X

ഒരു ജീവന്റെ വില; നഗരത്തില്‍ നിന്നും എടുത്തൊഴുവാക്കിയത് 3000 പരസ്യബോര്‍ഡുകള്‍

ചെന്നൈ: ഫ്‌ളക്‌സ് ബോര്‍ഡ് വീണ് സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ച സംഭവത്തിനും ഹൈക്കോടതി വിമര്‍ശനത്തിനും പിന്നാലെ ചെന്നൈ നഗരത്തില്‍ അനധികൃത ബോര്‍ഡ് നീക്കല്‍ തകൃതി. രണ്ടുദിവസങ്ങള്‍ക്കുള്ളില്‍ നഗരത്തിലെ വിവിധ സ്ഥലങ്ങളില്‍നിന്നായി മൂവായിരത്തോളം ബോര്‍ഡുകളാണ് കോര്‍പ്പറേഷന്‍ അധികൃതരും സിറ്റി പൊലീസും നീക്കിയത്. ഇത്തരം ബോര്‍ഡുകള്‍ കണ്ടെത്തി നീക്കംചെയ്യാന്‍ പ്രത്യേകസംഘത്തെ നിയോഗിച്ചിട്ടുണ്ട്.
ചെന്നൈ പള്ളിക്കരണിയില്‍ അണ്ണാ ഡി.എം.കെ. നേതാവിന്റെ മകന്റെ വിവാഹത്തിന് സ്ഥാപിച്ച ബോര്‍ഡ് മറിഞ്ഞുവീണാണ് സോഫ്റ്റ്‌വെയര്‍ എന്‍ജിനിയറായ ശുഭശ്രീ (23) മരിച്ചത്. ബോര്‍ഡ് വീണു നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ പിന്നാലെ എത്തിയ ലോറിക്കടിയില്‍പ്പെടുകയായിരുന്നു.

വ്യാഴാഴ്ച നടന്ന അപകടത്തെത്തുടര്‍ന്ന് സ്വമേധയാ കേസെടുത്ത ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. പൊതുസ്ഥലങ്ങളില്‍ ബോര്‍ഡുകളും ബാനറുകളും നിരോധിച്ച ഉത്തരവ് നടപ്പാക്കാന്‍ എത്ര ജീവനുകള്‍ റോഡില്‍ പൊലിയണമെന്നുചോദിച്ച കോടതി യുവതി മരിച്ച സംഭവത്തില്‍ കേസെടുക്കാന്‍ വൈകിയതിനെയും ചോദ്യംചെയ്തു. ഒരു വിഷയത്തില്‍ നടപടിയെടുക്കാന്‍ ഒരുമരണം നടക്കണമെന്ന് ചിലര്‍ വിശ്വസിക്കുന്നുവെന്നും കോടതി കുറ്റപ്പെടുത്തി. തുടര്‍ന്നാണ് അനധികൃത ബാനറുകള്‍ നീക്കംചെയ്യാന്‍ അതിവേഗം നടപടിയെടുത്തത്.
പൊലീസും കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥരും അടങ്ങുന്ന സംഘം പ്രത്യേകവാഹനത്തില്‍ ബോര്‍ഡുകള്‍ കണ്ടെത്താന്‍ വേണ്ടി മാത്രം റോന്തുചുറ്റുന്നുണ്ട്. മൂന്നുസംഘങ്ങളെയാണ് നിയോഗിച്ചിരിക്കുന്നത്. നഗരത്തെ 15 മേഖലകളായി തിരിച്ച് ഓരോസംഘവും അഞ്ചുമേഖലകളില്‍വീതം റോന്തുചുറ്റല്‍ നടത്തുന്നുണ്ട്. അതേസമയം ചെന്നൈയില്‍ നടപടികള്‍ ശക്തമാക്കിയെങ്കിലും മറ്റിടങ്ങളില്‍ അനധികൃത ബോര്‍ഡുകള്‍ നീക്കുന്നതിന് കാര്യമായ നടപടികളില്ല. എന്നാല്‍, പൊതുസ്ഥലങ്ങളില്‍ അനധികൃതമായി ബോര്‍ഡുകള്‍ സ്ഥാപിക്കുന്നവര്‍ക്ക് തടവുശിക്ഷ നല്‍കുന്നതരത്തില്‍ നിയമം കൊണ്ടുവരാന്‍ നീക്കമാരംഭിച്ചിട്ടുണ്ട്.

chandrika: