കോഴിക്കോട്: ചെമ്പനോട വില്ലേജ് ഓഫീസിലെ കര്‍ഷക ആത്മഹത്യയില്‍ ഉദ്യോഗസ്ഥന്‍ നേരിട്ട് ഉത്തരവാദിയല്ലെന്ന് റിപ്പോര്‍ട്ട്. റവന്യൂ അഡീഷണല്‍ സെക്രട്ടറി തയാറാക്കിയ റിപ്പോര്‍ട്ടിലാണ് തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടി ഉദ്യോഗസ്ഥനെ വെള്ളപൂശി കാണിച്ചത്. ആത്മഹത്യ ചെയ്ത ജോയിയുടെ കരം സ്വീകരിക്കുന്നത് സംബന്ധിച്ച പ്രശ്‌നം പരിഹരിക്കുന്നതില്‍ തഹസില്‍ദാര്‍ക്കും വില്ലേജ് ഓഫീസര്‍ക്കും വീഴ്ച സംഭവിച്ചു. എന്നാല്‍ കര്‍ഷകനോട് ഉദ്യോഗസ്ഥര്‍ കൈക്കൂലി ആവശ്യപ്പെട്ടതിനു തെളിവില്ലെന്നും റവന്യൂമന്ത്രിക്കു കൈമാറിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തിയാണ് വില്ലേജ് അസിസ്റ്റന്റ് സിലീഷ് തോമസിനെ പൊലീസ് അറസ്റ്റു ചെയ്തത്. വിവാദമായതിനെത്തുടര്‍ന്ന് വില്ലേജ് ഓഫീസര്‍ സണ്ണിയെയും സിലീഷിനെയും റവന്യൂ വകുപ്പ് സസ്‌പെന്റ് ചെയ്തിരുന്നു. മരണം നടന്ന് ഒരു മാസം തികയുന്നതിനിടെയാണ് റിപ്പോര്‍ട്ടില്‍ ഉദ്യോഗസ്ഥന് ‘നല്ല’ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത്.
അതേസമയം, ജോയിയുടെ ആത്മഹത്യ കുടുംബപ്രശ്‌നമാണെന്നും സഹോദരനുമായി ചില തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുമുണ്ട്.