കൊച്ചി: പുനര്‍വിവാഹത്തിന് പത്രങ്ങളില്‍ പരസ്യം നല്‍കി സംസ്ഥാനത്തുടനീളം തട്ടിപ്പ് നടത്തുന്നയാള്‍ പിടിയില്‍. മാനന്തവാടി കല്ലോടിയില്‍ താമസക്കാരനായ പയ്യന്നൂര്‍ സ്വദേശി ബിജു ആന്റണിയെയാണ് (38) എറണാകുളം നോര്‍ത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. പുനര്‍വിവാഹത്തിന് പത്രത്തില്‍ പരസ്യം നല്‍കിയ ശേഷം വിവാഹാലോചന വരുന്ന പെണ്‍കുട്ടികളുമായി അടുപ്പം സ്ഥാപിച്ച് ഇവരുടെ പണവും സ്വര്‍ണവുമായി മുങ്ങുകയാണ് ഇയാളുടെ രീതിയെന്ന് പൊലീസ് പറഞ്ഞു. മലപ്പുറം സ്വദേശിനിയായ യുവതിയുമായി ഇത്തരത്തില്‍ അടുപ്പത്തിലായ ഇയാള്‍ കഴിഞ്ഞ മാസം എറണാകുളം വടുതലയില്‍ വാടകക്ക് വീടെടുത്ത് താമസം തുടങ്ങുകയും പിന്നീട് യുവതിയുടെ പണവും സ്വര്‍ണവുമായി കടന്നു കളയുകയും ചെയ്തിരുന്നു. യുവതി നല്‍കിയ പരാതിയിലാണ് ഇയാള്‍ അറസ്റ്റിലായത്. ഒരു പ്രാവശ്യം അടുപ്പത്തിലാവുന്ന യുവതികളുടെ പേരില്‍ എടുത്ത സിം കാര്‍ഡാണ് ഇയാള്‍ പിന്നീട് പരസ്യം നല്‍കാനും അടുത്ത ഇരയെ വിളിക്കാനും ഉപയോഗിച്ചിരുന്നത്. അതിനാല്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ നിരവധി അന്വേഷണങ്ങള്‍ നടത്തിയെങ്കിലും ഇയാളെ കുറിച്ച് കാര്യമായ വിവരം പൊലീസിന് ലഭിച്ചിരുന്നില്ല. വയനാടിലും ഗുണ്ടല്‍പേട്ടിലും മാറി മാറി താമസിച്ചിരുന്ന പ്രതിയെ കല്‍പ്പറ്റ പൊലീസിന്റെ സഹായത്തോടെയാണ് ചൊവ്വാഴ്ച്ച പുലര്‍ച്ചെ പിടികൂടിയത്. ഇയാളെ അറസ്റ്റ് ചെയ്ത് എറണാകുളത്തേക്ക് കൊണ്ടു വരുമ്പോഴും കഴിഞ്ഞ ദിവസം ഇയാള്‍ നല്‍കിയ വിവാഹ പരസ്യം കണ്ട് നിരവധി പേര്‍ വിളിക്കുന്നുണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
പരാതിക്കാരിയായ യുവതിയുമായി എറണാകുളത്ത് താമസിക്കുമ്പോള്‍ തന്നെ ഇയാള്‍ കോട്ടയം സ്വദേശിനിയും അംഗപരിമിതയുമായ യുവതിയുമായി വിവാഹം ഉറപ്പിച്ചശേഷം 45,000 രൂപ കൈക്കലാക്കിയിരുന്നു. ഇതിന് പുറമെ ഒരു വൈക്കം സ്വദേശിനിയുമായും അടുപ്പം സ്ഥാപിച്ചു വരികയായിരുന്നു. ഇത്തരത്തില്‍ തട്ടിപ്പ് നടത്തിയതിന് 2008 മുതല്‍ കാസര്‍ക്കോട് കുമ്പള, കണ്ണൂര്‍ ചൊക്ലി, കോഴിക്കോട് നടക്കാവ് സ്‌റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ കേസുണ്ട്. മലപ്പുറം സ്വദേശിനിയോട് റഫീഖ് എന്നും വൈക്കം സ്വദേശിനിയോട് ജീവന്‍ എന്നും മറ്റുള്ളവരോട് ബിജു എന്നുമാണ് ഇയാള്‍ പേര് പറഞ്ഞിരുന്നത്. ഫേസ്ബുക്കില്‍ നിന്നും ഇയാളുമായി സാമ്യമുള്ളവരുടെ ഫോട്ടോ എടുത്താണ് വാട്‌സ്ആപ്പ് ഡി.പി ആയി ഉപയോഗിച്ചിരുന്നത്. ഇത്തരത്തില്‍ അമ്പതോളം യുവതികളെ ഇയാള്‍ കെണിയില്‍ പെടുത്തിയിട്ടുണ്ടെന്നാണ് പൊലീസിന് ലഭിച്ച വിവരം. 25 വയസ് മുതല്‍ 60 വയസ് വരെയുള്ളവര്‍ ഇതില്‍ പെടും. തട്ടിപ്പ് നടത്തി കിട്ടുന്ന പണം മുഴുവന്‍ ഇയാള്‍ ആഢംബര ജീവിതം നയിക്കുന്നതിനാണ് ഉപയോഗിച്ചിരുന്നതെന്നും പൊലീസ് പറഞ്ഞു. എറണാകുളം നോര്‍ത്ത് എസ്.ഐ വിബിന്‍ദാസ്, എ.എസ്.ഐ ശ്രീകുമാര്‍, എസ്.സി.പി.ഒ വിനോദ് കൃഷ്ണ, സി.പി.ഒമാരായ അജിലേഷ്, റെക്‌സിന്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കൂടുതല്‍ അന്വേഷണത്തിനായി കസ്റ്റഡിയില്‍ വാങ്ങും.