X

ചെങ്ങന്നൂരില്‍ പരസ്യ പ്രചാരണം അവസാനിച്ചു; ആവേശമായി കലാശക്കൊട്ട്

ചെങ്ങന്നൂര്‍: മൂന്നു മാസത്തോളം നീണ്ട ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം അവസാനിച്ചു. വൈകിട്ട് ആറു മണിയോടെ പരസ്യപ്രചാരണം അവസാനിച്ചത്. മൂന്നു മുന്നണികളുടെയും പ്രമുഖ നേതാക്കളെല്ലാം ചെങ്ങന്നൂരില്‍ കൊട്ടിക്കലാശത്തിനെത്തിയിരുന്നു. നാളെ തങ്ങളുടെ വോട്ട് ഉറപ്പിക്കുന്നതിന്റെ ഭാഗമായി സ്ഥാനാര്‍ത്ഥികളും പാര്‍ട്ടി പ്രവര്‍ത്തവകരും മണ്ഡലത്തില്‍ നിശബ്ദ പ്രചാരണം നടത്തും. തിങ്കളാഴ്ചയാണ് ചെങ്ങന്നൂരിലെ വോട്ടെടുപ്പ്. പ്രചാരണത്തില്‍ ലഭിച്ച പിന്തുണ വോട്ടായി മാറുമെ്ന്നാണ് എല്ലാവരുടേയും പ്രതീക്ഷ.

തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു മുമ്പു തന്നെ വിവിധ കക്ഷികള്‍ പ്രചാരണ പരിപാടികള്‍ ആരംഭിച്ചതിനാല്‍ മൂന്നു മാസത്തോളം നീണ്ട പ്രചാരണത്തിനാണ് ചെങ്ങന്നൂര്‍ സാക്ഷ്യംവഹിച്ചത്.1,99,340 വോട്ടര്‍മാരാണ് അന്തിമ വോട്ടര്‍ പട്ടികയിലുള്ളത്. ഇതില്‍ 5039 കന്നി വോട്ടര്‍മാരാണ്. എല്ലാ വോട്ടര്‍മാരെയും പോളിങ് ബൂത്തിലേക്ക് എത്തിക്കുന്നതിനായിരിക്കും മുന്നണികളുടെ ശ്രമം. കാലാവസ്ഥ കൂടി അനുകൂലമായി എത്തിയാല്‍ പോളിങ് ശതമാനം വര്‍ധിക്കുമെന്നാണ് വിവരം. 2016ല്‍ 74.36 ശതമാനമായിരുന്നു ചെങ്ങന്നൂരിലെ പോളിങ്.

ശക്തമായ ത്രികോണ മത്സരമാണ് ചെങ്ങന്നൂരില്‍ പ്രകടമാകുന്നത്. കോണ്‍ഗ്രസിലെ ഡി.വിജയകുമാര്‍, എല്‍.ഡി.എഫിലെ സജി ചെറിയാന്‍, ബി.ജെ.പിയിലെ ശ്രീധരന്‍ പിള്ള എന്നിവര്‍ക്ക് പുറമെ രാഷ്ട്രീയ ലോക്ദള്‍ നേതാവ് ജി.പുന്തല, സോഷ്യലിസ്റ്റ് യൂണിറ്റി സെന്റര്‍ ഓഫ് ഇന്ത്യന്‍ കമ്യൂണിസ്റ്റ് നേചാവ് മധു ചെങ്ങന്നൂര്‍, ആം ആദ്മി പാര്‍ട്ടിയുടെ രാജീവ് പള്ളത്ത് എന്നിവരുമാണ് ചെങ്ങന്നൂരില്‍ ഇത്തവണ ജനവിധി തേടുന്നത്.

chandrika: