ന്യൂഡല്‍ഹി: അമ്പതു ലക്ഷം ആളുകളെ കൂട്ടത്തോടെ കൊല്ലപ്പെടുത്താന്‍ ശേഷിയുള്ള രാസപദാര്‍ത്ഥം പിടികൂടി. ഇന്‍ഡോറിലെ അനധികൃത ലബോറട്ടറിയില്‍ നിന്നാണ് മാരകമായ രാസപദാര്‍ത്ഥം പിടികൂടിയത്. ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് നടത്തിയ പരിശോധനയിലാണ് മാരക ലഹരിമരുന്നായ ഫെന്റാനൈല്‍ പിടിച്ചെടുത്തത്. ഡിഫന്‍സ് റിസര്‍ച്ച് ആന്റ് ഡവലപ്‌മെന്റ് എസ്റ്റാബ്ലിഷ്‌മെന്റ് ലബോറട്ടറിയിലെ ശാസ്ത്രജ്ഞരുടെ സഹായത്തോടെ നടത്തിയ പരിശോധനയില്‍ ഇത് ഫെന്റാനൈല്‍ ആണെന്ന് സ്ഥിരീകരിച്ചു.
ഒമ്പതു കിലോയോളം വരുന്ന ഫെന്റാനൈലാണ് പിടിച്ചെടുത്തത്. ഇന്ത്യയില്‍ ഇതാദ്യമായാണ് ഫെന്റാനൈല്‍ പിടിക്കപ്പെടുന്നത്. അമ്പതു ലക്ഷത്തിലധികം ആളുകളെ ഒറ്റയടിക്ക് കൂട്ടത്തോടെ കൊല്ലാന്‍ ശേഷിയുള്ളതാണ് ഈ രാസവസ്തു. ലഹരിമരുന്നുകളായ ഹെറോയിനേക്കാള്‍ 50 മടങ്ങും മോര്‍ഫിനേക്കാള്‍ 100 മടങ്ങും അധികം വീര്യമുള്ളതാണ് ഫെന്റാനൈല്‍. ഇതിന്റെ പൊടി വളരെ കുറഞ്ഞ അളവില്‍ ശ്വസിച്ചാല്‍ തന്നെ ജീവന് ഭീഷണിയാണെന്നാണ് വിവരം. വളരെ വേഗത്തില്‍ വായുവില്‍ പരക്കുകയും ത്വക്കില്‍ ആഗിരണം ചെയ്യപ്പെടുകയും ചെയ്യും. രണ്ട് മില്ലിഗ്രാം ഫെന്റാനൈല്‍ ശരീരത്തിനകത്തെത്തിയാല്‍ മരണം ഉറപ്പാണെന്നാണ് ആരോഗ്യവിഭാഗം മുന്നറിയിപ്പ് നല്‍കുന്നത്.
വേദന സംഹാരികളായും അനസ്‌തേഷ്യ നടത്തുന്നതിനും നിയന്ത്രിത അളവില്‍ ഫെന്റാനൈല്‍ ഉപയോഗിക്കുന്നുണ്ട്. വിദഗ്ധ പരിശീലനം ലഭിച്ച ശാസ്ത്രജ്ഞര്‍ക്ക് അതീവ സുരക്ഷാ സംവിധാനത്തോടെ മാത്രമോ ലബോറട്ടറികളില്‍ രാസവസ്തു നിര്‍മിക്കാന്‍ സാധിക്കുകയുള്ളൂ.
ഔദ്യോഗിക കണക്കനുസരിച്ച് പിടിച്ചെടുത്ത ലഹരിമരുന്നിന് അന്താരാഷ്ട്ര വിപണിയില്‍ 110 കോടി വിലമതിക്കുമെന്നാണ് വിവരം. മെക്‌സിക്കന്‍ ലഹരി മരുന്ന് മാഫിയയാണ് ഇന്ത്യയില്‍ ഈ മരുന്ന് നിര്‍മിക്കുന്നതെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍.
നേരത്തെ ചൈനയിലായിരുന്നു ഇവരുടെ നിര്‍മാണ കേന്ദ്രങ്ങള്‍. എന്നാല്‍ ചൈനയില്‍ പരിശോധന ശക്തമായതോടെ രഹസ്യ നിര്‍മാണ കേന്ദ്രം ഇന്ത്യയിലേക്ക് മാറ്റുകയായിരുന്നുവെന്നാണ് വിവരം. ഇത് നിര്‍മിക്കാനാവശ്യമായ രാസവസ്തുക്കള്‍ നിയമവിരുദ്ധമായ വഴികളിലൂടെയാണ് ഇന്ത്യയിലേക്ക് എത്തുന്നത്.
അസംസ്‌കൃത വസ്തുവായ 4ANPP എന്ന രാസവസ്തുവിന്റെ ഇന്ത്യയിലെ വഴികള്‍ പിന്തുടര്‍ന്നാണ് ഫെന്റാനൈല്‍ പിടികൂടുന്നതിലേക്ക് എത്തിയത്. അമേരിക്കയില്‍ 2016ല്‍ മാത്രം ഫെന്റാനൈല്‍ ഉപയോഗം അമിതമായതിനെത്തുടര്‍ന്ന് 20,000 പേര്‍ മരിച്ചതായാണ് വിവരം. അപ്പാഷെ, ചൈന ഗിരി, ചൈനാ ടൗണ്‍ എന്നീ പേരുകളിലാണ് വിദേശ കരിഞ്ചന്തകളില്‍ ഫെന്റാനൈലിന്റെ പേര്.