അഡ്വ. കെ.കെ.രാമചന്ദ്രന്‍നായരുടെ മരണാനന്തര ചടങ്ങുകള്‍ തീരുംമുമ്പേ ചെങ്ങന്നൂര്‍ സീറ്റ് ലക്ഷ്യമാക്കിയുള്ള നീക്കങ്ങള്‍ സിപിഎമ്മില്‍ സജീവമായി. സ്ഥാനാര്‍ത്ഥിത്വത്തിനായുള്ള സിപിഎം ജില്ലാ സെക്രട്ടറി സജി ചെറിയാന്റെ നീക്കങ്ങള്‍ക്ക് എതിരെ ഇതിനോടകം പാര്‍ട്ടിയിലെ ഒരു വിഭാഗം നേതാക്കള്‍ രംഗത്ത് എത്തിക്കഴിഞ്ഞു. ശക്തമായ മത്സരം നടക്കുമെന്ന് ഉറപ്പായ ചെങ്ങന്നൂരിലേക്ക് സിപിഎം നേതൃത്വവും ജില്ലയില്‍ നിന്നുള്ള മന്ത്രിയും ഉള്‍പ്പെടെയുള്ള ഒരുവിഭാഗം നേതാക്കള്‍ സജീവമായി പരിഗണിക്കുന്ന നടി മഞ്ജു വാര്യര്‍ക്കെതിരെ പരസ്യ നിലപാട് സ്വീകരിച്ചാണ് സജി ചെറിയാന്‍ തന്റെ സ്ഥാനാര്‍ത്ഥിത്വത്തിന് വേണ്ടിയുള്ള നീക്കങ്ങള്‍ നടത്തുന്നത്. മികച്ച നടിയായ മഞ്ജു അവരുടെ മേഖലയില്‍ ശോഭിക്കട്ടേയെന്നും അവരോട് ഇഷ്ടമുള്ള ആരോ ആണ് ഈ വാര്‍ത്തക്ക് പിന്നിലെന്നുമാണ് സജി ചെറിയാന്‍ മാധ്യമങ്ങളോട് പറഞ്ഞത്.
ചെങ്ങന്നൂര്‍ സ്വദേശിയായ സജി ചെറിയാനെ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ് സമയത്തും സ്ഥാനാര്‍ത്ഥി പട്ടികയില്‍ സജീവമായി പരിഗണിച്ചിരുന്നു. സാമുദായിക സമവാക്യങ്ങള്‍ക്ക് അനുസരിച്ച് ഒടുവില്‍ കെ. കെ രാമചന്ദ്രന്‍ നായരെ സിപിഎം മത്സര രംഗത്ത് ഇറക്കുകയായിരുന്നു. 2006ല്‍ പി. സി വിഷ്ണുനാഥിനെതിരെ ചെങ്ങന്നൂരില്‍ മത്സരിച്ച സജി ചെറിയാന്‍ വന്‍ പരാജയമാണ് ഏറ്റുവാങ്ങിയത്. പിന്നീട് പാര്‍ട്ടി നേതൃത്വത്തില്‍ സജീവമായ അദ്ദേഹം സുധാകര പക്ഷത്തെ പ്രമുഖനായി വളരുകയും കഴിഞ്ഞ സമ്മേളനകാലത്ത് ജില്ലാ സെക്രട്ടറിയായി വരികയുമായിരുന്നു.
രാമചന്ദ്രന്‍ നായരുടെ മരണ ശേഷം ചെങ്ങന്നൂരിലെ വിവിധ പരിപാടികളിലും ചടങ്ങുകളിലും സജി ചെറിയാന്‍ ഇപ്പോള്‍ സജീവമാണ്. പാര്‍ട്ടി പത്രത്തിന്റെ പിന്തുണയോടെയാണ് സജി ചെറിയാന്റെ പുതിയ നീക്കങ്ങള്‍. ചെങ്ങന്നൂര്‍ പെരുങ്കുളം പാടത്ത് ജില്ലാ സ്റ്റേഡിയം നിര്‍മ്മാണത്തിന് എത്തിയ ഉദ്യോഗസ്ഥര്‍ക്കൊപ്പം നിന്ന് ജനപ്രതിനിധിയെ പോലെ സജി ചെറിയാന്‍ രേഖകള്‍ പരിശോധിക്കുന്ന ചിത്രമടങ്ങിയ അഞ്ച് കോളം വാര്‍ത്തയാണ് ദേശാഭിമാനി കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചത്. ഇതിനെതിരെ പാര്‍ട്ടിക്കകത്തും എതിര്‍പ്പ് ഉയര്‍ന്നിട്ടുണ്ട്.
അതേ സമയം ഭൂരിപക്ഷ സമുദായ അംഗമായ സ്ഥാനാര്‍ത്ഥിയെ രംഗത്ത് ഇറക്കിയാല്‍ മതിയെന്ന നിലപാടിലാണ് സിപിഎമ്മിലെ ഒരുവിഭാഗം ഇപ്പോഴുമുള്ളത്. 2006ല്‍ സജി ചെറിയാന്‍ നഷ്ടപ്പെടുത്തിയ മണ്ഡലം 2016ല്‍ ഭൂരിപക്ഷ സമുദായക്കാരനായ കെ. കെ രാമചന്ദ്രന്‍ നായരാണ് തിരിച്ചു പിടിച്ചതെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു. 40,000 വോട്ടിന് മുകളില്‍ ബിജെപി കഴിഞ്ഞ തവണ സ്വന്തമാക്കിയ മണ്ഡലത്തില്‍ ന്യൂനപക്ഷ സമുദായ അംഗത്തെ സ്ഥാനാര്‍ത്ഥിയാക്കുന്നത് അബദ്ധമാണെന്നാണ് ഇവരുടെ വാദം. പാര്‍ട്ടിയിലെ സ്വാധീനവും മണ്ഡല പരിചയവും ചൂണ്ടിക്കാട്ടി ചെങ്ങന്നൂരിനായി സജി ചെറിയാന്‍ പിടിമുറുക്കുമ്പോള്‍ സാമുദായികത ഉയര്‍ത്തി സെക്രട്ടറിയുടെ നീക്കത്തെ പ്രതിരോധിക്കാനാണ് മറുവിഭാഗത്തിന്റെ ശ്രമം. എംഎല്‍എയുടെ മരണാനന്തര ചടങ്ങുകള്‍ പോലും തീരുന്നതിനു മുമ്പേ സ്ഥാനാര്‍ത്ഥിത്വത്തിനായി പാര്‍ട്ടിയില്‍ നടക്കുന്ന ചടരുവലികളില്‍ പ്രവര്‍ത്തകര്‍ക്കിടയിലും അമര്‍ഷം ശക്തമായിട്ടുണ്ട്.