ഫൈസല്‍ മാടായി
ആഹാര സാധനങ്ങളിലെ മായം കണ്ടെത്താനും തടയാനും നിരന്തരമായ ജാഗ്രതയും നടപടിയുമില്ല. ദുരന്തങ്ങളുണ്ടാകുമ്പോള്‍ നടക്കുന്ന പരിശോധനകളും വഴിപാടുകളായി മാറുന്നു. ചെറുവത്തൂരില്‍ ഷവര്‍മ കഴിച്ച് വിദ്യാര്‍ഥിനി മരിച്ച പശ്ചാത്തലത്തില്‍ തുടങ്ങിയ ഭക്ഷ്യപരിശോധനയാണ് വഴിപാടുകളാകുന്നുവെന്ന വിമര്‍ശനത്തിന് വഴിവെച്ചിരിക്കുന്നത്. ആരോഗ്യ, ഭക്ഷ്യസുരക്ഷ വകുപ്പുകളുടെ പരിശോധന കാര്യക്ഷമമല്ലെന്നാണ് ആക്ഷേപം. ഏകോപനമില്ലായ്മയില്‍ നോക്കുകുത്തികളായി മാറുകയാണ് വകുപ്പുകള്‍.
പരിശോധനകള്‍ക്കിടയിലും വൃത്തിഹീനമായ സാഹചര്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കടകള്‍ക്കെതിരെ നടപടിയെടുക്കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ മടിക്കുകയാണ്. ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട പ്രസ്താവനകള്‍ക്കിടയിലും വകുപ്പുകളെ ഏകോപിപ്പിച്ച് പരിശോധന കാര്യക്ഷമമാക്കാന്‍ ആരോഗ്യമന്ത്രിക്കോ സര്‍ക്കാറിനോ സാധിച്ചിട്ടില്ല. ഭക്ഷണസാധനങ്ങള്‍ വിഷമായി മാറുമ്പോഴും വസ്തുത അന്വേഷിച്ച് കണ്ടെത്തേണ്ട ഭക്ഷ്യസുരക്ഷാ വകുപ്പ് നിസംഗതയിലാണ്.
നികത്താതെ ഒഴിവുകള്‍
ആവശ്യത്തിന് ജീവനക്കാരില്ലാതെയാണ് പല ജില്ലയിലും ഭക്ഷ്യസുരക്ഷ വകുപ്പിന്റെ പ്രവര്‍ത്തനം. ജീവനക്കാരുടെ കുറവ് സംബന്ധിച്ച് വകുപ്പ് മേധാവി നിരവധി തവണ കത്ത് നല്‍കിയിട്ടും സാമ്പത്തിക പ്രതിസന്ധിയെന്ന കാരണം പറഞ്ഞ് നിയമന നടപടികള്‍ക്ക് അനുമതി നല്‍കാന്‍ സര്‍ക്കാര്‍ തയാറായിട്ടില്ല. തദ്ദേശസ്ഥാപന ലൈസന്‍സോടെ പ്രവര്‍ത്തിക്കുന്ന 10 ലക്ഷത്തിലധികം ഭക്ഷ്യവിതരണ സ്ഥാപനങ്ങള്‍ സംസ്ഥാനത്തുണ്ടെന്നാണ് കണക്ക്. ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന അഞ്ച് ലക്ഷത്തിലധികം സ്ഥാപനങ്ങളുമുണ്ടെന്നാണ് വിവരം. എന്നാല്‍ ഇത്രയും സ്ഥാപനങ്ങളില്‍ പരിശോധന നടത്തി സാമ്പിള്‍ ശേഖരിക്കാന്‍ ഭക്ഷ്യസുരക്ഷാ വകുപ്പിലുള്ളത് 172 ജീവനക്കാര്‍ മാത്രമാണ്. ഇവരില്‍ വലിയൊരു വിഭാഗം ജീവനക്കാരെ ജില്ലാ കാര്യാലയങ്ങളില്‍ ക്ലറിക്കല്‍ ജോലിക്കാണ് നിയോഗിച്ചിരിക്കുന്നത്. വകുപ്പില്‍ സ്ഥാനകയറ്റം നല്‍കാത്തതിനാല്‍ വിരമിക്കുന്ന ഉയര്‍ന്ന തസ്തികകളിലെ ഒഴിവുകള്‍ നികത്തിയിട്ടുമില്ല.
