ലണ്ടന്‍:ലണ്ടന്‍ നഗരമധ്യത്തിലെ ഫുട്‌ബോള്‍ ക്ലബാണ് ചെല്‍സി. റഷ്യ യുക്രെയിനില്‍ അധിനിവേശത്തിന്റെ അതിക്രൂരതകള്‍ പ്രകടിപ്പിക്കുമ്പോള്‍ ചെല്‍സി എന്ന സൂപ്പര്‍ ക്ലബാണ് തലവേദനകളില്‍ അകപ്പെട്ടിരിക്കുന്നത്. അതിന് കാരണം മറ്റൊന്നല്ല-റഷ്യന്‍ കോടീശ്വരന്‍ റോമന്‍ അബ്രമോവിച്ചാണ് ക്ലബിന്റെ ഉടമ. അദ്ദേഹത്തിന് റഷ്യന്‍ പ്രസിഡണ്ട് വ്‌ളാളിഡിര്‍ പുടീനുമായി അടുത്ത ബന്ധമുണ്ട്. റഷ്യയുടെ യുദ്ധ നയത്തിനെതിരെ ഇംഗ്ലണ്ട് ഉള്‍പ്പെടെ യൂറോപ്പ് ഒന്നടങ്കം പ്രതികരിക്കുമ്പോള്‍ ഒന്നും പറയാന്‍ കഴിയാത്ത അവസ്ഥയിലാണ് ചെല്‍സിയും അതിന്റെ കോച്ചും താരങ്ങളുമെല്ലാം.
കഴിഞ്ഞ ദിവസം എഫ്.എ കപ്പ് മല്‍സരത്തിന് മുമ്പ് വാര്‍ത്താ സമ്മേളനത്തിനായി ചെല്‍സിയുടെ ജര്‍മന്‍ കോച്ച് തോമസ് തുഷേല്‍ വന്നപ്പോള്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ മുഴുവന്‍ യുദ്ധമായിരുന്നു. താന് രാഷ്ട്രീയക്കാരനല്ലെന്നും ഫുട്‌ബോള്‍ പരിശീലകനാണെന്നും ഫുട്‌ബോള്‍ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാമെന്നും പറഞ്ഞ് തുഷേല്‍ ഒഴിഞ്ഞ് മാറാന്‍ ശ്രമിച്ചെങ്കിലും മാധ്യമങ്ങള്‍ വഴങ്ങിയില്ല. ഒടുവില്‍ തുഷേല്‍ ക്ഷുഭിതനായി, വികാരഭരിതനായി. ക്ലബിന്റെ ഉടമ റഷ്യക്കാരനാണെങ്കിലും ആ രാജ്യത്തിന്റെ യുദ്ധ നയത്തില്‍ പ്രതികരിക്കേണ്ട ആളല്ല താനെന്നുമായിരുന്നു കോച്ചിന്റെ പ്രതികരണം. അപ്പോഴും അദ്ദേഹം യുദ്ധത്തിനെതിരെ പ്രതികരിച്ചില്ല. ആ ദിശയിലുള്ള ചോദ്യം വന്നപ്പോള്‍ താന്‍ ഇത് വരെ യുദ്ധം കണ്ടിട്ടില്ലെന്നും യുദ്ധ കെടുതികളുടെ ഭീകരത അറിയില്ലെന്നുമായിരുന്നു മറുപടി.
അബ്രമോവിച്ച് ഇപ്പോള്‍ റഷ്യയിലാണ്. അദ്ദേഹം ഇത് വരെ യുദ്ധ നയത്തില്‍ പ്രതികരിച്ചിട്ടില്ല. ആ രോഷം ക്ലബിന്റെ ഇംഗ്ലീഷ് ആരാധകര്‍ക്കുണ്ട്. ചോദ്യങ്ങള്‍ ഒഴിവാക്കാന്‍ അബ്രമോവിച്ച് ചെയ്ത ഒരു കാര്യം ക്ലബിന്റെ ഉടമസ്ഥാവകാശത്തില്‍ നിന്നും വ്യക്തിഗതമായി പിന്മാറി അധികാരം തന്റെ ചാരിറ്റബിള്‍ ട്രസ്റ്റിന് കൈമാറുകയായിരുന്നു. ഇന്നലെ സ്വിറ്റ്‌സര്‍ലന്‍ഡുകാരനായ ഒരു കോടിശ്വരന്‍- ഹാന്‍സ് ജോര്‍ജ്ജ് വെസ് ചെല്‍സി ക്ലബിന്റെ ഉടമസ്ഥാവകാശവുമായി രംഗത്ത് വന്നിട്ടുണ്ട്.
അബ്രമോവിച്ച് എത്രയും വേഗം ചെല്‍സി വിടുമെന്നും ക്ലബിന്റെ ഉടമസ്ഥാവകാശം തനിക്കായിരിക്കുമെന്നുമാണ് സ്വിസ് പത്രമായ ബ്ലിക്കിന് നല്‍കിയ പ്രസ്താവനയില്‍ ഇദ്ദേഹം വ്യക്തമാക്കിയിരിക്കുന്നത്. ഇംഗ്ലണ്ടിലെ തന്റെ വില്ലകളെല്ലാം അബ്രമോവിച്ച് വില്‍ക്കുകയാണെന്നും താമസിയാതെ അദ്ദേഹം ക്ലബും വില്‍ക്കുമെന്നും താനുള്‍പ്പെടെ മൂന്ന് പേര്‍ക്ക് ഇതുമായി ഓഫര്‍ ലഭിച്ചിട്ടുണ്ടെന്നും ഇദ്ദേഹം പറയുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ പ്രതികരിക്കാന്‍ ചെല്‍സി തയ്യാറായിട്ടില്ല. ചെല്‍സിയുടെ റഷ്യന്‍ ഉടമക്കെതിരെ ഇംഗ്ലണ്ട് ഉള്‍പ്പെടെ യൂറോപ്യന്‍ യൂണിയന്‍ പ്രഖ്യാപിച്ച ഉപരോധം വരുമെന്നിരിക്കെ ക്ലബിന്റെ പ്രവര്‍ത്തനവും പ്രശ്‌നത്തിലാണ്. 55 കാരനായ അബ്രമോവിച്ച് ഇത് വരെ പ്രശ്‌നത്തില്‍ പ്രതികരിക്കാത്തതും ഇംഗ്ലീഷ് ഭരണകുടത്തിന്റെ അമര്‍ഷത്തിന് കാരണമായിട്ടുണ്ട്.
ചെല്‍സിയെ കൂടാതെ റഷ്യന്‍ പങ്കാളിത്തമുള്ള ഒരു ക്ലബ് കൂടി ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലുണ്ട്-എവര്‍ട്ടണ്‍. അതിലൊരു ഡയരക്ടര്‍, അലിഷര്‍ ഉസ്മനോവ് റഷ്യക്കാരനാണ്. ഇന്നലെ ഇംഗ്ലീഷ് പാര്‍ലമെന്റില്‍ ചെല്‍സിയുടെ കാര്യത്തില്‍ വലിയ ചര്‍ച്ചയുണ്ടായിരുന്നു. ലേബര്‍ പാര്‍ട്ടി അംഗമായ ക്രിസ് ബയറന്റ് അബ്രമോവിച്ചിനെതിരെ ശക്തമായി പ്രതികരിച്ചു. ഉപരോധം പ്രഖ്യാപിച്ചാല്‍ അബ്രമോവിച്ച് ലണ്ടനിലെ അദ്ദേഹത്തിന്റെ വസതികളെല്ലാം വില്‍ക്കുമെന്ന ഭീഷണിയാണ് ഉയര്‍ത്തുന്നതെന്നും ഇത് അനുവദിക്കരുതെന്നുമാണ് അദ്ദേഹം പറഞ്ഞത്. ചെല്‍സിയുടെ ഉടമസ്ഥതയില്‍ നിന്നും അബ്രമോവിച്ചിനെ നീക്കണമെന്നും ക്ലബും അദ്ദേഹത്തിന്റെ മറ്റ് സമ്പാദ്യങ്ങളും പിടിച്ചെടുക്കണമെന്നും എം.പി ആവശ്യപ്പെട്ടു.