X

അഴിമതിക്കേസില്‍ തച്ചങ്കരിക്ക് സംരക്ഷണം; ചീഫ് സെക്രട്ടറി പുതിയ വിവാദത്തില്‍

തിരുവനന്തപുരം: ഡി.ജി.പി സെന്‍കുമാറിനെതിരായ നിലപാടുകളുടെ പേരില്‍ വിവാദത്തിലകപ്പെട്ട ചീഫ് സെക്രട്ടറി നളിനി നെറ്റോ പുതിയ വിവാദത്തില്‍. അഴിമതിക്കേസില്‍ കുടുങ്ങിയ പൊലീസ് ആസ്ഥാനത്തെ എ.ഡി.ജി.പി ടോമിന്‍ തച്ചങ്കരിയെ സംരക്ഷിച്ചുവെന്നതാണ് നളിനി നെറ്റോക്കെതിരായ ആക്ഷേപം. കൈക്കൂലി വാങ്ങിയെന്ന കേസില്‍ ടോമിന്‍ തച്ചങ്കരിയെ സസ്‌പെന്റ് ചെയ്യണമെന്ന വിജിലന്‍സ് ഡയരക്ടറുടെ ശിപാര്‍ശയില്‍മേല്‍ നളിനി നെറ്റോ നടപടി വേണ്ടെന്ന് വെച്ചതാണ് വിവാദമായത്.

മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ പേഴ്‌സണല്‍ അസിസ്റ്റായിരുന്ന കെ.എം ഷാജഹാനാണ് ഇത് സംബന്ധിച്ച പരാതിയുമായി രംഗത്തുവന്നത്. ട്രാന്‍സ്പോര്‍ട്ട് കമ്മിഷണറായിരിക്കെ പാലക്കാട് ആര്‍.ടി.ഒ ശരവണനോട് മൂന്ന് ലക്ഷം കൈക്കൂലി വാങ്ങിയെന്ന കേസില്‍ ടോമിന്‍ തച്ചങ്കരിയെ അന്വേഷണവിധേയമായി സസ്പെന്റു ചെയ്യണമെന്നാവശ്യപ്പെട്ട് അന്നത്തെ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് അഡീഷണല്‍ ചീഫ് സെക്രട്ടറിയായിരുന്ന നളിനി നെറ്റോയ്ക്ക് ശിപാര്‍ശ നല്‍കിയിരുന്നു. ടോമിന്‍ തച്ചങ്കരിയുടെ ഏജന്റ് ജോമോന്‍ വഴിയാണ് പണം കൈപ്പറ്റിയതെന്നും കേസിന്റെ സുഗമമായ അന്വേഷണത്തിന് തച്ചങ്കരിയെ സസ്പെന്റ് ചെയ്യണമെന്നുമായിരുന്നു ശിപാര്‍ശ. 2016 ഓഗസ്റ്റിലായിരുന്നു ജേക്കബ് തോമസ് നളിനി നെറ്റോക്ക് ഇതുസംബന്ധിച്ച ഫയല്‍ നല്‍കിയത്.
എന്നാല്‍ അന്വേഷണ ഉദ്യോഗസ്ഥന്റെ റിപ്പോര്‍ട്ടില്‍ സസ്പെന്റു ചെയ്യണമെന്ന് നിര്‍ദേശിച്ചിട്ടില്ലാത്തതിനാല്‍ നടപടി വേണ്ടെന്നായിരുന്നു നളിനി നെറ്റോയുടെ നിലപാട്. അന്വേഷണം തുടങ്ങി ആറുമാസം കഴിഞ്ഞെന്നും കോസ്റ്റല്‍ സെക്യൂരിറ്റി എ.ഡി.ജി. പിയുടെ ചുമതല വഹിക്കുന്നതിനാല്‍ സസ്പെന്റു ചെയ്യേണ്ടതില്ലെന്നും നളിനി നെറ്റോ മറുപടി നല്‍കി. ശിപാര്‍ശ നല്‍കിയ ആറുമാസത്തിന് ശേഷമായിരുന്നു ഇത് സംബന്ധിച്ച ഫയല്‍ നളിനി നെറ്റോ വിജിലന്‍സിന് മടക്കി നല്‍കിയത്.
കോടതിവിധിയോടെ പൊലീസ് മേധാവി സ്ഥാനത്ത് തിരിച്ചെത്തിയ ടി.പി സെന്‍കുമാറിനെ ഒതുക്കാനാണ് തച്ചങ്കരിയെ പൊലീസ് ആസ്ഥാനത്ത് എ.ഡി.ജി.പിയായി നിയമിച്ചത്. നിരവധി തവണ അച്ചടക്ക നടപടി നേരിടേണ്ടി വന്ന തച്ചങ്കരിയെ സര്‍ക്കാര്‍ സംരക്ഷിക്കുന്നതായി ഇതോടെ ആക്ഷേപം ഉയര്‍ന്നിരുന്നു.

chandrika: