X

ഐഎസ്എല്‍ ടീമുമായി ആദ്യ അങ്കം; മലയോര ആവേശമാകാന്‍ സോക്കറിലെ കുട്ടിത്താരങ്ങള്‍

കണ്ണൂര്‍: വോളിയുടെ ആരവങ്ങള്‍ക്കൊപ്പം ഫുട്‌ബോളിലും തിളങ്ങും ഇനി മലയോരത്തെ കുട്ടികള്‍. കളിയടവില്‍ തന്ത്രങ്ങള്‍ മെനഞ്ഞ് കളത്തിലേക്കിറങ്ങുകയായി സാക്ഷാല്‍ മറഡോണ കളിച്ച ക്ലബ്ബിന്റെ ജൂനിയേഴ്‌സിനൊപ്പം ഏറ്റുമുട്ടാന്‍. കേളകം ലിറ്റില്‍ ഫ്‌ളവര്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ കുട്ടികളാണ് മികച്ച പരിശീലനത്തിനൊടുവില്‍ ഇന്ത്യയിലെ പ്രമുഖ ഐഎസ്എല്‍ ക്ലബ്ബായ ബെംഗ്ലുരു എഫ്‌സിയുടെ അണ്ടര്‍-15, അര്‍ജന്റീന ബൊക്കാ ജൂനിയേഴ്‌സ് ഫുട്‌ബോള്‍ ടീമുകളുമായി സൗഹൃദ മത്സരത്തിനൊരുങ്ങുന്നത്.

ശാരീരികവും മാനസികവുമായ ഉല്ലാസത്തിലൂടെ ശാസ്ത്രീയ പരിശീലനത്തിന്റെ കരുത്തിലാണ് മത്സര അരങ്ങേറ്റം.
കുട്ടികളുടെ കഴിവുകള്‍ മനസിലാക്കി സ്‌കൂള്‍ മുഖേന ലഭിച്ച പരിശീലനത്തിനൊടുവിലാണ് ഒരു പ്രൊഫഷണല്‍ ക്ലബ്ബിന് കീഴിലെ ജൂനിയര്‍ ടീമുമായി ഏറ്റുമുട്ടാനൊരുങ്ങുന്നത്. ഫുട്‌ബോളിലൂടെ മലയോരത്തിന് പുതുആവേശമാകാന്‍ തിരഞ്ഞെടുത്ത 15 വയസുകാരായ കുട്ടികള്‍ അടങ്ങുന്നതാണ് ലിറ്റില്‍ ഫ്‌ളവര്‍ സ്‌കൂള്‍ ടീം. ഫസ്റ്റ് ടച്ച് ഫുട്‌ബോള്‍ സ്‌കൂള്‍ അക്കാഡമിക്ക് കീഴില്‍ ഈവര്‍ഷം മാര്‍ച്ച് മുതലാണ് കുട്ടികള്‍ പരിശീലനം നേടിയത്.

കുട്ടികളുടെ കായികക്ഷമത മനസിലാക്കി മാനസികാരോഗ്യത്തിനും പ്രാധാന്യം നല്‍കിയായിരുന്നു പരിശീലനം. മത്സര രംഗത്ത് ആത്മവിശ്വാസം നല്‍കുകയെന്ന ലക്ഷ്യത്തോടെയാണ് രാജ്യത്തെ പ്രമുഖ ഐഎസ്എല്‍ ടീം ബംഗ്ലുരു എഫ്‌സി അണ്ടര്‍-15 ടീമുമായി പോരാട്ടത്തിന് സജ്ജരാക്കിയത്. മുന്‍ ഐ ലീഗ് ഗോള്‍കീപ്പര്‍ സിയാസിനും എ.കെ രൂപക്കിനും കീഴിലാണ് പരിശീലനം. കുട്ടികളുടെ ടീമിന് പ്രോത്സാഹനവുമായി സിസ്റ്റര്‍ അഭിഷിക്ത, പിടിഎ പ്രസിഡന്റ് ബിന്റോ സി കറുകയില്‍, കായികാധ്യാപിക ഷിഫ്‌ന സി ചെറിയാന്‍ എന്നിവരും രംഗത്തുണ്ട്.

webdesk11: