കേരളത്തിലെ നദികൾ മലിനമാക്കപ്പെടുകയും മത്സ്യങ്ങൾ ചത്തുപൊങ്ങുന്ന സാഹചര്യമുണ്ടാവുകയും ചെയ്തിട്ടും സർക്കാർ മൗനം പാലിക്കുകയാണെന്നും കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നും മുസ്ലിംലീഗ് പരിസ്ഥിതി സംരക്ഷണ സമിതി സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.
പെരിയാറിന് പിറകെ ഇപ്പോൾ മുട്ടാറിലും മത്സ്യങ്ങൾ ചത്തുപൊങ്ങുകയാണ്. വെള്ളത്തിൽ മാരകമായ രീതിയിൽ രാസമാലിന്യം കലർന്നതാണ് കാരണമെന്ന് കേരള മത്സ്യബന്ധന സമുദ്ര ഗവേഷണ സർവ്വകലാശാലയുടെ പ്രാഥമിക റിപ്പോർട്ട് വ്യക്തമാക്കുന്നുണ്ട്. അമിത അളവിലുള്ള അമോണിയയും സൾഫൈഡുമാണ് മത്സ്യങ്ങളുടെ കൂട്ടക്കുരുതിക്ക് കാരണമെന്ന് വ്യക്തമായിട്ടും സർക്കാർ അനങ്ങാപ്പാറ നയം തുടരുകയാണെന്നും സംസ്ഥാന കമ്മിറ്റി കുറ്റപ്പെടുത്തി.
ലോക പരിസ്ഥിതി ദിനമായ ജൂൺ അഞ്ചിന് സംസ്ഥാന വ്യാപകമായി വിവിധ പരിപാടികൾ സംഘടിപ്പിക്കാൻ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. സാമൂഹ്യ വനവൽക്കരണ വകുപ്പുമായി ചേർന്ന് പുതിയ വൃക്ഷ തൈകൾ നട്ടുപിടിപ്പിക്കും. മുൻകാലങ്ങളിൽ നട്ട തൈകൾക്ക് സംരക്ഷണം ഉറപ്പാക്കും. എല്ലാ ജില്ലകളിലും കുടുംബങ്ങളെ പങ്കെടുപ്പിച്ച് സെമിനാറുകൾ സംഘടിപ്പിക്കും. സമിതി സംസ്ഥാന ചെയർമാൻ കെ. കുട്ടി അഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ചു. സംസ്ഥാന കൺവീനർ സലിം കുരുവമ്പലം പദ്ധതികൾ വിശദീകരിച്ചു.
നിരന്തരമായ ബോധവൽക്കരണത്തിലൂടെ പരിസ്ഥിതി സംരക്ഷണം ഉറപ്പ് വരുത്തുമെന്ന് അദ്ദേഹം പറഞ്ഞു. എ.എം അബൂബക്കർ, നിസാർ വലിയപുരം, ശ്രീകുമാർ അമ്പലപ്പുഴ, ഇ. ഇനാമുറഹ്‌മാൻ, ഡോ. അബ്ദുസ്സലാം, മിർസാദ് മാന്നാർ, കെ.എച്ച് അബ്ദുസ്സമദ്, എം.ബി അമീൻ ഷാ, എം.ടി അബ്ദുൽ ജബ്ബാർ, ഡോ. സൈനുൽ ആബിദ്, അബ്ദുൽ മജീദ് ചെമ്പരിക്ക, കരീം പന്നിത്തടം, വി. ഹുസൈൻ വയനാട്, അസീം പത്തനാപുരം, അൻവർ ഷാ കോട്ടയം, ഫൈസൽ കോട്ടയം തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു. ജൂൺ അവസാന വാരം എക്‌സിക്യുട്ടീവ് യോഗം സംഘടിപ്പിക്കാനും തീരുമാനിച്ചു. കോ ഓർഡിനേറ്റർ ടി.കെ അബ്ദുൽ ഗഫൂർ മാറഞ്ചേരി നന്ദി പറഞ്ഞു.