിലായിരുന്നു മല്‍സരശേഷം.
സെമിഫൈനല്‍ ഉറപ്പിച്ചിരിക്കുന്ന ഡല്‍ഹി ഡൈനാമോസിന്റെ വഴി മുടക്കാന്‍ എഫ്.സി ഗോവയ്ക്കു കഴിയുമോ എന്ന് ഇന്നറിയാം.

സെമിഫൈനല്‍ സാധ്യത ഏറെക്കുറെ അവസാനിച്ചിരിക്കുന്ന അവസാന സ്ഥാനക്കാരായ ഗോവയ്ക്ക് 12 മത്സ്രരങ്ങളില്‍ നിന്ന് ലഭിച്ചിരിക്കുന്നത് 11 പോയിന്റ് മാത്രം . അവശേഷിക്കുന്ന രണ്ട് മത്സരങ്ങള്‍ ജയിച്ചാലും ഗോവയ്ക്ക് ഇനി അവസാന നാല് ടീമുകളുടെ പട്ടികയില്‍ എത്തുക അസാധ്യം. ഇന്ന് ഗോവയെ നേരിടുന്ന ഡല്‍ഹി ഡൈനാമോസിനു 11 മത്സരങ്ങളില്‍ നിന്ന് 17 പോയിന്റ് ലഭിച്ചിട്ടുണ്ട്. ഇന്ന് ജയിച്ചാല്‍ ഡല്‍ഹി രണ്ടാം സ്ഥാനത്തെത്തും. ഇന്ന് സ്വന്തം തട്ടകത്തില്‍ കളിക്കുന്നതിന്റെ മികവും ഡല്‍ഹിക്കുണ്ട്. ഗോവയുടെ മോഹങ്ങളെല്ലാം അവസാനിച്ചവെന്ന നിലയില്‍ അവരെ തള്ളിക്കളയാനാവില്ലെന്നു ഡല്‍ഹി കോച്ച് ജിയാന്‍ ലൂക്ക സാംബ്രോട്ടയ്ക്കു നന്നായി അറിയാം. ഒന്നും നഷ്ടപ്പെടാനില്ലാത്ത നിലയില്‍ അവസാന രണ്ടു മത്സരങ്ങളില്‍ ഗോവ തോറ്റകളി ആയിരിക്കും പുറത്തെടുക്കുക.

ഗോവയെ തോല്‍പ്പിക്കാന്‍ കഴിഞ്ഞാല്‍ പ്ലേ ഓഫിലേക്കു യോഗ്യത നേടുന്നതിനു ആവശ്യമായ മികച്ച പോയിന്റ് നില കൈവരിക്കാനാകുമെന്നു ജിയാന്‍ ലൂക്ക സാംബ്രോട്ട പറഞ്ഞു. എന്നാല്‍, പ്ലേ ഓഫീനു വേണ്ടിയുള്ള കണക്കുകൂട്ടലുകളൊക്കെ മാറ്റിവെച്ചു ജയിക്കുവാനുള്ള കളിയ്ക്കാണ് തയ്യാറെടുത്തിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ഈ സീസണില്‍ ഏറ്റവും മികച്ച ഹോം മത്സര വിജയങ്ങള്‍ നേടിയ ടീമാണ് ഡല്‍ഹി. സ്വന്തം തട്ടകത്തില്‍ ഡല്‍ഹിയെ ഒരു ടീമിനും തോല്‍പ്പിക്കാന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍ ഹോം ഗ്രൗണ്ടിലെ ആദ്യ മൂന്നു മത്സരങ്ങളിലും ഡല്‍ഹിയക്കു സമനില സമ്മതിക്കേണ്ടി വന്നിരുന്നു. അതിനുശേഷമാണ് കേരളബ്ലാസറ്റേഴ്‌സിനെ 2-0നു തോല്‍പ്പിച്ചുകൊണ്ട് സ്വന്തം തട്ടകത്തിലെ വിജയങ്ങള്‍ക്കു തുടക്കം കുറിച്ചത്. ഡല്‍ഹിയുടെ സ്വന്തം തട്ടകത്തിലെ അവസാന മത്സരം കൂടിയാണ് ഇത്. ഇനി അവര്‍ക്ക് മുംബൈയിലും ഗോഹാട്ടിയിലുമാണ് അടുത്ത മത്സരങ്ങള്‍ കളിക്കേണ്ടത്. അതിനാല്‍ സ്വന്തം തട്ടകത്തില്‍ വിജയം നേടേണ്ടത് ഡല്‍ഹിക്ക് വളരെ അത്യാവശ്യമാണ്.

