X
    Categories: MoreViews

ഛത്തീസ്ഗഡ് മുഖ്യമന്ത്രി; പ്രഖ്യാപനം ഇന്ന്

 

ന്യൂഡല്‍ഹി: ഛത്തീസ്ഗഡിലെ പുതിയ മുഖ്യമന്ത്രി ആരാകണമെന്ന കാര്യത്തില്‍ കോണ്‍ഗ്രസ് നേതൃതലത്തില്‍ തീരുമാനമായതായി വിവരം. തുഗ്ലക് ലൈനിലെ വസതിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സംസ്ഥാനത്തുനിന്നുള്ള മുതിര്‍ന്ന നേതാക്കളുമായി നടത്തിയ മൂന്നാംഘട്ട ചര്‍ച്ചയിലാണ് തീരുമാനമായത്. അതേസമയം മുഖ്യമന്ത്രിയെ ഇന്ന് കാലത്ത് മാത്രമേ പ്രഖ്യാപിക്കൂ. ഇന്ന് വൈകീട്ട് കോണ്‍ഗ്രസ് നിയമസഭാ കക്ഷി യോഗം ചേരുന്നുണ്ട്. ഇതിനു മുന്നോടിയായി മുഖ്യമന്ത്രിയെ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് വിവരം.
മുതിര്‍ന്ന നേതാക്കളായ താമ്രധ്വജ് സാഹു, ഭൂപേഷ് ഭാഗല്‍, ഛരണ്‍ ദാസ് മഹന്ദ് എന്നിവരുമായാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ ഇന്നലെ ചര്‍ച്ച നടത്തിയത്. യു.പി.എ അധ്യക്ഷ സോണിയാഗാന്ധി, പ്രിയങ്കാ ഗാന്ധി, കോണ്‍ഗ്രസ് നിരീക്ഷകന്‍ മല്ലികാര്‍ജ്ജുന ഖാര്‍ഗെ, സംസ്ഥാനത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പി.എല്‍ പുനിയ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു. ചര്‍ച്ചക്കു ശേഷം മൂന്ന് നേതാക്കള്‍ക്കുമൊപ്പം നില്‍ക്കുന്ന ഫോട്ടോ രാഹുല്‍ ട്വിറ്ററില്‍ പോസ്റ്റു ചെയ്തു.മധ്യപ്രദേശിലെയും രാജസ്ഥാനിലെയും മുഖ്യമന്ത്രിമാരെക്കുറിച്ചുള്ള ചര്‍ച്ചകള്‍ പൂര്‍ത്തിയായത് സൂചിപ്പിച്ച് രാഹുല്‍ സമാനമായ രീതിയില്‍ ട്വിറ്ററില്‍ ഫോട്ടോ പോസ്റ്റ് ചെയ്തിരുന്നു. രാഹുലിന്റെ ട്വീറ്റിനു പിന്നാലെയാണ് ഇരു സംസ്ഥാനങ്ങളിലേയും കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരെ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഇതാണ്, രാഹുലിന്റെ ട്വീറ്റോടെ ഛത്തീസ്ഗഡിലെ മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള ചര്‍ച്ചയും പൂര്‍ത്തിയായെന്ന സൂചന ലഭിച്ചത്.
ഇതോടെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഭൂരിപക്ഷം നേടിയ മൂന്ന് സംസ്ഥാനങ്ങളിലും പുതിയ സര്‍ക്കാറുകളുടെ അധികാരാരോഹണത്തിന് കളമൊരുങ്ങി.

chandrika: