X

കലാശത്തില്‍ ലിവറിനെതിരെ ചെല്‍സി

ലണ്ടന്‍: നാല് കിരീടങ്ങള്‍ എന്ന വ്യക്തമായ ലക്ഷ്യത്തില്‍ കുതിക്കുന്ന ലിവര്‍പൂളിന് സീസണിലെ രണ്ടാം കിരീടം സ്വന്തമാക്കാന്‍ ഇന്ന് അവസരം. വെംബ്ലിയില്‍ എഫ്.എ കപ്പിന്റെ ഫൈനല്‍ പോരാട്ടം ഇന്ന് നടക്കുമ്പോള്‍ പ്രതിയോഗികള്‍ ചില്ലറക്കാരല്ല-നിലവിലെ യൂറോപ്യന്‍ ചാമ്പ്യന്മാരായ ചെല്‍സി. ചരിത്രത്തിലേക്കാണ് ജുര്‍ഗന്‍ ക്ലോപ്പെയുടെ സംഘം കുതിക്കുന്നത്. സീസണില്‍ അവര്‍ കറബാവോ കപ്പ് നേരത്തെ തന്നെ സ്വന്തമാക്കി. ഇന്ന് എഫ്.എ കപ്പില്‍ മുത്തമിടാനായാല്‍ കിരീടം രണ്ടാവും. പിന്നെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗാണ്. അതിന് സാധ്യത കുറവാണ്. രണ്ട് മല്‍സരങ്ങള്‍ മാത്രം ശേഷിക്കെ വ്യക്തമായ മൂന്ന് പോയിന്റ് ലീഡില്‍ മാഞ്ചസ്റ്റര്‍ സിറ്റിയാണ് മുന്നില്‍. അവര്‍ അവസാന രണ്ട് മല്‍സരങ്ങളില്‍ തോറ്റാല്‍ മാത്രമാണ് ലിവറിന് പ്രതീക്ഷ. അതിന് സാധ്യതയും കുറവാണ്. എങ്കിലും 22 ലെ അവസാന ലീഗ് പോരാട്ടം വരെ പ്രതീക്ഷയോടെ കാത്തിരിക്കുമെന്നാണ് കോച്ച് വ്യക്തമാക്കുന്നത്. സീസണിലെ അവസാന ഫൈനല്‍ ചാമ്പ്യന്‍സ് ലീഗാണ്. 28 ന് പാരിസില്‍ നടക്കുന്ന ആ ഫൈനലിലെ പ്രതിയോഗി റയല്‍ മാഡ്രിഡാണ് ചെല്‍സിക്കും ഇന്നത്തെ ഫൈനല്‍ നിര്‍ണായകമാണ്. സീസണില്‍ ഇത് വരെ ഒരു കിരീടം പോലുമില്ല വന്‍കരാ ചാമ്പ്യന്മാര്‍ക്ക്. പ്രീമിയര്‍ ലീഗില്‍ കിരീടമില്ല. കറബാവോ കപ്പ് പോയി. ചാമ്പ്യന്‍സ് ലീഗിലും പുറത്തായി. ഇനി ആകെ പ്രതീക്ഷ എഫ്.എ കപ്പാണ്. രണ്ട് ടീമുകളിലും സൂപ്പര്‍ താരങ്ങള്‍ നിരവധിയാണ്. അതിവേഗ ഫുട്‌ബോളിന്റെ വക്താക്കളാണ് രണ്ട് പേരും. രണ്ട് പരിശീലകരും പ്രതിരോധ സോക്കറിന്റെ ശക്തരായ എതിരാളികള്‍. കൃസ്റ്റിയന്‍ പുലിസിച്ച്, മസോണ്‍ മൗണ്ട്, കായ് ഹാവര്‍ട്‌സ്, നകാലേ കാണ്ടേ എന്നിവരടങ്ങുന്ന മധ്യനിരയാണ് ചെല്‍സിയുടെ കരുത്തെങ്കില്‍ മുഹമ്മദ് സലാഹ്, സാദിയോ മാനേ, റോബര്‍ട്ടോ ഫിര്‍മിനോ എന്നിവരടങ്ങുന്ന മുന്‍നിരയാണ് ലിവറിന്റെ ശക്തി. ചെല്‍സിയുടെ മുന്‍നിരയിലെ അപകടകാരി റുമേലു ലുക്കാക്കുവാണ്. പക്ഷേ കോച്ച് തോമസ് തുഷേല്‍ ലുക്കാക്കുവിന് ആദ്യ ഇലവനില്‍ അവസരം നല്‍കുമോ എന്നത് അവ്യക്തം. ഫോമിലുള്ള ടിമോ വെര്‍ണര്‍ക്കായിരിക്കും ലുക്കാക്കുവിനേക്കാള്‍ ഇന്ന് സാധ്യത.

Test User: