X

ചവറ കോളേജിലെ സര്‍ക്കാര്‍ പദ്ധതി എസ്.എഫ്.ഐ റാഞ്ചുന്നു

അരുൺ ചാമ്പക്കടവ്

കൊല്ലം: സംസ്ഥാന സർക്കാർ പച്ചക്കറി കൃഷി വികസന പദ്ധതിയുടെ ഭാഗമായി ചവറ ഗവ:കോളേജിൽ നടപ്പിലാക്കിയ പരിപാടി എസ്എഫ്ഐ ഹൈജാക്ക് ചെയ്തതായി പരാതി.കോളേജ് പ്രിൻസിപ്പൽ നൽകിയ അപേക്ഷ പ്രകാരം ചവറ കൃഷിഭവനാണ് 75000 രുപ ആധുനിക കൃഷിക്കായി ചവറ ബേബി ജോൺ മെമ്മോറിയൽ ഗവ കോളേജിന് അനുവദിച്ച് നൽകിയത്.

സർക്കാർ ഓഫീസുകൾ ,സ്ക്കുളുകൾ, കോളേജുകൾ എന്നിവിടങ്ങളിൽ ഭൂമി ഒഴിഞ്ഞ് കിടന്നാൽ അവിടെ കൃഷി നടത്തുന്നതിനായാണ് കൃഷിഭവൻ വഴി സർക്കാർ അപേക്ഷ ക്ഷണിച്ചത്.ഇത്തരത്തിൽ തുക ലഭിക്കാൻ അർഹത ലഭിക്കുന്ന സ്ക്കൂളുകളും കോളേജുകളും കേന്ദ്രികരിച്ച് അധ്യാപകരുടെ നേത്യത്വത്തിൽ എല്ലാ വിഭാഗത്തിൽ പെടുന്ന കുട്ടികളെയും ഉൾപെടുത്തി ഹരിത ക്ലബ് രൂപികരിക്കുകയും അവർ കൃഷിക്ക് മേൽനോട്ടം വഹിക്കണമെന്നുമാണ് ചട്ടം.

എന്നാൽ ചവറ കോളേജിൽ കൃഷി തുടങ്ങിയത് തന്നെ എസ്എഫ് ഐ യുടെ മാത്രം പരിപാടിയെന്ന പ്രചാരണമാണ് അവർ നടത്തിയത്. വിളവെടുപ്പ് ഉൽസവം ഉദ്ഘാടനം നിർവഹിച്ചത് മുൻ രാജ്യാ സഭ എംപിയും സിപിഎം കൊല്ലം ജില്ലാസെക്രട്ടറിയുമായ കെഎൻ.ബാലഗോപാലാണ്. ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ചിന്താ ജെറോം,സിപിഎം ചവറ ഏരിയാ സെക്രട്ടറി റ്റി മനോഹരൻ,സിപിഎം നേതാക്കളായ കെഎ.നിയാസ്, വിക്രമ കുറുപ്പ് ,എസ്എഫ്ഐ സംസ്ഥാന വൈസ് പ്രസിഡന്റ് ശ്യാം മോഹൻ എന്നിവരാണ് പരിപാടിയിൽ പങ്കെടുത്തത്.

മണ്ഡലത്തിലെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെയുള്ള ഉദ്യേഗസ്ഥരും ജനപ്രതിനിധികളും ജില്ലാ സെക്രട്ടറിയോട് പരാതി പറഞ്ഞു. എസ്എഫ്ഐ നേതാക്കളെ താക്കീത് ചെയ്താണ് അദ്ദേഹം മടങ്ങിയത്.ചവറയിലെ എസ്എഫ്ഐ നേതൃത്വം സിപിഎമ്മിന് കഴിഞ്ഞ കുറേ നാളുകളായി തലവേദനയായി മാറുകയാണ്. ചവറയിൽ എ.എസ് ഐയെ മർദ്ധിച്ച കേസിലും, പെൺകുട്ടിയെ റാഗ് ചെയ്ത കേസിലും കോളേജിലെ എസ്എഫ്ഐ നേതൃത്വം സിപിഎമ്മിനെ വെട്ടിലാക്കിയിരുന്നു.

chandrika: