ചെന്നൈ: ഐപിഎല്ലില്‍ അടുത്ത സീസണിലും ചെന്നൈ സൂപ്പര്‍ കിങ്‌സിനെ എംഎസ് ധോനി തന്നെ നയിക്കുമെന്നാണ് വിശ്വാസമെന്ന് ഫ്രാഞ്ചൈസി സിഇഒ കാശി വിശ്വനാഥന്‍. ടീം എന്ന നിലയില്‍ ഇക്കൊല്ലം മാത്രമാണ് പ്രകടനം മോശമാക്കിയത്. അതുകൊണ്ട് ടീമില്‍ കാര്യമായ അഴിച്ചുപണിയുടെ ആവശ്യമുണ്ടെന്നു കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തിലാണ് മാനേജ്‌മെന്റിന്റെ നിലപാട് അദ്ദേഹം വ്യക്തമാക്കിയത്.
തങ്ങള്‍ക്കു വേണ്ടി മൂന്ന് കിരീടങ്ങള്‍ നേടിത്തന്ന ക്യാപ്റ്റനാണ് ധോനിയെന്നും പ്ലേ ഓഫിലേക്ക് യോഗ്യത നേടാതെ പോയത് ഇക്കൊല്ലം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. മറ്റൊരു ടീമിനും കഴിഞ്ഞിട്ടില്ലാത്ത നേട്ടമാണത്. ഈ ഒരു സീസണില്‍ ഇങ്ങനെ സംഭവിച്ചു എന്നതിന്റെ പേരില്‍ എല്ലാം മാറ്റണം എന്നു കരുതുന്നില്ലെന്നും കാശി വിശ്വനാഥന്‍ പറയുന്നു.
കഴിവിനനുസരിച്ച് ഈ സീസണില്‍ ഞങ്ങള്‍ കളിച്ചില്ല. ജയിക്കാമായിരുന്ന ചില കളികള്‍ തോറ്റു. അത് ഞങ്ങളെ പിന്നിലേക്ക് വലിച്ചു. സുരേഷ് റെയ്‌ന, ഹര്‍ഭജന്‍ സിങ് എന്നിവരുടെ പിന്മാറ്റവും, ക്യാമ്പില്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതും ടീം ബാലന്‍സിനെ അസ്വസ്ഥപ്പെടുത്തി’-അദ്ദേഹം കൂട്ടിച്ചേര്‍ത്തു.