ഇത് വളെര ദുഷ്‌കരമായ ഗെയിം ആയിരിക്കുമെന്ന് ജിയാന്‍ലൂക്ക സാംബ്രോട്ട പറഞ്ഞു. ഗോവ അവസാന സ്ഥാനക്കാരാണെന്നു കരുതി നിസാരക്കാരായി കണക്കാക്കാനാവില്ല. അതുകൊണ്ടു തന്നെ കളിക്കാരെല്ലാം കളിയില്‍ വളരെ ശ്രദ്ധചെലുത്തി ജയിക്കുമെന്ന ദൃഡനിശ്ചയത്തിലാണെന്നും സാംബ്രോട്ട പറഞ്ഞു.

ഗോവയുടെ മുന്നില്‍ ഇനി സെമിഫൈനലില്‍ എത്തുവാനുള്ള സാധ്യത വെറും 0.001 ശതമാനം മാത്രമെയുള്ളു. ഗോവയില്‍ നടന്ന ഹോം മാച്ചില്‍ അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയോട് എറ്റ 1-2 തോല്‍വിയാണ് ഗോവയുടെ പ്രതീക്ഷകളെ എല്ലം തരിപ്പണമാക്കിയത്. എന്നാല്‍ ഗോവയുടെ ബ്രസീലുകാരനായ പരിശീലകന്‍ സീക്കോ ഇന്നത്തെ ഡല്‍ഹിക്കെതിരെ അതേ വാശിയോടെ നേരിടാനാണ് കളിക്കാര്‍ക്ക്് ആഹ്വാനം നല്‍കിയിരിക്കുന്നത്.

ഗോവന്‍ ടീം തീര്‍ത്തും പ്രൊഫഷണലാണ്. ഗ്രൗണ്ടിലേക്കു ഇറങ്ങുമ്പോള്‍ ധരിക്കുന്ന ജേഴ്‌സിയോട് നീതിപുലര്‍ത്തുന്ന കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയുമില്ല. നൂറുശതമാനവും അതില്‍ ഉറച്ചുതന്നെ നില്‍ക്കുമെന്നും സീക്കോ പറഞ്ഞു.

ഗോവയില്‍ നടന്ന ആദ്യ പാദത്തില്‍ ഡല്‍ഹി 2-0നു ഗോവയെ തോല്‍പ്പിച്ചിരുന്നു. ഗോവയുടെ ദുര്‍ബലമായ പ്രതിരോധനിരയാണ് പ്രതീക്ഷകളെ പാടെ തകിടം മറിച്ചത്.പക്ഷേ, എതിര്‍ ടീമുകളുടെ ഗ്രൗണ്ടില്‍ ഗോവ ശക്തമായ വെല്ലുവിളിയാണ് ഉയര്‍ത്തിയട്ടുള്ളത്. ഡല്‍ഹിയാകട്ടെ എവേ മത്സരങ്ങളില്‍ കാര്യമായ വീറ് ഇതുവരെ കാട്ടിയട്ടില്ല. ഗോവ നേടിയ 11 പോയിന്റില്‍ ഏഴ് പോയിന്റും എതിരാളികളുടെ ഗ്രൗണ്ടില്‍ നിന്നും സ്വന്തമാക്കിയതാണ്.
എന്തായാലും ഈ മത്സരം തീര്‍ത്തും വ്യത്യസ്തമായിരിക്കുമെന്നു സീക്കോ പ്രവചിച്ചുകഴിഞ്ഞു. നൂറുശതമാനവും ഫിറ്റ് ആയ കളിക്കാരെ മാത്രമെ ഇന്ന് ഇറക്കുവെന്ന്.

chandrika: