X
    Categories: Newsworld

ചാള്‍സ് വിവാദങ്ങളുടെ തോഴന്‍; രാജ്ഞിയുടെ ജനപിന്തുണയില്ലാത്ത മകന്‍

ലണ്ടന്‍: കഴിഞ്ഞ ദിവസം അന്തരിച്ച എലിസബത്ത് രാജ്ഞിയുടേതുപോലെ പൊതുസമൂഹത്തില്‍ അത്ര മതിപ്പുള്ള വ്യക്തിത്വമല്ല മകനും പുതിയ ഭരണാധികാരിയുമായ ചാള്‍സിന്റേത്. ഡയാനയുമായുള്ള വിവാഹ ബന്ധത്തിലുണ്ടായിരുന്ന അസ്വാരസ്യങ്ങളും ബ്ലാക് സ്‌പൈഡര്‍ സീരീസ് വിവാദവും രാഷ്ട്രീയത്തില്‍ അനാവശ്യമായി ഇടപെടല്‍ നടത്തിയതുമൊക്കെയായി എന്നും വിവാദങ്ങളുടെ തോഴനാണ് ബ്രിട്ടന്റെ പുതിയ രാജാവായ ചാള്‍സ് മൂന്നാമന്‍.

എലിസബത്ത് രാജ്ഞിയുടെ രണ്ടാമത്തെ മകനെ സംബന്ധിച്ച് പുതിയ ചുമതലയേറ്റെടുക്കുമ്പോഴുള്ള ഏറ്റവും വലിയ വെല്ലുവിളിയും തന്റെ ഭൂതകാലവും വിവാദങ്ങളും തന്നെയായിരിക്കും. ഡയാന രാജകുമാരിയുമായുള്ള വിവാഹബന്ധം വേര്‍പ്പെടുത്തിയതാണ് പൊതു സമൂഹത്തില്‍ നിന്നുള്ള ഏറ്റവും കൂടുതല്‍ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയത്. തന്റെ വിവാഹജീവിതത്തില്‍ മൂന്ന് പേരുണ്ടായിരുന്നുവെന്നാണ് പിന്നീട് നല്‍കിയ ഒരു അഭിമുഖത്തില്‍ ഡയാന വെളിപ്പെടുത്തിയത്. ഇത് ചാള്‍സുമായി വിവാഹേതര ബന്ധം നിലനിര്‍ത്തിയിരുന്ന കാമിലയെ ഉദ്ദേശിച്ചായിരുന്നു. പിന്നീട് 2005ല്‍ തന്നെക്കാള്‍ രണ്ട് വയസ് മുതിര്‍ന്ന കാമിലയെ ചാള്‍സ് ജീവിതപങ്കാളിയാക്കുകയും ചെയ്തു. വിവാഹജീവിതം അവസാനിപ്പിക്കാനുള്ള കാരണം പോലും കാമിലയും ചാള്‍സും തമ്മിലുണ്ടായിരുന്ന ബന്ധമാണെന്ന വെളിപ്പെടുത്തലുകളുണ്ടായി. ഡയാന നടത്തിയ ഈ വെളിപ്പെടുത്തലുകള്‍ ഭാവിയില്‍ ബ്രിട്ടന്റെ രാജസിംഹാസനത്തിലിരിക്കാനുള്ള ചാള്‍സിന്റെ യോഗ്യതയെ പോലും ചോദ്യം ചെയ്യുന്നതായിരുന്നു.

രാഷ്ട്രീയത്തില്‍ അനാവശ്യമായി ഇടപെടുകയും സമ്മര്‍ദം ചെലുത്തുകയും ചെയെതുവെന്നതാണ് ചാള്‍സ് നേരിട്ട മറ്റൊരു ആരോപണം. ആരോഗ്യ മേഖലയില്‍ മുതല്‍ പരിസ്ഥിതി സംബന്ധമായ വിഷയങ്ങളില്‍ വരെ ചാള്‍സ് അനാവശ്യ രാഷ്ട്രീയ സമ്മര്‍ദം ചെലുത്തിയെന്നാണ് ആരോപണം. സര്‍ക്കാര്‍ തലത്തില്‍ മന്ത്രിമാരുമായി ചാള്‍സ് നടത്തിയ സംഭാഷണങ്ങളും എഴുത്തുകളുമാണ് ബ്ലാക്ക് സ്‌പൈഡര്‍ എന്ന പേരില്‍ അറിയപ്പെടുന്നത്. ബ്ലാക് സ്‌പൈഡര്‍ വിവാദം പുകഞ്ഞുനില്‍ക്കുമ്പോള്‍ തന്നെ രാജാവാകാനുള്ള ചാള്‍സിന്റെ യോഗ്യതയ്ക്ക് മേല്‍ ചോദ്യങ്ങള്‍ ഉയര്‍ന്നിരുന്നു. ആദരവുകളും പുരസ്‌കാരങ്ങളും സമ്മാനിക്കുന്നതിന് പ്രത്യുപകാരമായി പണം വാങ്ങിയെന്നതാണ് ചാള്‍സ് നേരിടുന്ന മറ്റൊരു ആരോപണം. ചാള്‍സിന് താത്പര്യമുള്ള ചില പദ്ധതികളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ബിസിനസുകാര്‍ക്കും ശതകോടീശ്വരന്‍മാര്‍ക്കും രാജകുടുംബത്തിന്റെ വലിയ ആദരവുകളും യുകെ പൗരത്വം പോലും വാഗ്ദാനം ചെയ്യപ്പെട്ടുവെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ഇത്തരം ആരോപണങ്ങളെയെല്ലാം നിഷേധിക്കുകയാണ് ചാള്‍സ് ചെയ്തത്.

Test User: