റോം: ഖത്തര്‍ ലോകകപ്പില്‍ കളിച്ച് രാജ്യാന്തര ഫുട്‌ബോളിനോട് വിടപറയാന്‍ മോഹിച്ചയാളാണ് ജോര്‍ജ്ജിനി ചെലീനി. എന്നാല്‍ തികച്ചും അപ്രതീക്ഷിതമായി പ്ലേ ഓഫില്‍ നിന്ന് നോര്‍ത്ത് മാസിഡോണിയക്ക് മുന്നില്‍ തകര്‍ന്ന് ലോകകപ്പ് ഫൈനല്‍ റൗണ്ടില്‍ നിന്ന് തുടര്‍ച്ചയായി രണ്ടാം തവണയും ഇറ്റലി പുറത്തായ നിരാശയിലാണ് നായകന്‍ ഇനി ഒരു ലോകകപ്പിന് ബാല്യമില്ല എന്ന സത്യം മനസിലാക്കി വിരമിക്കുന്നത്.
യൂറോപ്യന്‍ ചാമ്പ്യന്മാരും ലാറ്റിനമേരിക്കന്‍ ചാമ്പ്യന്മാരായ അര്‍ജന്റീനയും തമ്മില്‍ ജൂണില്‍ ലണ്ടനിലെ വെംബ്ലിയില്‍ നടക്കുന്ന മല്‍സരത്തില്‍ ദേശീയ കുപ്പായമണിഞ്ഞ ശേഷമായിരിക്കും വിരമിക്കല്‍. 2004 മുതല്‍ ഇറ്റാലിയന്‍ ദേശീയ സംഘത്തിലെ സ്ഥിരക്കാരനാണ് ഡിഫന്‍ഡറായ ചെലീനി. നിലവില്‍ ആന്ദ്രെ പിര്‍ലോക്കൊപ്പം രാജ്യത്തിനായി ഏറ്റവുമധികം മല്‍സരങ്ങള്‍ കളിച്ച അഞ്ചാമത് താരമാണ് അദ്ദേഹം. ഡാനിയല്‍ ഡി റോസി, പൗളോ മാല്‍ദീനി, ഫാബിയോ കനവാരോ, ജിയാന്‍ ലുയിജി ബഫണ്‍ എന്നിവരാണ് ഇറ്റലിക്കായി കൂടുതല്‍ മല്‍സരങ്ങള്‍ കളിച്ചവരില്‍ ചെലിനിയുടെ മുന്‍ഗാമികള്‍.