X
    Categories: Video Stories

ചെന്നൈ സൂപ്പര്‍ കിങ്‌സില്‍ ചേരാനുള്ള കാരണം വ്യക്തമാക്കി ധോണി

ചെന്നൈ: രണ്ടു വര്‍ഷത്തെ വിലക്കിനു ശേഷം ഐ.പി.എല്ലില്‍ തിരിച്ചെത്തുന്ന ചെന്നൈ സൂപ്പര്‍ കിങ്‌സില്‍ ചേരാനുള്ള കാരണം വ്യക്തമാക്കി വെറ്ററന്‍ താരം മഹേന്ദ്ര സിങ് ധോണി. ചെന്നൈ തന്റെ പ്രിയപ്പെട്ട ടീമും നഗരവുമാണെന്നും ഇവിടുത്തെ ആരാധകര്‍ തന്നെ ദത്തെടുത്തതായും ധോണി പറഞ്ഞു.

‘മറ്റു ടീമുകളും എന്നെ സമീപിച്ചിരുന്നു. പക്ഷേ, ചെന്നൈ സൂപ്പര്‍ കിങ്‌സിലേക്ക് തിരിച്ചുവരാതിരിക്കാന്‍ എനിക്കാവില്ലായിരുന്നു. ഇതെന്റെ രണ്ടാമത്തെ വീടാണ്. ഇവിടുത്തെ ആരാധകര്‍ എന്നെ ദത്തെടുത്തിരിക്കുന്നു. തങ്ങളുടെ സ്വന്തം എന്ന പോലെയാണ് അവരെന്നെ സ്വീകരിക്കുന്നത്. അതിനേക്കാള്‍ വലിയ ബഹുമതി എനിക്കു കിട്ടാനില്ല.’ ധോണി പറഞ്ഞു.

27, 28 തിയ്യതികളില്‍ നടക്കുന്ന കളിക്കാരുടെ ലേലത്തില്‍, മുന്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് താരങ്ങളെ സ്വന്തമാക്കാന്‍ പരമാവധി ശ്രമിക്കുമെന്നും എന്നാല്‍ അത് എളുപ്പമല്ലെന്നും ധോണി പറഞ്ഞു. ‘മുമ്പ് ചെന്നൈയില്‍ കളിച്ചിരുന്ന പലര്‍ക്കും നിരവധി ആവശ്യക്കാരുണ്ടാകുമെന്നതുറപ്പാണ്. ലേലത്തെ നമ്മള്‍ വൈകാരികമായി സമീപിക്കുകയില്ല. എന്നാലും, വിലനിലവാരം അനുകൂലമാവുകയാണെങ്കില്‍ അവരെ തന്നെ സ്വന്തമാക്കാന്‍ ശ്രമിക്കും.’

‘അശ്വിന്റെ കാര്യത്തില്‍ നമ്മള്‍ അത് മുമ്പ് ചെയ്തിട്ടുണ്ട്. അദ്ദേഹം നാട്ടുകാരനാണ്. അതുകൊണ്ട് അശ്വിനെ ടീമിലെത്തിക്കാന്‍ പ്രത്യേക ശ്രദ്ധയുണ്ടാകും. അതുപോലെ ഡ്വെയ്ന്‍ ബ്രാവോ, ഫാഫ് ഡുപ്ലസ്സി, ബ്രണ്ടന്‍ മക്കല്ലം തുടങ്ങിയവരെല്ലാം ചെന്നൈയുമായി വൈകാരിക ബന്ധമുള്ളവരാണ്.’

മൂന്ന് കളിക്കാരെ നിലനിര്‍ത്താമെന്ന ബി.സി.സി.ഐയുടെ ആനുകൂല്യം ധോണി, രവീന്ദ്ര ജഡേജ, സുരേഷ് റെയ്‌ന എന്നിവര്‍ക്കു വേണ്ടിയാണ് ചെന്നൈ പ്രയോഗിച്ചത്. പന്തെറിയാനും മുന്‍നിരയില്‍ ബാറ്റ് ചെയ്യാനും കഴിയുന്നവരായതു കൊണ്ടാണ് ജഡേജയെയും റെയ്‌നയെയും നിലനിര്‍ത്തിയത്. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍, ക്യാപ്ടന്‍ എന്നീ നിലയിലാണ് ധോണി ടീമില്‍ തിരിച്ചെത്തിയിരിക്കുന്നത്.

ചന്ദ്രിക വെബ് ഡെസ്‌ക്‌: