മുംബൈ: ഐപിഎല്‍ 2018ലെ ആദ്യ മത്സരത്തില്‍ ചെന്നൈക്ക് ഒരു വിക്കറ്റിന്റെ ത്രസിപ്പിക്കുന്ന ജയം. ഹര്‍ദിക് പാണ്ഡ്യയുടെ ഓള്‍ റൗണ്ട് മികവും മൂന്ന് വിക്കറ്റ് വീഴ്ത്തിയ യുവ ബൗളര്‍ മായങ്ക് മാര്‍ക്കണ്ഡേയുടെ മാസ്മരിക ബൗളിങിനും മുംബൈയെ വിജയിപ്പിക്കാനായില്ല. 30 പന്തില്‍ 68 റണ്‍സെടുത്ത ഡ്വയ്ന്‍ ബ്രാ വോ യാണ് ചെന്നൈയെ വിജയ തീരത്തെത്തിച്ചത്. വിജയിച്ചെന്ന് മുംബൈ ഉറപ്പിച്ച ഘട്ടത്തിലാണ് ബ്രാവോയിലൂടെ ചെന്നൈ ഉയിര്‍ത്തെഴുന്നേറ്റത്. ഏഴു സിക്‌സറുകളാണ് ബ്രാവോ അടിച്ചു കൂട്ടിയത്. പരിക്കേറ്റ് പിന്‍മാറിയ കേദാര്‍ ജാദവ് തിരിച്ചെത്തിയാണ് ടീ മിന്റെ വിജയ റണ്‍ നേടിയത്. 22 റണ്‍സുമായി ജാദവ് പുറത്താവാതെ നിന്നു.
166 റണ്‍സിന്റെ വിജയ ലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ചെന്നൈക്കു തുടക്കത്തില്‍ തന്നെ ഷെയിന്‍ വാട്‌സണിന്റേയും (16), സുരേഷ് റെയ്‌നയുടേയും (4) വിക്കറ്റുകള്‍ തുടക്കത്തില്‍ തന്നെ നഷ്ടമായി. ഹര്‍ദിക് പാണ്ഡ്യയാണ് ഇരുവരേയും മടക്കിയത്. 22 റണ്‍സെടുത്ത അമ്പാട്ടി റായിഡുവും പിന്നാലെ മടങ്ങി. യുവതാരം മാര്‍ക്കണ്ഡേക്കായിരുന്നു വിക്കറ്റ്. പിന്നാലെ എത്തിയ ക്യാപ്റ്റന്‍ ധോണിയേയും മാര്‍കണ്ഡേ മടക്കി അഞ്ചു പന്തില്‍ അഞ്ചു റണ്‍സായിരുന്നു ധോണിയുടെ സമ്പാദ്യം. ഒന്നിന് 27 എന്ന നിലയില്‍ നിന്നും നാലിന് 51 എന്ന നിലയിലേക്ക് ചെന്നൈ മൂക്കു കുത്തി. ജഡേജയെ (12) മുസ്താഫിസുര്‍ റഹ്മാനും മടക്കി. ചാഹര്‍ (0) വന്നതു പോലെ പോയി. എങ്കിലും ബ്രാവോ ടീമിന് രക്ഷകനാവുകയായിരുന്നു. നേരത്തെ ആദ്യം ബാറ്റു ചെയ്ത മുംബൈ 165 റണ്‍സ് നേടി സ്വന്തം തട്ടകത്തില്‍ കരുത്ത് പ്രകടിപ്പിച്ചിരുന്നു. ടോസ് നേടിയ ചെന്നൈ മുംബൈയെ ബാറ്റിംഗിനയയ്ക്കുകയായിരുന്നു. എവിന്‍ ലൂയിസിനെയും (0), ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയെയും (15) നഷ്ടമായ ശേഷം ടീമിനെ ഇഷാന്‍ കിഷന്‍-സൂര്യകുമാര്‍ യാദവ് കൂട്ടുകെട്ടാണ് മുംബൈയെ ട്രാക്കിലാക്കിയത്. ഇരുവരും പുറത്തായ ശേഷം ഒത്തു ചേര്‍ന്ന പാണ്ഡ്യ സഹോദരങ്ങളുടെ ബാറ്റിംഗ് മികവില്‍ മുംബൈ നിശ്ചിത 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സ് നേടി. സൂര്യകുമാര്‍ യാദവ് 29 പന്തില്‍ 43 റണ്‍സ് നേടിയപ്പോള്‍ ഇഷാന്‍ കിഷന്‍ 29 പന്തില്‍ 40 റണ്‍സ് നേടി. മൂന്നാം വിക്കറ്റുല്‍ കൂട്ടുകെട്ടില്‍ ഇരുവരും ചേര്‍ന്ന് 78 റണ്‍സാണ് അടിച്ചെടുത്തത്. അഞ്ചാം വിക്കറ്റില്‍ ഹര്‍ദ്ദിക്ക്രുണാല്‍ കൂട്ടുകെട്ട് അടിച്ച് തകര്‍ത്തപ്പോള്‍ മുംബൈ മികച്ച സ്‌കോറിലേക്ക് നീങ്ങി. ക്രുണാല്‍ പാണ്ഡ്യയായിരുന്നു കൂടുതല്‍ അപകടകാരി. വെറും 22 പന്തില്‍ താരം 41 റണ്‍സ് നേടിയപ്പോള്‍ ഹാര്‍ദ്ദിക് 22 റണ്‍സ് നേടി. അപരാജിതമായ അഞ്ചാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 52 റണ്‍സാണ് നേടിയത്. ചെന്നൈയ്ക്കായി ഷെയിന്‍ വാട്‌സണ്‍ രണ്ടും, ദീപക് ചഹാര്‍, ഇംറാന്‍ താഹിര്‍ എന്നിവര്‍ ഒരു വിക്കറ്റ് വീതവും നേടി.
ഐ.പി.എല്‍: ചെന്നൈക്ക് ഒരു വിക്കറ്റിന്റെ ത്രസിപ്പിക്കുന്ന ജയം
Tags: IPL 2018