2018ല്‍ പിണറായി സര്‍ക്കാര്‍ പ്രഖ്യാപിച്ച കേരള ചിക്കന്‍ പദ്ധതിയില്‍ ചതിക്കപ്പെട്ട് കര്‍ഷകര്‍. പദ്ധതിയുടെ ഭാഗമായി ബ്രഹ്മഗിരി ഡവലപ്‌മെന്റ് സൊസൈറ്റിക്കു കീഴില്‍ കോഴി വളര്‍ത്തലില്‍ ഏര്‍പ്പെട്ട മലബാറിലെ കര്‍ഷകര്‍ക്ക് കിട്ടാനുള്ളത് മൂന്നര കോടിയിലധികം രൂപ. വിത്തുധനം, പരിപാലനച്ചെലവ് ഇനങ്ങളിലാണ് ഇത്രയും തുക കര്‍ഷകര്‍ക്ക് ബ്രഹ്മഗിരി സൊസൈറ്റിയില്‍ നിന്ന് ലഭിക്കാനുള്ളത്. ജനുവരി 23ന് നടത്തിയ സമരത്തിന്റെ ഭാഗമായി മാര്‍ച്ച് അവസാനത്തോടെ എല്ലാവര്‍ക്കും പണം ലഭ്യമാക്കുമെന്നാണ് സൊസൈറ്റി അധികൃതര്‍ അറിയിച്ചിരുന്നെങ്കിലും ഏപ്രില്‍ അവസാനിക്കാറായിട്ടും ഒരാള്‍ക്കുപോലും തുക ലഭിച്ചില്ല. ധനകാര്യ സ്ഥാപനങ്ങളില്‍നിന്നും മറ്റും വായ്പ വാങ്ങി വിത്തുധനം നല്‍കുകയും പരിപാലനച്ചെലവ് വഹിക്കുകയും ചെയ്ത കര്‍ഷകര്‍ ഇപ്പോള്‍ കടക്കെണിയിലാണ്. പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ കര്‍ഷകര്‍ക്കാണ് തുക ലഭിക്കാനുള്ളത്. സംസ്ഥാനത്ത് ഉപഭോഗത്തിനു ആവശ്യമായ കോഴി മാംസം ഇവിടെത്തന്നെ ഉത്പാദിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ 2018 ഡിസംബര്‍ 30ന് മുഖ്യമന്ത്രി പിണറായി വിജയനാണ് കേരള ചിക്കന്‍ പദ്ധതി മലപ്പുറത്ത് ഉദ്ഘാടനം ചെയ്തത്.
ബ്രഹ്മഗിരി ഡെവലപ്‌മെന്റ് സൊസൈറ്റി, കേരള പൗള്‍ട്രി മിഷന്‍, കെപ്‌കോ, കുടുംബശ്രീ എന്നിവയെയാണ് പദ്ധതി നിര്‍വഹണത്തിനു ചുമതലപ്പെടുത്തിയത്. അംഗങ്ങളാകുന്ന കര്‍ഷകര്‍ക്ക് കോഴിക്കുഞ്ഞ്, തീറ്റ, മരുന്ന് എന്നിവ ബ്രഹ്മഗിരി നല്‍കുകയും 40 ദിവസം വളര്‍ച്ചയെത്തുന്ന മുറയ്ക്ക് കോഴികളെ തിരികെ വാങ്ങി പരിപാലനചെലവായി കിലോഗ്രാമിനു എട്ടു മുതല്‍ 11 വരെ രൂപ ലഭ്യമാക്കുകയും ചെയ്യുന്ന വിധത്തിലായിരുന്നു പദ്ധതി ക്രമീകരണം. കോഴിക്കുഞ്ഞുങ്ങളെ വളര്‍ത്താനുള്ള ഷെഡ്, വൈദ്യുതി, വെള്ളം മുതലായവ കര്‍ഷകരുടെ ഉത്തരവാദിത്തമാണ്. കോഴിക്കുഞ്ഞ് ഒന്നിന് 130 രൂപയാണ് വിത്തുധനമായി ബ്രഹ്മഗിരി സൊസൈറ്റി കര്‍ഷകരില്‍നിന്നു വാങ്ങിയത്. ഒരേ സമയം 15,000 വരെ കോഴിക്കുഞ്ഞുങ്ങളെ വളര്‍ത്തിയ കര്‍ഷകര്‍ ലക്ഷക്കണക്കിനു രൂപയാണ് വിത്തുധനമായി സൊസൈറ്റിക്കു നല്‍കിയത്.
പദ്ധതിയില്‍നിന്നു പിന്‍മാറുന്ന പക്ഷം ഒരു മാസത്തിനകം തിരികെ ലഭ്യമാക്കുമെന്ന വ്യവസ്ഥയിലായിരുന്നു ഇത്. ഏജന്‍സികളില്‍ ബ്രഹ്മഗിരി സൊസൈറ്റി മാത്രമാണ് കര്‍ഷകരില്‍നിന്നു വിത്തുധനം വാങ്ങിയത്. തമിഴ്‌നാട്ടിലെ പൊള്ളാച്ചിയില്‍ സ്വന്തം ഉടമസ്ഥതയിലുള്ള സ്ഥാപനത്തില്‍ വിരിയിക്കുന്ന കോഴിക്കുഞ്ഞുങ്ങളെയാണ് സൊസൈറ്റി കര്‍ഷകര്‍ക്കു എത്തിച്ചിരുന്നത്. കുറച്ചുകാലം നല്ലനിലയിലായിരുന്ന പദ്ധതി പിന്നീട് താളം തെറ്റി. കോഴിക്കുഞ്ഞും തീറ്റയും മരുന്നും മറ്റും കര്‍ഷകര്‍ക്ക് യഥാസമയം കിട്ടാതായി. പരിപാലനച്ചെലവ് സമയബന്ധിതമായി നല്‍കുന്നതില്‍ വീഴ്ചയുണ്ടായി.
ഈ സാഹചര്യത്തില്‍ പദ്ധതിയില്‍നിന്നു പിന്‍വാങ്ങിയ കര്‍ഷകര്‍ക്ക് നേരത്തേ വ്യവസ്ഥ ചെയ്തതുപ്രകാരം വിത്തുധനം തിരികെ നല്‍കാനും സൊസൈറ്റിക്കു കഴിഞ്ഞില്ല. ഈ സാഹചര്യത്തിലാണ് കര്‍ഷകര്‍ സംഘടിച്ച് ജനുവരിയില്‍ സമരം സംഘടിപ്പിച്ചതെന്ന് കര്‍ഷക ഫെഡറേഷന്‍ പ്രതിനിധികള്‍ പറഞ്ഞു.