നിര്‍ദേശം നല്‍കാന്‍ ജോ. കമ്മീഷണറില്ല
ഭക്ഷ്യസുരക്ഷാ വകുപ്പ് ജോയിന്റ് കമ്മീഷണറുടെ തസ്തിക ഒഴിഞ്ഞ് കിടക്കാന്‍ തുടങ്ങിയിട്ട് രണ്ട് വര്‍ഷമായി. വകുപ്പിനെ നിയന്ത്രിക്കേണ്ടതും പരിശോധനകള്‍ക്ക് നിര്‍ദേശം നല്‍കേണ്ടതും ജോയിന്റ് കമ്മീഷണറാണ്. മൂന്ന് ഡെപ്യൂട്ടി കമ്മീഷണര്‍മാരില്‍ ഒരാള്‍ അടുത്ത കാലത്താണ് വിരമിച്ചത്. പകരം ഒരാളെ നിയമിച്ചിട്ടുമില്ല. 39 ഫുഡ് സേഫ്റ്റി ഓഫീസര്‍മാരുടെ തസ്തികകളും ഒഴിഞ്ഞ് കിടക്കുകയാണ്. വിജിലന്‍സ് വിഭാഗവും എ.ജിയും നിരവധി തവണ ശ്രദ്ധയില്‍പെടുത്തിയിട്ടും അനുകൂല നടപടിയുണ്ടായിട്ടില്ല.
ഏകോപനമില്ലാതെ പരിശോധനകള്‍
ജീവനക്കാര്‍ക്കിടയിലെ ചേരിപ്പോരും പരിശോധനക്ക് തടസമാകുന്നുവെന്നാണ് മറ്റൊരു ആക്ഷേപം. എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗമാണ് പരിശോധനക്ക് പോകേണ്ടത്. ഇവര്‍ക്കൊപ്പം അറ്റന്റര്‍മാര്‍ മാത്രമാണ് കൂടെപോകുക. ഇതാണ് ജീവനക്കാരുടെ ചേരിപ്പോരിനിടയാക്കുന്നത്. വാഹനമില്ലെങ്കില്‍ പരിശോധനക്ക് പോകില്ലെന്ന നിലപാടാണ് ഫുഡ് ഇന്‍സ്‌പെക്ടര്‍മാര്‍ക്ക്. വാഹനമില്ലെങ്കില്‍ സ്വന്തം വാഹനത്തിലോ വാടക വാഹനത്തിലോ പരിശോധനക്ക് പോകണം. ഒരു ഓഫീസര്‍ ഒരു മണ്ഡലത്തില്‍ ഒരു മാസം മൂന്ന് സാമ്പിള്‍ പരിശോധനക്ക് എടുക്കണമെന്നാണ് ചട്ടം. മറ്റ് ദിവസങ്ങളില്‍ വ്യത്യസ്ത സ്ഥാപനങ്ങളില്‍ പരിശോധന നടത്തണം. എന്നാല്‍ വിഷബാധ റിപ്പോര്‍ട്ട് ചെയ്ത സ്ഥലത്ത് മാത്രമാണ് പരിശോധന നടത്താറ്. ദുരന്തഭീതിയില്‍ വിവാദങ്ങള്‍ ഒഴിയുമ്പോള്‍ പരിശോധന നിലക്കും. പുതുതായി ആരംഭിക്കുന്ന സ്ഥാപനങ്ങളുടെ ലൈസന്‍സും ചുറ്റുപാടും പരിശോധിക്കണമെന്നിരിക്കെ പരിശോധന നടത്താന്‍ എന്തെങ്കിലും ദുരന്തം കാത്തിരിക്കുകയാണ് അധികൃതര്‍.