ചെന്നൈ: കാവേരി പ്രക്ഷോഭം രൂക്ഷമായ സാഹചര്യത്തില്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ചെന്നൈയില്‍ നടക്കേണ്ട ശേഷിക്കുന്ന മത്സരങ്ങളുടെ വേദി മാറ്റിയേക്കും. ബി.സി.സി.ഐ വൃത്തങ്ങളാണ് ഇതുസംബന്ധിച്ച സൂചന നല്‍കിയത്. പുതിയ വേദി ഉടന്‍ തീരുമാനിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. നാല് ബദല്‍ വേദികളാണ് ബി.സി.സി.ഐയുടെ പരിഗണനയിലുള്ളത്. വിശാഖപട്ടണം, തിരുവനന്തപുരം, പുനെ, രാജ്‌കോട്ട് എന്നിവയാണിത്. ചെന്നൈയോട് അടുത്തു കിടക്കുന്ന നഗരങ്ങള്‍ എന്ന നിലയില്‍ വിശാഖപട്ടണത്തിനും തിരുവനന്തപുരത്തിനുമാണ് കൂടുതല്‍ സാധ്യത.
ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ആദ്യ ഹോം മാച്ച് കഴിഞ്ഞ ദിവസം ചെന്നൈയിലെ ചെപ്പോക്ക് സ്‌റ്റേഡിയത്തില്‍ നടന്നിരുന്നു. കാവേരി പ്രക്ഷോഭ ഭീഷണിയെതുടര്‍ന്ന് ശക്തമായ സുരക്ഷാ ക്രമീകരണങ്ങള്‍ക്കൊടുവിലാണ് പ്രശ്‌നങ്ങളില്ലാതെ മത്സരം നടത്താനായത്. 4000ത്തിലധികം സുരക്ഷാ ജീവനക്കാരെയാണ് ഇതിനായി സ്റ്റേഡിയത്തിലും പരിസര പ്രദേശങ്ങളിലുമായി വിന്യസിച്ചിരുന്നത്. ചെപ്പോക്ക് സ്‌റ്റേഡിയത്തിനു മുന്നില്‍ നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട് ആയിരത്തോളം പേരെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. തമിഴ്‌നാട്ടിലെ മിക്ക രാഷ്ട്രീയ പാര്‍ട്ടികളും ഐ. പി. എല്‍ വേദി ചെന്നൈയില്‍നിന്ന് മാറ്റണമെന്ന നിലപാടിനെ പിന്തുണച്ച് രംഗത്തെത്തിയിട്ടുമുണ്ട്.
ഈ സാഹചര്യത്തില്‍ തുടര്‍ന്നുള്ള മത്സരങ്ങള്‍ക്കും ഇതേ രീതിയില്‍ സുരക്ഷ ഒരുക്കുക പ്രായോഗികമല്ലെന്ന വിലിയിരുത്തലിനെതുടര്‍ന്നാണ് വേദി മാറ്റുന്നത്. ചെന്നൈയില്‍ ഐ.പി.എല്‍ തുടര്‍ന്നാല്‍ വേദിയില്‍ നുഴഞ്ഞുകയറി പ്രതിഷേധിക്കുമെന്ന് ചില സംഘടനകള്‍ ഇന്നലെ ഭീഷണി മുഴക്കിയിട്ടുമുണ്ട്.