ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് വിജയം ഉറപ്പിച്ചിരിക്കുകയാണ് കണ്‍വീനര്‍ പി പി തങ്കച്ചന്‍. സിപിഎമ്മും ബിജെപിയും പരാജയഭീതിയില്‍ ആണ്. പ്രചാരണത്തിന്റെ അവസാന നിമിഷം ബിജെപിയും സിപിഎമ്മും വര്‍ഗീയ പ്രചരണം ആണ് നാല് വോട്ടിനു വേണ്ടി നടത്തിയത്. ഇരു പാര്‍ട്ടികള്‍ക്കും അവരുടെ സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പിനെ നേരിടാന്‍ കഴിയാത്ത സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ ഇന്നേവരെ ഉണ്ടാവാത്ത നെറികെട്ട സമീപനം സിപിഎം സ്വീകരിച്ചത്. മതേതര മനസ്സുള്ള ചെങ്ങന്നൂരിലെ ജനങ്ങള്‍ സിപിഎമ്മിന്റെ ഇത്തരം തറവേലകള്‍ തള്ളിക്കളയും. അയ്യപ്പസേവാസംഘം ഏതുതരത്തിലുള്ള സംഘടനയാണെന്ന് അറിയാത്ത ആളാണോ പതിറ്റാണ്ടുകളായി പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്ന കോടിയേരി ബാലകൃഷ്ണനെന്നും പിപി തങ്കച്ചന്‍ ചോദിച്ചു. എകെ ആന്റണിയെ പോലുള്ള നേതാവിനെ ആര്‍എസ്എസിന്റെ തലവന്‍ എന്ന് വിളിച്ച് കോടിയേരിയുടെ തലയില്‍ നെല്ലിക്കാത്തളം വയ്ക്കണം. കോടിയേരിയുടെ സര്‍ട്ടിഫിക്കറ്റ് എകെ ആന്റണിക്ക് ആവശ്യമില്ല. തെരഞ്ഞെടുപ്പില്‍ രണ്ട് വോട്ട് ലഭിക്കാന്‍ വേണ്ടി കോടിയേരി പിച്ചും പേയും പറയുകയാണ്. ഇടതുപക്ഷം പരാജയം തുറന്നു സമ്മതിച്ചിരിക്കുകയാണ്. ചിട്ടയായ പ്രവര്‍ത്തനത്തിലൂടെ യുഡിഎഫ് വന്‍ മുന്നേറ്റമാണ് ചെങ്ങന്നൂരില്‍ നടത്തിയിരിക്കുന്നത്. ചെങ്ങന്നൂര്‍ യുഡിഎഫിന്റെ ഉറച്ച കോട്ടയാണ്. വ്യാജ പ്രചരണങ്ങളും അസംബന്ധങ്ങളും ഇവിടെ ചെലവാകില്ല. യുഡിഎഫ് ചെങ്ങന്നൂര്‍ പിടിച്ചെടുക്കുമെന്നും ജനകീയനായ വിജയകുമാര്‍ വന്‍ ഭൂരിപക്ഷത്തില്‍ വിജയം നേടുമെന്നും യുഡിഎഫ് കണ്‍വീനര്‍ പി പി തങ്കച്ചന്‍ പറഞ്ഞു.
കേന്ദ്രസംസ്ഥാന സര്‍ക്കാറുകള്‍ക്കെതിരായ ജനവിധിക്കൊരുങ്ങി ചെങ്ങന്നൂര്‍
Tags: chengannur byelection