ഷൊര്‍ണൂര്‍: ചെന്നൈയില്‍ നിന്നും മംഗലാപുരത്തേക്ക് വരികയായിരുന്ന സൂപ്പര്‍ഫാസ്റ്റ് മെയില്‍ (12601) ഷൊര്‍ണൂര്‍ റെയില്‍വേ സ്‌റ്റേഷന് സമീപം പാളം തെറ്റി. ആര്‍ക്കും ഗുരുതര പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല. പാലക്കാട് ഭാഗത്തു നിന്നും ഷൊര്‍ണൂര്‍ സ്‌റ്റേഷനിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് യാര്‍ഡിന് സമീപമാണ് പാളം തെറ്റിയത്. ഷൊര്‍ണൂര്‍ വഴിയുള്ള ട്രെയിന്‍ ഗതാഗതം താല്‍ക്കാലികമായി നിര്‍ത്തിവെച്ചതായി റെയില്‍വേ അറിയിച്ചു.
എന്‍ജിന് പിന്നിലെ രണ്ട് ബോഗികള്‍ മുഴുവനായും പാളം തെറ്റിയിട്ടുണ്ട്. പാളത്തിന് അരികിലെ ഇലക്ട്രിക് പോസ്റ്റുകള്‍ തകര്‍ന്നു. പാര്‍സല്‍ വാനും, എസ്.എല്‍.ആര്‍ കോച്ചുമാണ് പാളം തെറ്റിയത്. ഇതോടെ ഷൊര്‍ണൂരില്‍ നിന്നും കോഴിക്കോട്, തൃശ്ശൂര്‍ ഭാഗങ്ങളിലേക്കും പാലക്കാട് ഭാഗത്തേക്കുമുള്ള ട്രെയിന്‍ ഗതാഗതം മുടങ്ങി. തൃശൂര്‍ -പാലക്കാട് റൂട്ടില്‍ ട്രെയിന്‍ ഗതാഗതത്തെ ബാധിച്ചിട്ടില്ല. സിഗ്‌നല്‍ സംവിധാനം തകരാറിലായതിനാല്‍ ബദല്‍ സംവിധാനം ഏര്‍പ്പെടുത്താനുള്ള ശ്രമത്തിലാണ്. ബ്രേക്ക് അപ് വാന്‍ ഉള്‍പ്പെടെ അടിയന്തിര സംവിധാനങ്ങള്‍ ഷൊര്‍ണൂരില്‍ തന്നെ ഉള്ളതിനാല്‍ ഉടന്‍ ഗതാഗതം പുനസ്ഥാപിക്കാനാകുമെന്ന് റെയില്‍വേ അറിയിച്ചു.
ചെന്നൈ-മംഗലാപുരം മെയില്‍ പാളംതെറ്റിയതോടെ ഷൊര്‍ണ്ണൂര്‍പാലക്കാട് റൂട്ടിലോടുന്ന മറ്റുട്രെയിനുകളും പലയിടത്തും പിടിച്ചിട്ടു. മംഗലാപുരം മെയിലിന് പിന്നിലായി എത്തിയ യശ്വന്ത്പൂര്‍കണ്ണൂര്‍ എക്‌സ്പ്രസ്(16527) ഷൊര്‍ണൂരിന് സമീപം പിടിച്ചിട്ടിരിക്കുകയാണ്. രാവിലെ എട്ട് മണിക്ക് ഷൊര്‍ണൂരില്‍നിന്ന് കോയമ്പത്തൂരിലേക്ക് യാത്രതിരിക്കേണ്ട കോയമ്പത്തൂര്‍ പാസഞ്ചര്‍ ഒന്നര മണിക്കൂര്‍ വൈകി മാത്രമേ പുറപ്പെടുകയുള്ളു. ഗതാഗതം പുനസ്ഥാപിക്കാന്‍ സമയം എടുത്താല്‍ മറ്റു ട്രെയിനുകളും മണിക്കൂറുകള്‍ വൈകുമെന്നാണ് സൂചന.