ചെന്നൈ: ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ രണ്ടു ദിവസത്തെ വിശ്രമത്തിനു ശേഷം ടീമുകള്‍ വീണ്ടും പോരാട്ടത്തിനു തയ്യാറെടുക്കുന്നു. ഇന്ന് ചെന്നൈ മറീന അറീനയിലെ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ ആതിഥേയരായ ചെന്നൈയിന്‍ എഫ്.സി സന്ദര്‍ശകരായ മുംബൈ സിറ്റിയെ നേരിടും. 100 ശതമാനം വിജയം എന്ന റെക്കോര്‍ഡുമായാണ് ചെന്നൈയിന്‍ എഫ്.സി ഇന്ന് മുംബൈ സിറ്റിയെ നേരിടാന്‍ ഒരുങ്ങുന്നത്.
ചെന്നൈയിന്‍ എഫ്.സി കഴിഞ്ഞ നാല് മത്സരങ്ങളിലും മുംബൈ സിറ്റി എഫ്.സിയെ പരാജയപ്പെടുത്തിയിട്ടുണ്ട്. ആദ്യ സീസണിലെ ആദ്യ മത്സരത്തില്‍ ചെന്നൈയില്‍ 5-1 നും മുംബൈയിലെ രണ്ടാം മത്സരത്തില്‍ 3-0നും കഴിഞ്ഞ സീസണില്‍ യഥാക്രമം 2-0നും 3-0നുമായിരുന്നു ചെന്നൈയിന്‍ എഫ്.സി ജയിച്ചത്.
മൊത്തം 13 ഗോളുകളാണ് കഴിഞ്ഞ രണ്ട് സീസണുകളിലായി ചെന്നൈയിന്‍ എഫ്.സിയില്‍ നിന്നും മുംബൈ വാങ്ങിക്കൂട്ടിയത്. ഇരു ടീമുകളം തമ്മിലുള്ള മത്സരത്തോടെ ഈ സീസണിലെ ആദ്യപാദ മത്സരങ്ങള്‍ പൂര്‍ത്തിയാകും. ഇതോടെ എല്ലാ ടീമുകളും ഏഴ് മത്സരങ്ങള്‍ വീതം പിന്നിടും. നിലവില്‍ ചെന്നൈയിന്‍ എഫ്.സി. ഒന്‍പത് പോയിന്റോടെ അഞ്ചാം സ്ഥാനത്തും മുംബൈ സിറ്റി11 പോയിന്റോടെ രണ്ടാംസ്ഥാനത്തും നില്‍ക്കുകയാണ്. അതായത് മുംബൈ പഴയ മുംബൈ അല്ല. ഇത്തവണ റെക്കോര്‍ഡ് തിരുത്തിക്കുറിക്കും എന്ന പ്രതീക്ഷയിലാണ് മുംബൈ. എന്നാല്‍ മുംബൈക്കെതിരായ വിജയ റെക്കോര്‍ഡ് കാത്തു സൂക്ഷിക്കുമെന്ന ആത്മവിശ്വാസത്തിലാണ് ചെന്നൈയിന്‍ എഫ്.സിയെന്ന് പരിശീലകന്‍ മാര്‍ക്കോ മറ്റെരാസി പറഞ്ഞു.
ചെന്നൈയിന്‍ എഫ്.സി ഇതിനകം ഡല്‍ഹി, ഗോവ, കേരള ബ്ലാസ്‌റ്റേഴ്‌സ് എന്നീ ടീമുകളെയാണ് ഹോം ഗ്രൗണ്ടില്‍ നേരിട്ടത്. ഇതില്‍ ഡല്‍ഹിയുമായി 1-3നു തോറ്റു. നിലവിലുള്ള ചാമ്പ്യന്മാരും കഴിഞ്ഞ വര്‍ഷത്തെ റണ്ണേഴ്‌സ് അപ്പും തമ്മിലുള്ള ചെന്നൈയിന്‍ ഗോവ മത്സരത്തില്‍ 2-0നു ജയിച്ചു . കേരള ബ്ലാസ്‌റ്റേഴ്‌സിനോട് ഗോള്‍രഹിത സമനിലയും പിടിച്ചു. എല്ലാ വര്‍ഷവും എല്ലാം മാറും, ഒരുതവണത്തെ ഐഎസ്എല്‍ മുന്‍ വര്‍ഷത്തെ പോലെ ആകില്ല. ഈ സീസണില്‍ എന്നെ ഭയപ്പെടുത്തുന്നത് എല്ലാം വിപരീതമായിട്ടാണ് സംഭവിച്ചിരിക്കുന്നതെന്നതാണ്. ഗോവയില്‍ ഗോവക്കെതിരെ ആദ്യമായി ഇത്തവണ ജയിക്കാന്‍ കഴിഞ്ഞു.
അതേപോലെ, മുംബൈ ഇത്തവണ എല്ലാം തിരുത്തിക്കുറിക്കുമോ എന്നാണ് തന്റെ ഭയമെന്നും മറ്റെരാസി പറയുന്നു. നിലവില്‍ അഞ്ചാം സ്ഥാനത്തു നില്‍ക്കുന്ന ചെന്നൈയിന്‍ എഫ്.സി ഇന്ന് ജയിച്ചാല്‍ ഒന്നാം സ്ഥാനത്തു നില്‍ക്കുന്ന അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയ്ക്ക് ഒപ്പമാകും. ഹാന്‍സ് മോള്‍ഡറും, ജോണ്‍ ആര്‍ണെ റീസയും പരുക്കുമൂലം കളത്തില്‍ നിന്നും വിട്ടു നില്‍ക്കുന്നതാണ് ചെന്നൈയിന്‍ എഫ്.സി നേരിടുന്ന പ്രധാന വെല്ലുവിളി. ഇത്തവണ മികച്ച ഫോമില്‍ നില്‍ക്കുന്ന മുംബൈ പ്ലേ ഓഫിനു മുന്‍പുള്ള അവസാന മത്സരത്തെ പ്രതീക്ഷയോടെയാണ് കാണുന്നത്.
ചെന്നൈയിന്‍ എഫ്.സിക്കെതിരെ കഴിഞ്ഞ സീസണുകളിലെ മോശം റെക്കോര്‍ഡില്‍ മുംബൈയുടെ കോസ്റ്ററിക്കക്കാരനായ കോച്ച് അലക്‌സാന്ദ്രെ ഗുയിമെറസിനു ആശങ്ക അശേഷം ഇല്ല. മറിച്ച്, വിജയം ശീലമാക്കിയ തന്റെ ടീമിനെക്കുറിച്ചു ഗുയിമെറസിനു ഏറെ പ്രതീക്ഷയാണുള്ളത്. കഴിഞ്ഞ രണ്ട് സീസണുകളില്‍ നിന്നും ഇപ്പോഴത്തെ ടീം പാടെ മാറിയിരിക്കുന്നു. മുംബൈ ടീമിലെ ആരും പഴയ തോല്‍വിയുടെ കഥകള്‍ ഓര്‍ക്കുന്നുപോലുമില്ലെന്നും ഗുയിമെറസ് പറഞ്ഞു. ചാമ്പ്യന്‍ ടീമിനെതിരെയാണ് കളിക്കുന്നതെന്നു വ്യക്തമായ ബോധമുണ്ട്.
ഒരു പക്ഷേ തങ്ങളുടെ ടീമിനേക്കള്‍ ഏറെ തുടര്‍ച്ചയായി കളിച്ചവരാണ് ചെന്നൈയിന്‍ ടീം അംഗങ്ങളെന്നും അദ്ദേഹം പറഞ്ഞു. ടീമിന്റെ മാര്‍ക്വി താരം ഡീഗോ ഫോര്‍ലാന്‍ ഇറങ്ങുമെന്ന സന്തോഷ വാര്‍ത്തയും ഗുയിമെറസ് പങ്കുവെച്ചു. ഫോര്‍ലാന്‍ എന്നെല്ലാം ടീമിനു വേണ്ടി കളിച്ചിട്ടുണ്ടോ, അന്നെല്ലാം ടീം ജയിച്ചു. അദ്ദേഹം കളിച്ച മത്സരങ്ങളില്‍ എല്ലാം ഗോളടിക്കുകയോ ,ഗോളിനു വഴിയൊരുക്കുകയോ ചെയ്തിട്ടുണ്ട് . ഫോര്‍ലാന്‍ തിരിച്ചുവരുന്നുവെന്നത് എതിരാളികള്‍ക്കു ഭീഷണിയും ടീമിനു ഗുണകരവും ആകുമെന്നും ഗുയിമെറസ് കൂട്ടിച്ചേര്‍ത്തു.